Fortnightly

യാത്ര

നാടകം
അബ്ബാസ് കാളത്തോട്



സീന്‍-1
(സന്ധ്യ. അറബിക്കടലോരം. പായ്ക്കപ്പലുകള്‍. തഖ്‌യുദ്ദീനും അറബികളും കരയിലേക്ക് വരുന്നു. അറേബ്യന്‍ സംഗീതം. കടല്‍തീരത്ത് ഉത്സവ പ്രതീതി. ചേരമാന്‍ പെരുമാളും കാര്യക്കാരും സംഘവും തഖ്‌യുദ്ദീനെ സ്വീകരിച്ചാനയിക്കുന്നു.)
തഖ്‌യുദ്ദീന്‍: പെരുമാളേ, നിങ്ങളുടെ നാട് ഖൈറുല്‍ ആലം ആണ്.
പെരുമാള്‍: ന്ന്വച്ചാ- എന്താണാവോ?
തഖ്‌യുദ്ദീന്‍: നന്മയുടെ കേദാര ഭൂമി എന്നര്‍ത്ഥം.
പെരുമാള്‍: (ചിരിക്കുന്നു).
(പെട്ടെന്ന് ഒരു പെണ്‍കുട്ടിയുടെ ദീനരോദനം. തഖ്‌യുദ്ദീന്‍ അങ്ങോട്ട് നോക്കുന്നു. അകലെ നായര്‍ പടയാളികള്‍ ഒരു പെണ്‍കുട്ടിയെ കോട്ടവാതിലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നു.)
തഖ്‌യുദ്ദീന്‍: പെരുമാള്‍! എന്താണിത്? എന്തിനാണീ ക്രൂരത? ഈ നാട് നന്മയുടെ കേദാരഭൂമിയല്ല; തിന്മയുടെ കേദാരഭൂമിയാണെന്ന് പറയേണ്ടിവരും.
പെരുമാള്‍: അരുത് തങ്ങളേ, അങ്ങനെ പറയരുത്.
കാര്യക്കാരന്‍: എല്ലാ കറുത്തവാവിലും ഇത് ഇവിടുത്തെ പതിവ് കാഴ്ചയാണ്.
തഖ്‌യുദ്ദീന്‍: പെണ്‍കുഞ്ഞ് പിറന്നു വീണാല്‍ കുഴിച്ചുമൂടുന്ന കാട്ടറബികളെപ്പോലെയാണോ നിങ്ങളും?
പെരുമാള്‍: അല്ല തങ്ങളേ അല്ല. എല്ലാ കറുത്തവാവു നാളിലും കടലില്‍ നിന്ന് ഒരു ഭൂതം തീരത്തിറങ്ങി സംഹാരതാണ്ഡവമാടിയിരുന്നു. ജോത്സ്യന്മാര് പ്രശ്‌നം വെച്ച് നോക്കി പ്രവചിച്ച പരിഹാരക്രിയയാണിത്. കടല്‍തീരത്തെ ആ പുരാതന കോട്ട കണ്ടോ. എല്ലാ കറുത്തവാവുനാളിലും ഒരു കന്യകയെ ആ കോട്ടക്കകത്ത് കെട്ടിയിടും. ഭൂതം വന്ന് അവളെയുംകൊണ്ട് കടലില്‍ മറയും. അങ്ങനെയാണ് ഈ നാട്ടിലെ ഭൂതാവേശം കെട്ടടങ്ങിയത്.
തഖ്‌യുദ്ദീന്‍: ഇതെല്ലാം അന്ധവിശ്വാസമാണ്. പെരുമാള്‍, അങ്ങനുവദിച്ചാല്‍ ഇന്ന് ഈ പെണ്‍കുട്ടിക്ക് പകരം ഞാന്‍ തന്നെ കോട്ടയിലേക്ക് പോകാം.
കാര്യക്കാരന്‍: തങ്ങളേ അതാപത്താണ്. ആ കോട്ടയില്‍ പോയവരാരും ഇന്നോളം തിരിച്ചു വന്നിട്ടില്ല.
പെരുമാള്‍: ശരിയാണ് തങ്ങളേ, നിങ്ങളങ്ങോട്ട് പോകരുത്.
തഖ്‌യുദ്ദീന്‍: പെരുമാളേ. അങ്ങ് ധൈര്യമായിരിക്കൂ. എനിക്കൊന്നും സംഭവിക്കില്ല. അല്ലാഹു എന്നോടൊപ്പമുണ്ട്.
പെരുമാള്‍: കാര്യക്കാര്‍ ആ കന്യകയെ മോചിപ്പിക്കുക. തങ്ങളെ കോട്ടക്കവാടത്തിലേക്ക് ആനയിക്കുക.
(തങ്ങളും കാര്യക്കാരും കോട്ടകവാടത്തിലേക്ക് നടക്കുന്നു.)

