യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയം സൂപ്പര്‍ ചൊവ്വയില്‍ ഹിലരിക്കും ട്രംപിനും ജയം

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയ തിരഞ്ഞെടുപ്പിലെ ഏറെ നിര്‍ണായകമായ 'സൂപ്പര്‍ ചൊവ്വ'യില്‍ ഡൊണാള്‍ഡ് ട്രംപിനും ഹിലരി ക്ലിന്റനും ജയം. സൂപ്പര്‍ ചൊവ്വാ ഫലം പുറത്തുവന്നതോടെ ഡെമോക്രാറ്റിക്, റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ചിത്രം ഏറക്കുറേ വ്യക്തമായി.
11 സംസ്ഥാനങ്ങളിലായി നടന്ന സൂപ്പര്‍ ചൊവ്വ പ്രൈമറിയില്‍ റിപബ്ലിക്കന്‍ ചേരിയില്‍ ആറിടത്താണ് ട്രംപ് ജയിച്ചുകയറിയത്. അലബാമ, ജോര്‍ജിയ, മാസച്ചുസിറ്റ്‌സ്, ടെന്നസി, വിര്‍ജിനിയ, അര്‍ക്കന്‍സാസ് എന്നിവിടങ്ങളിലാണ് ട്രംപ് വിജയിച്ചത്. ടെക്‌സസും ഒക്‌ലഹോമയും ടെഡ് ക്രൂസിനൊപ്പം നിന്നപ്പോള്‍ മിനിസോട്ട മാര്‍ക്കോ റൂബിയോയെ പിന്തുണച്ചു. അതേസമയം, ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലരി ക്ലിന്റന്‍ തകര്‍പ്പന്‍ ജയം നേടി. 11ല്‍ ഏഴിടങ്ങളിലും എതിരാളികളെ ബഹുദൂരം പിന്തള്ളിയാണ് ഹിലരി വിജയക്കൊടി പാറിച്ചത്.
അലബാമ, അര്‍കന്‍സാസ്, ജോര്‍ജിയ, ടെന്നസി, ടെക്‌സാസ്, വിര്‍ജിനിയ സ്റ്റേറ്റുകളിലാണ് ഹിലരി ജയിച്ചത്. വെര്‍മോണ്ട്, ഒക്‌ലഹോമ, മിനിസോട്ട, കൊളറാഡോ എന്നിവ ബെര്‍നി സാന്‍ഡേഴ്‌സനെ പിന്തുണച്ചു. നേരത്തേ സൗത്ത് കാരലൈനയില്‍ സാന്‍ഡേഴ്‌സിനെതിരേ ഹിലരി തകര്‍പ്പന്‍ജയം നേടിയിരുന്നു. 12 സ്റ്റേറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നതെങ്കിലും കൊളറാഡോയില്‍ ഡെമോക്രാറ്റ്‌സും അലാസ്‌കയില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയും മാത്രമായതിനാല്‍ തത്ത്വത്തില്‍ ഓരോ പാര്‍ട്ടിയും 11 ഇടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
മാര്‍ച്ച് അഞ്ചിന് ഡെമോക്രാറ്റിക്, റിപബ്ലിക്കന്‍ പാര്‍ട്ടികളുടെ കാന്‍സസ്, ലൂസിയാന പ്രൈമറികള്‍ നടക്കും. കെന്റക്കി, മെയ്ന്‍ എന്നിവിടങ്ങൡെല റിപബ്ലിക്കന്‍ കോക്കസുകളും നെബ്രാന്‍സ്‌കയിലെ ഡെമോക്രാറ്റിക് കോക്കസും ഇതേദിവസം തന്നെയാണ്. നവംബര്‍ എട്ടിനാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
Next Story

RELATED STORIES

Share it