യുഎസ് തിരഞ്ഞെടുപ്പ്: റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്നു ക്രിസ്റ്റിയും ഫിയോറിനയും പിന്‍മാറി

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നതിനായുള്ള റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വമല്‍സരത്തില്‍ നിന്നു ക്രിസ് ക്രിസ്റ്റിയും കാര്‍ലി ഫിയോറിനയും പിന്‍മാറി.
അയോവയിലെ ആദ്യഘട്ട മല്‍സരത്തിലും ന്യൂഹാംഷയറില്‍ നടന്ന രണ്ടാംഘട്ട മല്‍സരത്തിലും നേരിട്ട കനത്ത തിരിച്ചടിക്കു പിന്നാലെയാണ് പിന്‍മാറ്റം. ന്യൂജഴ്‌സി ഗവര്‍ണറായ ക്രിസ്റ്റി ന്യൂഹാംഷയറിലെ പ്രചരണങ്ങളില്‍ സജീവമായിരുന്നു.
എന്നാല്‍, ഫലം പുറത്തുവന്നപ്പോള്‍ ആറാം സ്ഥാനത്തു മാത്രമേ ക്രിസ്റ്റിക്ക് എത്താന്‍ സാധിച്ചുള്ളൂ. മുന്‍ എച്ച്പി സിഇഒ ആയ ഫിയോറിനയ്ക്കും മല്‍സരത്തില്‍ വളരെക്കുറച്ചു വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
ഫേസ്ബുക്കിലൂടെയാണ് ഇരുവരും പിന്‍മാറ്റ വിവരം അറിയിച്ചത്. ന്യൂഹാംഷയറില്‍ ശതകോടീശ്വരനായ ഡൊണാള്‍ഡ് ട്രംപാണ് വിജയം സ്വന്തമാക്കിയത്. ഒഹായോ ഗവര്‍ണര്‍ ജോണ്‍ കാസിച്ച് രണ്ടാം സ്ഥാനത്തെത്തി. റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ പോരാട്ടത്തില്‍ ഇനി അവശേഷിക്കുന്നത് ആറു പേരാണ്. കാസിച്ചിനും ട്രംപിനും പുറമെ ടെഡ് ക്രൂസ്, മാക്രോ റൂബിയോ, ജെബ് ബുഷ്, ബെന്‍ കാര്‍സന്‍ എന്നിവരാണ് മല്‍സരരംഗത്തുള്ളത്.
Next Story

RELATED STORIES

Share it