യുഎപിഎ പിന്‍വലിക്കണം: പോപുലര്‍ ഫ്രണ്ട് രാജ്ഭവന്‍ മാര്‍ച്ച് എട്ടിന്

കോഴിക്കോട്: യുഎപിഎ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഈ മാസം എട്ടിന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. യുഎപിഎക്കെതിരേ പോപുലര്‍ ഫ്രണ്ട് നടത്തിവരുന്ന പോരാട്ടങ്ങളുടെ തുടര്‍ച്ചയായിട്ടാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങളെ റദ്ദു ചെയ്യുന്ന അസാധാരണ നിയമമാണ് യുഎപിഎയെന്നും ഭരണകൂട നയങ്ങളെ വിമര്‍ശിക്കുന്നവരെയും ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുന്നവരെയും അടിച്ചമര്‍ത്താനാണ് ഇത് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് നിലവിലുള്ള നിയമവ്യവസ്ഥയുടെ അന്തസ്സത്തക്ക് വിരുദ്ധമാണ് ഈ ജനവിരുദ്ധ നിയമമെന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി പൊരുതുന്ന ആദിവാസികളും ദലിതുകളും മുസ്‌ലിംകളുമാണ് യുഎപിഎയുടെ ഇരകളെന്നത് ഇതിന്റെ ജനവിരുദ്ധ സ്വഭാവം തുറന്നു കാട്ടുന്നു. സിപിഎം നേതാവ് പി ജയരാജനെതിരെ ഐപിസി, സിആര്‍പിസി വകുപ്പുകള്‍ ചുമത്താമെന്നിരിക്കെയാണ് യുഎപിഎ ചുമത്തിയത്.
കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളുമടക്കമുള്ള പ്രതിപക്ഷ കക്ഷിനേതാക്കന്മാര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന്റെ രാഷ്ട്രീയ ദുഷ്ടലാക്ക് വ്യക്തമാണ്. യുഎപിഎ പിന്‍വലിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മനുഷ്യാവകാശ സംഘടനകളും ജനാധിപത്യ വിശ്വാസികളും രംഗത്തുവരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ പോരാട്ടങ്ങളിലൂടെ മാത്രമേ നീതിക്കെതിരായ ഇത്തരം നിയമങ്ങളെ അസ്ഥിരപ്പെടുത്താനാവൂ. രാജ്ഭവന്‍ മാര്‍ച്ചിന്റെ മുന്നോടിയായി ഈ മാസം ഏഴിന് സംസ്ഥാനത്തെ 250 കേന്ദ്രങ്ങളില്‍ നൈറ്റ് വിജില്‍ സംഘടിപ്പിക്കും. സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it