World

യുഎസ്: സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് ട്രംപ്

വാഷിങ്ടണ്‍: റിയല്‍ എസ്റ്റേറ്റ് വ്യവസായി ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാവും. പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ചൊവ്വാഴ്ച നടന്ന ഇന്ത്യാന സംസ്ഥാനത്തെ പ്രൈമറിയിലും ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതോടെ പാര്‍ട്ടിയിലെ മുഖ്യ എതിരാളി ടെഡ് ക്രൂസ് മല്‍സരരംഗത്തു നിന്നു പിന്‍മാറി.
പ്രൈമറിയില്‍ ഇന്ത്യാനയിലെ 57 പ്രതിനിധികളില്‍ 51 പേര്‍ ട്രംപിന് അനുകൂലമായി വോട്ടു ചെയ്തു. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നുറപ്പുണ്ടെന്ന് തുടര്‍ച്ചയായി ഏഴാമത്തെ സംസ്ഥാന പ്രൈമറിയിലും മുന്നിലെത്തിയ ശേഷം ന്യൂയോര്‍ക്കില്‍ അണികളെ അഭിസംബോധന ചെയ്തു സംസാരിക്കവേ ട്രംപ് പറഞ്ഞു. ഇന്ത്യാനയിലെ വിജയത്തോടു കൂടെ 1047 പ്രതിനിധികളുടെ പിന്തുണ ട്രംപിനു ലഭിച്ചതായി അസോഷ്യേറ്റഡ് പ്രസ് റിപോര്‍ട്ട് ചെയ്തു.
ആകെ 1237 പേരുടെ പിന്തുണയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി വേണ്ടത്. തൊട്ടുപിറകിലുണ്ടായിരുന്ന ടെഡ് ക്രൂസിനു 565 പ്രതിനിധികളുടെ പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. ട്രംപിനെതിരേ നിലവിലുള്ള റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ജോണ്‍ കാഷിച്ചിന് 153 പ്രതിനിധികളുടെ പിന്തുണ മാത്രമാണുള്ളത്.
പാര്‍ട്ടിക്കകത്തുനിന്നുള്ള എതിര്‍പ്പുകളെ നിശ്ശബ്ദമാക്കുന്നതാവും ട്രംപിനു തൊട്ടുമുന്നിലുള്ള വെല്ലുവിളി. ട്രംപിന്റെ പരുഷമായ പെരുമാറ്റരീതികള്‍, കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ തുടങ്ങിയവയുടെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ ട്രംപിനെതിരേ വ്യാപകമായ എതിര്‍പ്പുയര്‍ന്നിരുന്നു.
അതേസമയം, ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലരി ക്ലിന്റനും മുഖ്യ എതിരാളി ബെര്‍ണി സാന്‍ഡേഴ്‌സും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. ഇന്ത്യാനയില്‍ ബെര്‍ണി സാന്‍ഡേഴ്‌സിന്റെ വിജയം ഹിലരിക്ക് തിരിച്ചടിയായിട്ടുണ്ട്.
Next Story

RELATED STORIES

Share it