malappuram local

യാഥാര്‍ഥ്യമാവാതെ താവളക്കുളം കുടിവെള്ള പദ്ധതി

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

പൊന്നാനി: വെളിയങ്കോട് തവളക്കുളത്തെ കുടിവെള്ള പദ്ധതി അനന്തമായി നീളുന്നതിനെ തുടര്‍ന്ന് പൊലിയുന്നത് 200 കുടുംബങ്ങളുടെ കുടിവെള്ളമെന്ന സ്വപ്‌നം. കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയുന്നില്ലങ്കില്‍ ഇത്തവണ വോട്ട് ബഹിഷ്‌കരിക്കാനാണ് 200 ഓളം കുടുംബങ്ങളുടെ തീരുമാനം.
വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലെ 200 ഓളം കുടുംബങ്ങള്‍ സ്വന്തമായൊരു കുടിവെള്ളപദ്ധതിക്കായി നെട്ടോട്ടമോടാന്‍ തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ടായി. വെളിയങ്കോട് പുഴയോരത്തും കനോലി കനാലിന്റെ പടിഞ്ഞാറെ കരയിലുമായി താമസിക്കുന്നവരാണിവര്‍. ഗ്രാമപ്പഞ്ചായത്തംഗം മുതല്‍ പാര്‍ലമെന്റ് അംഗങ്ങളെ വരെ ഇവര്‍ സമീപിച്ചു. എന്നിട്ടും കുടിവെള്ള പദ്ധതി സ്വപ്‌നം മാത്രമായി അവശേഷിക്കുന്നു. 2007-08 വര്‍ഷത്തില്‍ ജലനിധിയില്‍ ഉള്‍പ്പെടുത്തി കുടിവെള്ള പദ്ധതി തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പദ്ധതി പ്രകാരം രണ്ട് വാര്‍ഡുകളിലായി മൂന്ന് യൂനിറ്റുകള്‍ രൂപീകരിച്ചു. 40 മുതല്‍ 50 വരെ കുടുംബങ്ങള്‍ ഓരോ യൂനിറ്റിലും അപേക്ഷ നല്‍കി പദ്ധതിയില്‍ അംഗങ്ങളായി.
ഒരു യൂനിറ്റിന് കീഴില്‍ നാല് ലക്ഷം രൂപ ചെലവിലാണു പദ്ധതി നടപ്പാക്കുന്നത്. 15 ശതമാനം തുക ഗുണഭോക്താക്കള്‍ അടയ്ക്കണം. ഇതിലേക്കായി മൂന്ന് യൂനിറ്റില്‍ നിന്ന് 60,000 രൂപ വീതം ഗുണഭോക്താക്കള്‍ അടയ്ക്കുകയും ചെയ്തു.
തുടര്‍ന്ന് താവളക്കുളം പൂക്കൈത റോഡില്‍ മൂന്ന് കിണറുകള്‍ സ്ഥാപിച്ചു. എന്നാല്‍, ഇതിനെതിരേ ചിലര്‍ ഹൈക്കോടതിയെ സമീപിച്ച് പദ്ധതി സ്‌റ്റേ ചെയ്യിപ്പിച്ചു. പിന്നീട് ഈ സ്‌റ്റേ നീക്കുന്നതിനോ കിണറുകള്‍ മാറ്റി നിര്‍മിച്ച് പദ്ധതി യാഥാര്‍ഥ്യമാക്കാനോ അധികൃതര്‍ തയ്യാറായില്ല. ഇതുമൂലം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. മറ്റൊരു കുടിവെള്ള പദ്ധതി തുടങ്ങാനും അധികൃതര്‍ക്കായില്ല. ഈ ആവശ്യം ഉന്നയിച്ച് പൊന്നാനിയിലെ എംഎല്‍എയെ നിരന്തരം സമീപിച്ചെങ്കിലും ഫലമുണ്ടായില്ലന്ന് ഗുണഭോക്താക്കള്‍ പറയുന്നു.
ജലവകുപ്പിന്റെ പൊതു ടാപ്പിനെ ആശ്രയിച്ചാണ് പ്രദേശത്തുകാര്‍ കഴിയുന്നത്. ഇതിനായി മണിക്കൂറുകള്‍ കാത്തിരിക്കണം. ചില ദിവസങ്ങളില്‍ വെള്ളം വരികയുമില്ല.
പൂക്കൈതയിലെ ശ്രീലങ്കന്‍ കോളനിയിലുള്ളവര്‍ക്ക് പ്രദേശത്തെ കാക്കത്തറയില്‍ മോനുട്ടിയുടെ കിണറില്‍ നിന്ന് വെള്ളമെടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുടിവെള്ളത്തിനായുള്ള കാത്തിരിപ്പിന് പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കിയാലെല്ലാതെ വോട്ട് ചെയ്യില്ലെന്ന തീരുമാനത്തിലാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളായ 200 ഓളം കുടുംബങ്ങള്‍.
Next Story

RELATED STORIES

Share it