യുഎസിലെ ഹിമക്കാറ്റ്; ജനജീവിതം ദുസ്സഹമായി

വാഷിങ്ടണ്‍: ശക്തമായ ഹിമക്കാറ്റും മഞ്ഞുവീഴ്ചയും മൂലം യുഎസില്‍ ജനജീവിതം താറുമാറായി. പലയിടങ്ങളിലും രണ്ടടി കനത്തില്‍ മഞ്ഞുവീഴ്ചയുണ്ടായി. നൂറ്റാണ്ടിലെ തന്നെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യംവഹിച്ചത്. കനത്ത ഹിമക്കാറ്റ് യുഎസിലെ ഈസ്റ്റ് കോസ്റ്റിലേക്കു നീങ്ങുകയാണ്.
കാറ്റ് വടക്കോട്ട് നീങ്ങുന്നതിനിടെ 12 സംസ്ഥാനങ്ങളിലെ അഞ്ചു കോടിയിലധികം ജനങ്ങളോട് വീടുകളില്‍തന്നെ കഴിച്ചുകൂട്ടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.
ശക്തമായ ഹിമക്കാറ്റ് വീശിയടിച്ച ഞായറാഴ്ച തലസ്ഥാനത്ത് 76 സെമീ ഉയരത്തില്‍ റെക്കോഡ് മഞ്ഞാണ് രേഖപ്പെടുത്തിയത്. ഒമ്പതു പേര്‍ കൊല്ലപ്പെടുകയും 10 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. അതിശൈത്യവും കനത്ത മഞ്ഞുവീഴ്ചയും രൂക്ഷമായതോടെ റോഡുകളും പ്രധാന തെരുവുകളും സ്തംഭിച്ചു. നൂറുകണക്കിനു വാഹനങ്ങളാണ് തെരുവുകളില്‍ കുടുങ്ങിക്കിടക്കുന്നത്.
ദിവസങ്ങളായി തുടരുന്ന രൂക്ഷമായ മഞ്ഞുവീഴ്ച മേരിലാന്‍ഡ്, വിര്‍ജീനിയ സംസ്ഥാനങ്ങളില്‍ കനത്ത ദുരിതം വിതച്ചു. മിക്കയിടങ്ങളിലും ബസ്-റെയില്‍ ഗതാഗത സര്‍വീസുകള്‍ നിലച്ചു. വൈദ്യുതി വിതരണം താറുമാറായി. വിമാനസര്‍വീസുകള്‍ പലതും റദ്ദാക്കി. കടകളും റസ്‌റ്റോറന്റുകളും അടഞ്ഞുകിടക്കുകയാണ്. ഏതാനും കടകളും ഗ്യാസ് സ്‌റ്റേഷനുകളും മാത്രമാണ് തുറന്നത്.
റോഡുകളിലെ മഞ്ഞുനീക്കി ഗതാഗതം പുനസ്ഥാപിക്കാന്‍ നൂറുകണക്കിനു പോലിസുകാരും ജീവനക്കാരും രംഗത്തുണ്ട്. പലയിടങ്ങളിലും രണ്ടടിയോളം മഞ്ഞു നീക്കം ചെയ്തു കഴിഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. അതേസമയം, സാധനങ്ങള്‍ സംഭരിച്ചുവയ്ക്കാനും പുറത്തേക്കുള്ള യാത്ര പരമാവധി ഒഴിവാക്കാനും അധികൃതര്‍ ജനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. യുഎസിന്റെ കിഴക്കന്‍ തീരത്ത് ജൊനാസ് ശീതക്കാറ്റ് ആഞ്ഞടിക്കുമെന്ന് നാഷനല്‍ വെതര്‍സര്‍വീസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it