Districts

യുഎപിഎ ചുമത്തിയ നാലുപേരെയും റിമാന്‍ഡ് ചെയ്തു

മഞ്ചേരി: മാവോവാദി നേതാവ് രൂപേഷിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ച നാലുപേരെയും ജില്ലാ സെഷന്‍സ് ജഡ്ജി എന്‍ ജെ ജോസ് റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം സ്വദേശി സന്തോഷ്, കരിപ്പൂര്‍ സ്വദേശികളായ ദിനേഷ്, പ്രജീഷ്, സുമേഷ് എന്നിവരെയാണ് ഇന്നലെ 10 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
124-എ പ്രകാരവും യുഎപിഎ വകുപ്പിലെ 39(1) പ്രകാരവും മഞ്ചേരി എസ്‌ഐ വിഷ്ണുവാണ് കേസെടുത്തത്. രാജ്യത്തിനെതിരേ വാക്കാലോ പ്രവൃത്തിയാലോ നോട്ടീസിലൂടെയോ മറ്റോ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് 124-എ പ്രകാരവും ഭീകരസംഘടനാ പട്ടികയില്‍ ഉള്‍പ്പെട്ട മാവോവാദിയെ സഹായിച്ചതിനു 39(1) പ്രകാരവുമാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് രൂപേഷിനെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ പ്രതികള്‍ അനുകൂലിച്ച് മുദ്രാവാക്യം മുഴക്കിയത്.
ദിനേഷ്, പ്രജീഷ്, സുമേഷ് എന്നിവര്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളി. ഒരാള്‍ മാവോവാദിയായതുകൊണ്ട് തീവ്രവാദിയാവണമെന്നില്ലെന്ന ഹൈക്കോടതി പരാമര്‍ശവും, മുദ്രാവാക്യം മുഴക്കിയതുകൊണ്ടു മാവോവാദിയെ സഹായിച്ചതായി തെളിയിക്കാനാവില്ലെന്നുമുള്ള വാദങ്ങള്‍ പ്രതികള്‍ക്കു വേണ്ടി അഡ്വ. ടോം കെ തോമസ് കോടതിയില്‍ ഉന്നയിച്ചെങ്കിലും കോടതി ജാമ്യം നല്‍കാന്‍ തയ്യാറായില്ല.
യുഎപിഎ വകുപ്പിനെപ്പറ്റി പോലിസിന് അറിവില്ലാത്തതാണ് നാലുപേര്‍ക്കെതിരേയും കേസ് ചുമത്താന്‍ കാരണമെന്നു നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it