യുഎസ് ലോക പോലിസാവാന്‍  ശ്രമിക്കേണ്ടതില്ല: ഒബാമ

വാഷിങ്ടണ്‍: ലോകത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ യുഎസ് ശ്രമിക്കേണ്ടതുണ്ടെന്നും എന്നാല്‍, ലോക പോലിസാവാന്‍ ശ്രമിക്കേണ്ടതില്ലെന്നും പ്രസിഡന്റ് ബറാക് ഒബാമ. ലോകത്തെ ഏറ്റവും ശക്തമായ രാജ്യം അമേരിക്ക തന്നെയാണെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ ഒബാമ പ്രസ്താവിച്ചു. യുഎസിന്റെ സാമ്പത്തിക ഭാവിയെ കുറിച്ച് ആശങ്കയില്ല. ശക്തവും ഈടുനില്‍ക്കുന്നതുമായ സമ്പദ്‌വ്യവസ്ഥയാണ് രാജ്യത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.
സ്‌റ്റേറ്റ് ഓഫ് യൂനിയന്‍ വിടവാങ്ങല്‍ പ്രസംഗത്തില്‍ തന്റെ ഭരണപരിഷ്‌കരണ ശ്രമത്തെ ഒബാമ ന്യായീകരിച്ചു. ജനുവരിയില്‍ യുഎസ് പ്രസിഡന്റ് കോണ്‍ഗ്രസ്സില്‍ നടത്താറുള്ള നയപ്രഖ്യാപന പ്രസംഗമാണ് സ്‌റ്റേറ്റ് ഓഫ് ദ യൂനിയന്‍ സ്പീച്ച്. അടുത്ത വര്‍ഷത്തെ കാര്യങ്ങളെ കുറിച്ചല്ല മറിച്ച്, യുഎസിന്റെ ഭാവിയെക്കുറിച്ചാണ് തനിക്കു പറയാനുള്ളതെന്ന് വ്യക്തമാക്കിയാണ് ഒബാമ വിടവാങ്ങല്‍ പ്രസംഗം തുടങ്ങിയത്.
യുഎസ് സമ്പദ്‌വ്യവസ്ഥ നാശത്തിലാണെന്ന ആരോപണം കെട്ടുകഥ മാത്രമാണ്. അമേരിക്കന്‍ പൗരന്‍മാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന. ഐഎസിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതില്‍ ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഐഎസിനെതിരായ പോരാട്ടം മൂന്നാം ലോക—യുദ്ധമല്ല. അവരെ ഇല്ലാതാക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം വിദ്വേഷ പ്രചാരണവുമായി മുന്നോട്ടു പോവുന്ന റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ ഒബാമ നിശിതമായി വിമര്‍ശിച്ചു. മത, വംശീയ സ്പര്‍ധ സൃഷ്ടിക്കുന്ന രാഷ്ട്രീയത്തെ തിരസ്‌കരിക്കണം. ഒബാമ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it