kozhikode local

യുഎപിഎ: സിപിഎമ്മിന് കിട്ടിയത്  വരമ്പത്തെ കൂലി- പ്രഫ. പി കോയ

കോഴിക്കോട്: യുഎപിഎയില്‍ സിപിഎമ്മിന് വരമ്പത്തുനിന്നുതന്നെ കൂലികിട്ടുകയായിരുന്നെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ സമിതി അംഗം പ്രഫ. പി കോയ. ഡല്‍ഹിയിലും ബംഗാളിലും പ്രകാശ് കാരാട്ടും സീതാറാം യച്ചൂരിയുമെല്ലാം യുഎപിഎക്കെതിരായി സമരം നടത്തിക്കൊണ്ടിരിക്കെയാണ് സിപിഎം കേരളത്തില്‍ പോപുലര്‍ ഫ്രണ്ടിനെതിരായി നിയമം പ്രയോഗിച്ചത്.
പോപുലര്‍ ഫ്രണ്ട് ഡേയോടനുബന്ധിച്ച് മാത്തോട്ടത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന നിര്‍ണായകമായ ഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പ്രധാനമന്ത്രിയുടെ വസ്ത്രാലങ്കാരങ്ങളും വിദേശ യാത്രകളുമല്ലാതെ പ്രതീക്ഷ നല്‍കുന്ന ഒന്നും രാജ്യത്ത് സംഭവിക്കുന്നില്ല. സര്‍ക്കാരിനു കീഴിലുള്ള എല്ലാ സ്വയംഭരണ സ്ഥാപനങ്ങളിലും ഹിന്ദുത്വ സൈദ്ധാന്തികര്‍ കയറിപ്പറ്റിയിരിക്കുന്നു. അതിന്റെ രണ്ടാംഘട്ടമെന്ന നിലയിലാണ് യൂനിവേഴ്‌സിറ്റികളില്‍ സംഘ ശാഖകളില്‍ ചവിട്ടിയ ശരാശരിക്കാരായ അധ്യാപകരെ മേധാവികളായി നിയോഗിച്ചത്.
ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ദലിതര്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുന്നതിനെതിരായി രോഹിത് വെമൂലയും സതീര്‍ഥ്യരും പ്രതിഷേധിച്ചപ്പോള്‍ അവരെ തെരുവിലേക്ക് വലിച്ചെറിയുകയായിരുന്നു.
ഏതെങ്കിലുമൊരു പ്രാദേശിക വിദ്യാര്‍ഥി പരിഷത് നേതാവ് ഒരു പോസ്റ്റ് കാര്‍ഡില്‍ മാനവശേഷി വികസന വകുപ്പ് മന്ത്രിക്ക് പരാതി അയച്ചാല്‍ ഉടനെ അന്വേഷണമാവും. ബനാറസ് ഹിന്ദു സര്‍വകലാശാലയിലും അതുപോലുള്ള കേന്ദ്ര സര്‍വകലാശാലകളിലും എബിവിപിയുടെ കാംപസ് യൂനിറ്റാണ് ഇപ്പോള്‍ ഭരണം നടത്തുന്നത്. അതില്‍ മനംനൊന്ത് നിസ്സഹായനായതുകൊണ്ടാണ് രോഹിത് ജീവന്‍ ബലിയര്‍പ്പിച്ചത്. അദ്ദേഹം പറഞ്ഞു.
വൈകീട്ട് 4.45ന് നടുവട്ടത്തു നിന്ന് ആരംഭിച്ച യൂനിറ്റി മാര്‍ച്ച് മാത്തോട്ടത്ത് ശഹീദ് കുഞ്ഞിമരക്കാര്‍ നഗറില്‍ സമാപിച്ചു. തുടര്‍ന്ന് ഒഫീഷ്യല്‍ കാഡറ്റുകളുടെ പ്രദര്‍ശന പരേഡും അരങ്ങേറി.
തുടര്‍ന്ന് യുഎപിഎ വിരുദ്ധ പ്രതിജ്ഞയെടുക്കുകയും 2016-17വര്‍ഷത്തേക്കുള്ള ജില്ലാകമ്മിറ്റിയുടെ പദ്ധതി പ്രഖ്യാപനം നടത്തുകയും ചെയ്തു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് അശ്‌റഫ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതി അംഗംകെ സാദത്ത്, എസ്.ഡി.പി.ഐ സംസ്ഥാന സമിതിയംഗം എ കെ മജീദ്, എം.ഇ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി വി കെ അബ്ദുല്‍ ലത്തീഫ്, എം.എസ്.എസ് ജില്ലാ പ്രസിഡന്റ് സൈനുല്‍ ആബിദ്, കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ടി അബ്ദുല്‍ നാസര്‍, ഡെയ്‌സി ബാലസുബ്രഹ്മണ്യന്‍ (വുമണ്‍സ് ഇന്ത്യാ മൂവ്‌മെന്റ്, കടലുണ്ടി പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെംബര്‍ വി ജമാല്‍, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, എന്‍.ഡബ്ല്യു.എഫ് ജില്ലാ സെക്രട്ടറി സാജിദ റഫീഖ്, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറിമാരായ എ പി നാസര്‍, നിസാര്‍ അഹമ്മദ്, ജില്ലാ കമ്മിറ്റിയംഗം കെ ഷമീര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സജീര്‍ മാത്തോട്ടം സംസാരിച്ചു.
Next Story

RELATED STORIES

Share it