azchavattam

യാഹു ഹാജിയുടെ സൈക്കിള്‍ യാത്ര

യാഹു ഹാജിയുടെ സൈക്കിള്‍ യാത്ര
X
yahu-haji-new

കെ എന്‍ നവാസ്അലി

യാഹു ഹാജിയുടെ സൈക്കിള്‍ യാത്ര പുറപ്പെട്ടത് മുക്കാല്‍ നൂറ്റാണ്ടിനുമപ്പുറത്തു നിന്നാണ്. ജര്‍മനിയിലെ ജി എം ഡബ്ല്യു കമ്പനിയില്‍നിന്നും 1940കളില്‍ പുറത്തിറങ്ങുമ്പോള്‍ അതിന്റെ ഫ്രെയിമില്‍ റാലെക്‌സ് ജനുയിന്‍, ജി എം ഡബ്ല്യു പ്രൊഡക്റ്റ് എന്ന് മുദ്രണം ചെയ്തിട്ടുണ്ടായിരുന്നു. അതിന്റെ കരുത്തുറ്റ ഫ്രെയിമില്‍ കുഞ്ഞുമോട്ടോറും എന്‍ജിനുമുണ്ടായിരുന്നു. മോപ്പെഡിന്റെ ആദ്യരൂപമായി ലോകത്തിറങ്ങിയ അപൂര്‍വം വാഹനങ്ങളിലൊന്നായിരുന്നു ആ മോപ്പഡ് സൈക്കിള്‍. തിരൂര്‍ പെരുന്തല്ലൂരിലെ അണിമംഗലത്ത് യാഹു ഹാജി ഇന്നും അതില്‍ യാത്ര ചെയ്യുമ്പോള്‍ നാട്ടുകാര്‍ കൗതുകത്തോടെ നോക്കിനില്‍ക്കും.

ചരിത്രത്തിനൊപ്പം സഞ്ചരിച്ച വാഹനത്തിലേറിയുള്ള യാത്ര കാണാന്‍, ഒരു സൈക്കിളുമായി അര നൂറ്റാണ്ടിലേറെക്കാലമുള്ള പരസ്പരബന്ധത്തിന്റെ തീവ്രത കാണാന്‍. 73കാരനായ യാഹു ഹാജിയോടൊപ്പം ജീവിതം പങ്കിടുന്ന ഇരുചക്രവാഹനം അമൂല്യമാകുന്നത് പരസ്പര ബന്ധത്തിന്റെ പൊട്ടാത്ത നൂലിഴ കാരണമാണ്.യാഹു ഹാജിയുടെ ജീവിതത്തിലേക്ക് ചെറുപ്പത്തിന്റെ തുടക്കത്തിലാണ് റാലെക്‌സ് എത്തിയത്.

കല്‍പ്പണിക്കാരായിരുന്ന യാഹുവും സഹോദരന്‍ മുഹമ്മദും സ്വന്തമായി ഒരു സൈക്കിളിന് കൊതിച്ച കാലമായിരുന്നു അത്. രണ്ടു രൂപ ദിവസക്കൂലി കിട്ടിയിരുന്ന കാലത്ത് 300 രൂപ മുടക്കി പുതിയ സൈക്കിള്‍ വാങ്ങുകയെന്നത് സ്വപ്‌നം മാത്രമായി അവശേഷിച്ചിരുന്ന കാലം. കൊടക്കലില്‍ സൈക്കിള്‍ കട നടത്തുന്ന പൊന്നാനിക്കാരനായ സഖാവ് കുഞ്ഞാലിയാണ് തിരുനാവായക്കടുത്ത കൊടക്കല്‍ ഓട്ടുകമ്പനിയിലെ മാനേജര്‍ സായിപ്പ് ഉപയോഗിച്ചിരുന്ന മോപ്പഡ് സൈക്കിള്‍ കേടുവന്നു കിടക്കുന്നുണ്ടെന്നും 100 രൂപ കൊടുത്താല്‍ എന്‍ജിന്‍ മാറ്റി സൈക്കിളാക്കി നല്‍കാമെന്നും പറഞ്ഞത്. 70 രൂപ വില ഉറപ്പിച്ചെങ്കിലും അത്രയും പണം കൈയിലെത്താന്‍ യാഹുവിന് രണ്ടുമാസം കാത്തിരിക്കേണ്ടിവന്നു.

