യുഎന്‍ സമാധാനസേനയ്‌ക്കെതിരായ ലൈംഗികാരോപണങ്ങളില്‍ വര്‍ധന

ന്യൂയോര്‍ക്ക്: യുഎന്‍ സമാധാന സൈനികര്‍ക്കെതിരേയുള്ള ലൈംഗികാരോപണങ്ങളില്‍ വന്‍വര്‍ധന. കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിലൊന്നു വര്‍ധനവുണ്ടായതായി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു. 2015ല്‍ ഇത്തരത്തില്‍ 99 കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്.
2014ല്‍ ഇത് 80 ആയിരുന്നു. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കിലാണ് മൂന്നിലൊരു ഭാഗം കേസുകളും. ഹെയ്തി, മാലി, ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, ഐവറി കോസ്റ്റ് എന്നിവിടങ്ങളിലും സമാനമായ കേസുകളുണ്ട്. യുഎന്‍ സമാധാനദൗത്യത്തിലുള്‍പ്പെട്ട 10 സംഘങ്ങള്‍ക്കെതിരേയാണ് കഴിഞ്ഞ വര്‍ഷം ആരോപണമുയര്‍ന്നത്. ആരോപണവിധേയരായവരില്‍ സൈനികരും അന്താരാഷ്ട്ര പോലിസും മറ്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും.
ലോകത്തുടനീളം 1,24,746 സൈനികരെ വിവിധരാജ്യങ്ങളിലായി വിന്യസിച്ചിട്ടുണ്ടെന്നാണ് യുഎന്‍ അവസാനമായി പുറത്തുവിട്ട റിപോര്‍ട്ട് വ്യക്തമാക്കുന്നത്. ആരോപണവിധേയരായവര്‍ക്കെതിരേ കൃത്യമായി നടപടികളെടുക്കുന്നതില്‍ പരാജയപ്പെട്ടതായി ആരോപണമുണ്ട്.
ഫ്രാന്‍സ്, ഇക്വറ്റോറിയല്‍ ഗിനി, ഛാഡ്, ദക്ഷിണാഫ്രിക്ക, ജര്‍മനി തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള സൈനികര്‍ക്കെതിരേയാണ് ആരോപണമുയര്‍ന്നത്.
Next Story

RELATED STORIES

Share it