യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വ നിര്‍ണയം: നെവാഡയില്‍ ട്രംപ്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയത്തിനായി നെവാഡയില്‍ നടന്ന കോക്കസില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഡൊണാള്‍ഡ് ട്രംപിനു വിജയം. ഇതിനകം നാലു സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ മൂന്നിടങ്ങളിലും റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിനായിരുന്നു ആധിപത്യം.
സൗത്ത് കാരലൈനയിലും ന്യൂഹാംഷയറിലും ട്രംപ് വിജയിച്ചപ്പോള്‍ ആദ്യം വോട്ടെടുപ്പ് നടന്ന അയോവ കോക്കസില്‍ ടെഡ് ക്രൂസാണ് നേട്ടം കൊയ്തത്. അയോവയില്‍ ട്രംപ് രണ്ടാം സ്ഥാനത്തായിരുന്നു. ലാറ്റിനോ ജനസംഖ്യ കൂടുതലുള്ള സംസ്ഥാനമായ നെവാഡയില്‍ ടെഡ് ക്രൂസ് രണ്ടാം സ്ഥാനവും മാര്‍ക്കോ റൂബിയോ മൂന്നാം സ്ഥാനവും നേടി. നമ്മോടൊപ്പം രാജ്യവും ജയിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് ഫലം പുറത്തു വന്ന ശേഷം ലാസ് വെഗാസില്‍ നടന്ന വിജയറാലിയില്‍ ട്രംപ് പറഞ്ഞത്. ശതകോടീശ്വരനായ ട്രംപ് കഴിഞ്ഞ ജൂണിലാണ് രാഷ്ട്രീയത്തില്‍ പ്രേവശിച്ചത്. ഈ കാലയളവില്‍ പ്രധാന റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികളെ മറികടന്ന് നാലില്‍ മൂന്നിടത്തും നേട്ടം കൊയ്യാന്‍ ട്രംപിനായി.
നെവാഡയില്‍ ട്രംപിന് 42 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ക്രൂസിന് 24.5 ശതമാനവും റൂബിയോയ്ക്ക് 21.2 ശതമാനവും വോട്ടുകള്‍ ലഭിച്ചു. ഇതുവരെ നടന്ന വോട്ടെടുപ്പുകളില്‍ വോട്ടിങ് ശതമാനം ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയതും നെവാഡ സംസ്ഥാനത്താണ്.
താന്‍ വിജയിക്കുകയാണെങ്കില്‍, മുസ്‌ലിംകളെ രാജ്യത്തുനിന്നു പുറത്താക്കുമെന്ന് വിവാദ പ്രസ്താവന നടത്തിയ ട്രംപ്, ഗ്വണ്ടാനമോ തടവറ അടച്ചുപൂട്ടാതെ നിലനിര്‍ത്തുമെന്നും പ്രസ്താവിച്ചിരുന്നു.
12 സംസ്ഥാനങ്ങളില്‍ ഒരുമിച്ച് വോട്ടെടുപ്പ് നടക്കുന്ന 'സൂപ്പര്‍ ട്യൂസ്‌ഡെ'(മാര്‍ച്ച് ഒന്ന്) ആണ് സ്ഥാനാര്‍ഥികളുടെ അടുത്ത ലക്ഷ്യം. സൂപ്പര്‍ ട്യൂസ്‌ഡേയില്‍ നേട്ടം കൈവരിക്കാമെന്ന പ്രതീക്ഷയിലാണ് ട്രംപിന് തൊട്ടുപിറകിലുള്ള ക്രൂസും റൂബിയോയും. നെവാഡയില്‍ ശനിയാഴ്ച നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടി വോട്ടെടുപ്പില്‍ ഹിലരി ക്ലിന്റണ്‍ വിജയിച്ചിരുന്നു.
Next Story

RELATED STORIES

Share it