മുന്നില്‍ ഷോക്ക് അബ്‌സോര്‍ബറും ഇരട്ട ഫ്രെയിമും ഡിസ്‌ക് ബ്രെയ്ക്കുമുള്ള ചുവപ്പു നിറത്തിലുള്ള റാലെക്‌സ് കൈയില്‍ കിട്ടിയത് 1960ലായിരുന്നു. അതിലായി യാഹുവിന്റെ പിന്നീടുള്ള യാത്ര. എത്ര ദുരത്തേക്കും സൈക്കിളില്‍ സഞ്ചരിക്കും. ജോലിക്കു പോകുമ്പോഴെല്ലാം സഹോദരന്‍ മുഹമ്മദും കൂടെയുണ്ടാകും. ഇടക്കാലത്ത് സൈക്കിളിന്റെ ടയര്‍ ലഭിക്കാന്‍ കടുത്ത ക്ഷാമം നേരിട്ടതോടെ പത്തു വര്‍ഷത്തോളം ഉപയോഗിക്കാനാവാതെ വീടിനകത്ത് നിര്‍ത്തിയിടേണ്ടിവന്നു. നാട്ടിലെ പട്ടാളക്കാര്‍ വഴി ദൂരദിക്കില്‍ നിന്നാണ് പിന്നീട് ടയര്‍ എത്തിച്ചത്. ജി എം ഡബ്ല്യു കമ്പനി സൈക്കിള്‍ പുറത്തിറക്കിയപ്പോഴുള്ള അതേ നിറം തന്നെയാണ് ഇപ്പോഴുമുള്ളത്. പെയിന്റ് പല തവണയായി പുതുക്കിയെങ്കിലും നിറം മാറ്റിയിട്ടില്ല.

മുന്നിലെ ഷോക്ക് അബ്‌സോര്‍ബര്‍, ഡിസ്‌ക് ബ്രെയ്ക്ക്, ഫ്രെയിം തുടങ്ങി സൈക്കിളിന്റെ കമ്പനി പേരുള്ള ലോഗോ വരെ അതേപടിയുണ്ട്. എന്നും രാവിലെ സാധനങ്ങള്‍ വാങ്ങാന്‍ യാഹു ഹാജി സൈക്കിളുമായി ടൗണിലെത്തും. ഇടയ്ക്ക് മരുന്നു വാങ്ങാന്‍ തിരൂരിലേക്കും പോകും. വീട്ടില്‍ കാറുണ്ടെങ്കിലും ബന്ധു വീടുകളിലേക്കും നാട്ടിലെ വിവാഹങ്ങള്‍ക്കും യാഹു ഹാജിയുടെ യാത്ര സൈക്കിളില്‍ തന്നെ. ഒരു കൂടപ്പിറപ്പിനോടെന്ന പോലെയാണ് സൈക്കിളിനോട് യാഹു ഹാജിക്കുള്ള സ്‌നേഹം. രാത്രി വീടിനകത്താണ് ഇതു സൂക്ഷിക്കാറുള്ളത്. ജീവിതയാത്രയില്‍ ഭാര്യയും സഹോദരനും വേര്‍പിരിഞ്ഞ ഇദ്ദേഹത്തെ പഴയ കാലങ്ങളിലേക്കു നടത്തുന്നത് ഈ സൈക്കിളാണ്.

ഒരുപക്ഷേ, ലോകത്തു തന്നെ ഉപയോഗത്തിലുള്ള ഏറ്റവും പഴക്കമേറിയ സൈക്കിളാകും യാഹു ഹാജിയുടെ സ്വന്തം റാലെക്‌സ്. ഇന്നും തിരൂരിലേക്കും തിരിച്ചുമുള്ള 18 കിലോ മീറ്റര്‍ യാഹു ഹാജി സഞ്ചരിക്കുന്നത് റാലെക്‌സിനോടൊപ്പമാണ്. യാഹു ഹാജി കയറിയാല്‍ റാലെക്‌സ് നീങ്ങിത്തുടങ്ങും. അധികം ആയാസമെടുത്ത് ചവിട്ടാതെ തന്നെ തിരൂരിലേക്കും തിരിച്ചുമുള്ള ദൂരം ഓടിയെത്തും. 73കാരനായ സുഹൃത്തിനെ അതിലേറെ പ്രായമുള്ള റാലെക്‌സ് സുരക്ഷിതമായി വീട്ടിലെത്തിക്കും. അര നൂറ്റാണ്ടിലേറെയായി യാഹു ഹാജിയോടൊപ്പമാണല്ലോ അതിന്റെയും ജീവിതം.
Next Story

RELATED STORIES

Share it