യുഎസിനും സഖ്യകക്ഷികള്‍ക്കുമെതിരായ പ്രതിരോധം;  കൂടുതല്‍ ആണവശേഷി നേടുമെന്ന് ഉത്തരകൊറിയ

പ്യോങ്യാങ്: കൂടുതല്‍ ആണവ, മിസൈല്‍ പ്രതിരോധ ശേഷി നേടിയെടുക്കാന്‍ തയ്യാറെടുക്കുന്നതായി ഉത്തരകൊറിയ. യുഎസിനും സഖ്യകക്ഷികള്‍ക്കുമെതിരായ പ്രതിരോധം ലക്ഷ്യമിട്ടാണ് നടപടിയെന്നും ഭാഗിക യുദ്ധത്തിനു സമാനമായ അവസ്ഥയാണ് ഉപദ്വീപില്‍ നിലനില്‍ക്കുന്നതെന്നും യുഎന്നിലെ ഉത്തരകൊറിയന്‍ അംബാസഡര്‍ സോ സെ പ്യോങ് വ്യക്തമാക്കി. യുഎസ് ഉത്തരകൊറിയക്കെതിരേ നടപടികളുമായി മുന്നോട്ടുപോവുകയാണെങ്കില്‍ തങ്ങള്‍ക്ക് കൂടുതല്‍ പ്രതിരോധശേഷി നേടേണ്ടിവരുമെന്നും സോ സെ പ്യോങ് പറഞ്ഞു.

കഴിഞ്ഞദിവസം ഉത്തരകൊറിയ ഹ്രസ്വദൂര മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. ഉത്തരകൊറിയയെ ലക്ഷ്യംവച്ച് യുഎസും ദക്ഷിണകൊറിയയും കഴിഞ്ഞ ദിവസം സംയുക്ത സൈനികാഭ്യാസം നടത്തിയിരുന്നു. ഇതിനു തൊട്ടുപിറകേയാണ് സോ സെ പ്യോങിന്റെ അഭിപ്രായപ്രകടനം.
യുഎസിനും ദക്ഷിണകൊറിയക്കുമൊപ്പം ഉത്തരകൊറിയക്കെതിരായ നീക്കത്തില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് ജപ്പാനും വ്യക്തമാക്കിട്ടുണ്ട്. അടുത്തിടെ ഉത്തരകൊറിയ നടത്തിയ മിസൈല്‍ ആണവ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്നാണ് ജപ്പാന്‍ വ്യക്തമാക്കിയത്. ഉത്തരകൊറിയയില്‍ നിന്നുള്ള ഭീഷണി തുടര്‍ന്നാല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്വെന്‍ ഹൈ, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ എന്നിവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തര കൊറിയയുടെ ആണവ പരീക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടപടിയെടുക്കാന്‍ യുഎസുമായി സഹകരിക്കുമെന്നു ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം വാഷിങ്ടണില്‍ ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Next Story

RELATED STORIES

Share it