kannur local

യുഎപിഎ കരിനിയമം തന്നെയെന്ന് കോടിയേരി

കണ്ണൂര്‍: യുഎപിഎ കരിനിയമം തന്നെയാണെന്നും ഇത്തരം നിയമങ്ങളുപയോഗിച്ച് ഇടതുപക്ഷത്തെ വേട്ടയാടാമെന്ന് കരുതേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
പി ജയരാജനെ കള്ളക്കേസില്‍ കുടുക്കിയതിനും യുഎപിഎ ദുരുപയോഗത്തിനുമെതിരേ എല്‍ഡിഎഫ് കണ്ണൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കതിരൂര്‍ കേസില്‍ യുഎപിഎ നിയമത്തിന്റെ നഗ്നമായ ദുരുപയോഗമാണുണ്ടായത്. ജയരാജനെതിരേ ഒരു തെളിവും കണ്ടെത്താന്‍ സിബിഐയ്ക്കായിട്ടില്ല. ജയരാജനെതിരേ തെളിവില്ലെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനു തൊട്ടുപിന്നാലെയാണ് തെളിവുണ്ടെന്ന് സിബിഐ ബോധിപ്പിച്ചത്.
ആര്‍എസ്എസ് ആസ്ഥാനത്തു നിന്നുള്ള തീരുമാനപ്രകാരമാണ് ജയരാജനെ പ്രതിയാക്കിയത്. പുറത്തിറങ്ങാന്‍ അനുവദിക്കാതെ കാലാക്കാലം ജയിലിലിടുക എന്ന തന്ത്രമാണ് ആര്‍എസ്എസ് സ്വീകരിച്ചത്.
കോണ്‍ഗ്രസ്-ബിജെപി സര്‍ക്കാറുകള്‍ നടത്തിയ ഗൂഡാലോചനയെ തുടര്‍ന്നാണ് ജയരാജനെതിരേ യുഎപിഎ ചുമത്തിയത്.
സിബിഐ അന്വേഷിക്കുന്ന കേസുകളില്‍ പ്രതികളെ തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണ്. രാജ്യദ്രോഹികള്‍ ആരെന്ന് തീരുമാനിക്കുന്നത് ആര്‍എസ്എസ്സായി മാറിയെന്നും അദ്ദേഹം പറഞ്ഞു. സി എന്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം വി ജയരാജന്‍, പി കെ ശ്രീമതി എംപി, എം വി ഗോവിന്ദന്‍, ടി കൃഷ്ണന്‍, സി രവീന്ദ്രന്‍, കെ പി സഹദേവന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it