യുഎസ് അവകാശവാദം തെറ്റ്; മരണസംഖ്യ ഊതിവീര്‍പ്പിച്ചത്: അല്‍ശബാബ്

മൊഗാദിഷു: യുഎസ് വ്യോമാക്രമണങ്ങളില്‍ തങ്ങളുടെ 150 ഓളം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന റിപോര്‍ട്ട് സോമാലിയന്‍ പോരാട്ട സംഘടനയായ അല്‍ശബാബ് നിഷേധിച്ചു. തെക്കന്‍ സോമാലിയയിലെ റാസോ പരിശീലന കേന്ദ്രത്തില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 150ല്‍ അധികം അല്‍ശബാബ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്നു തിങ്കളാഴ്ച യുഎസ് അവകാശപ്പെട്ടിരുന്നു.
യുഎസ് സ്വപ്‌നം കാണുകയാണെന്നും ഒരു സ്ഥലത്ത് അത്രയധികം പോരാളികള്‍ ഒരിക്കലും ഒരുമിച്ച് കൂടാറില്ലെന്നും സംഘത്തിന്റെ സൈനിക ഓപറേഷന്‍ വക്താവ് അബ്ദുല്‍ അസീസ് അബു മുസ്അബ് വ്യക്തമാക്കി. ആക്രമണം നടന്നതായി സ്ഥിരീകരിച്ച മുസ്അബ് മരണസംഖ്യ പെരും നുണയാണെന്നും വ്യക്തമാക്കി. വ്യോമാക്രമണത്തില്‍ 150 പേരെ കൊലപ്പെടുത്തിയെന്നു യുഎസ് സൈനികവക്താവ് ക്യാപ്റ്റന്‍ ജെഫ് ഡേവിഡാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശീലന കേന്ദ്രം ആഴ്ചകളോളം നിരീക്ഷിച്ച ശേഷമായിരുന്നു വ്യോമാക്രമണം. യുദ്ധവിമാനങ്ങളും പൈലറ്റില്ലാ വിമാനങ്ങളും വ്യോമാക്രമണത്തിന് ഉപയോഗിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. തലസ്ഥാനമായ മൊഗാദിഷുവിന് 120 മൈല്‍ അകലെയുള്ള പരിശീലന ക്യാംപാണ് ആക്രമിച്ചതെന്ന് പെന്റഗണ്‍ വക്താവ് അറിയിച്ചു.
Next Story

RELATED STORIES

Share it