Editorial

യുഎന്‍ റിപോര്‍ട്ട്: കണക്കുകള്‍ നിരാശാജനകം

ഐക്യരാഷ്ട്രസഭ മനുഷ്യ വികസന റിപോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ടു തികയുന്നു. സാക്ഷരത, കുടിവെള്ളം, രോഗാതുരത തുടങ്ങിയ അനേകം വിഷയങ്ങളില്‍ ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ ലോകരാഷ്ട്രങ്ങളെ വിലയിരുത്തുന്ന റിപോര്‍ട്ട് പൊതുവില്‍ ഭൗതികവികസനത്തിന്റെ മികച്ച സൂചികയായിട്ടാണു കണക്കാക്കപ്പെടുന്നത്. പ്രതിശീര്‍ഷ വരുമാനം എന്ന തെറ്റായ മാനദണ്ഡത്തിനപ്പുറം ഒരു രാജ്യം അതിന്റെ വിഭവങ്ങള്‍ ഓഹരിവയ്ക്കുന്നതില്‍ എത്രമാത്രം വിജയിക്കുന്നു എന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതിശീര്‍ഷ വരുമാനത്തില്‍ വലിയ വര്‍ധനവു കാണിക്കുമ്പോള്‍ തന്നെ പല നാടുകളും ആരോഗ്യം, സാക്ഷരത തുടങ്ങിയ നിര്‍ണായകമായ കാര്യങ്ങളില്‍ പിന്നാക്കമാണെന്ന് റിപോര്‍ട്ട് പല വര്‍ഷങ്ങളിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2015ലെ യുഎന്‍ റിപോര്‍ട്ട് പതിവുപോലെ ഇന്ത്യ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പിന്നില്‍ നില്‍ക്കുകയാണെന്നാണു സൂചിപ്പിക്കുന്നത്. 2014ല്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റിപോര്‍ട്ടില്‍ ഇടംപിടിച്ച 188 രാജ്യങ്ങളില്‍ 130ാം സ്ഥാനത്താണ് വന്‍ശക്തികളുടെ ക്ലബ്ബില്‍ അംഗമാവാന്‍ സൂട്ട് തയ്ക്കുന്ന ഇന്ത്യ. ഇടത്തരം മനുഷ്യവികസനം സൂചിപ്പിക്കുന്ന താഴെ ശ്രേണിയിലാണ് യുഎന്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സമീപകാലത്താണ് ഈയൊരു തകര്‍ച്ച കൂടുതല്‍ പ്രകടമായത്. 1990ല്‍ തുടങ്ങിയ ആദ്യദശകത്തില്‍ സാക്ഷരത, ശിശുമരണം, ആയുര്‍ദൈര്‍ഘ്യം തുടങ്ങിയ മേഖലകളില്‍ പുരോഗതി കണ്ടിരുന്നെങ്കിലും 2010-14 വര്‍ഷങ്ങളില്‍ പ്രസ്താവ്യമായ ഒരു നേട്ടവും നമുക്കുണ്ടാക്കാന്‍ പറ്റിയില്ല. ലിംഗസമത്വത്തിലും ശാക്തീകരണത്തിലും നാം പാകിസ്താനും ബംഗ്ലാദേശിനും പിന്നിലാണെന്ന് റിപോര്‍ട്ട് പറയുന്നു. തിളങ്ങുന്ന ഇന്ത്യയെപ്പറ്റി ആര് എന്തൊക്കെ പറഞ്ഞാലും ആ തിളക്കം സാധാരണ ജനങ്ങളിലേക്കെത്തുന്നില്ല എന്നതുറപ്പ്.
ശ്രദ്ധേയമായ മറ്റൊരു നിരീക്ഷണവും റിപോര്‍ട്ടിലുണ്ട്. പ്രതിശീര്‍ഷ വരുമാനവും പ്രാഥമികമായ വികസനവും തമ്മില്‍ ബന്ധമില്ലെന്ന് അതു വ്യക്തമാക്കുന്നു. പ്രതിശീര്‍ഷവരുമാനം കുറഞ്ഞ ക്യൂബ പൊതുവില്‍ പൗരന്‍മാരുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ വലിയ വരുമാനമുള്ള കുവൈത്ത് പിറകില്‍ നില്‍ക്കുന്നു. നവലിബറല്‍ വികസനമാതൃക കൂടുതല്‍ സ്വാധീനം ചെലുത്തുന്നതിന്റെ പ്രത്യാഘാതമാണ് ഇന്ത്യയില്‍ കാണുന്നത് എന്ന വിമര്‍ശനം പ്രസക്തമാണെന്ന് യുഎന്‍ റിപോര്‍ട്ട് തെളിയിക്കുന്നു.
1989ല്‍ പൊതുവിദ്യാഭ്യാസത്തിനായി മൊത്ത ആഭ്യന്തരോല്‍പാദനത്തിന്റെ 4.4 ശതമാനം ചെലവഴിച്ച രാജ്യം പിന്നീട് 1.5 ശതമാനമാക്കി ചുരുക്കി. ഏവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം എന്ന ഭരണഘടനാപരമായ ബാധ്യത നിറവേറ്റാന്‍ 2.8 ശതമാനമെങ്കിലും അതിനായി നീക്കിവയ്‌ക്കേണ്ടിയിരുന്നു. ഓരോ വര്‍ഷവും ലക്ഷത്തിലധികം സ്ത്രീകള്‍ വിളര്‍ച്ച കാരണം മരണമടയുന്ന രാജ്യത്ത് വെറും 0.9 ശതമാനമാണ് പ്രാഥമികാരോഗ്യ മേഖലയ്ക്കു നീക്കിവയ്ക്കുന്നത്. സബ്‌സിഡി വെട്ടിക്കുറയ്ക്കുന്ന വികസനമാതൃക മാത്രമറിയുന്ന ധനശാസ്ത്രജ്ഞര്‍ പ്ലാനിങ് കമ്മീഷന്‍ കൈയടക്കി വച്ചിരിക്കുന്ന പുതിയ സാഹചര്യത്തില്‍ ഭാവിയില്‍ യുഎന്‍ റിപോര്‍ട്ട് കൂടുതല്‍ വിഷാദാത്മകമായ കണക്കുകള്‍ പ്രസിദ്ധീകരിക്കാനാണു സാധ്യത.
Next Story

RELATED STORIES

Share it