സീന്‍-2
(അസ്തമയ സൂര്യന്റെ പശ്ചാത്തലത്തില്‍ ഒരു കറുത്ത ഭൂതം പോലെ പുരാതന കോട്ട. ബന്ധനത്തില്‍ നിന്നും മോചിതയായ കന്യക തഖ്‌യുദ്ദീനെ നന്ദിയോടെ നോക്കുന്നു. തഖ്‌യുദ്ദീന്‍ പുഞ്ചിരിയോടെ കോട്ടയ്ക്കുള്ളിലേക്ക്. കോട്ടകവാടം പൂട്ടി ഭടന്മാര്‍ പോകുന്നു.)

സീന്‍-3
(തഖ്‌യുദ്ദീന്‍ കോട്ടയ്ക്കുള്ളില്‍ വിളക്ക് തെളിയിക്കുന്നു. ഉടുപ്പിന്റെ പോക്കറ്റില്‍ നിന്നും ഖുര്‍ആന്‍ എടുത്ത് ഉച്ചത്തില്‍ പാരായണം ചെയ്യുന്നു. കടലിന്റെ ഇരമ്പല്‍.)

സീന്‍-4
(രാത്രി. കൊടുങ്ങല്ലൂര്‍ കോവിലകം. ചേരമാന്‍ പെരുമാള്‍ വരാന്തയില്‍ ഉലാത്തുന്നു. അകലങ്ങളില്‍ നിന്നും അവ്യക്തമായി കേള്‍ക്കുന്ന ഖുര്‍ആന്‍ പാരായണം.)
കെട്ടിലമ്മ: നേരമെത്രയായി തമ്പുരാന്‍, അവിടത്തേക്ക് ഇന്ന് ഉറക്കമില്ലാന്നുണ്ടോ?
പെരുമാള്‍: ഉറക്കം വരുന്നില്ല; ആ തങ്ങളുടെ കാര്യം ആലോചിക്കുമ്പോ...
കെട്ടിലമ്മ: അറബികള്‍ ധീരന്മാരാ തമ്പുരാന്‍. ആയിരം കാതം കപ്പലോടിച്ച് വരുന്നോരല്ലേ? അവര്‍ക്ക് കടല്‍ ഭൂതത്തെ നേരിടാനുള്ള ധൈര്യവും കരുത്തുമുണ്ടാകും. അതാലോചിച്ച് അങ്ങ് മനസ്സ് പുണ്ണാക്കേണ്ട.
പെരുമാള്‍: (ദീര്‍ഘശ്വാസം വിടുന്നു). ചോതി പോയി ഉറങ്ങിക്കൊള്ളൂ. നമുക്കല്‍പം ഒറ്റയ്ക്കിരിക്കണം.

സീന്‍-5
(പ്രഭാതം. പെരുമാളും കാര്യക്കാരും ഭടന്മാരും കോട്ടവാതില്‍ക്കലേക്ക് വേഗത്തില്‍ വരുന്നു.)
ഭടന്‍: തങ്ങളേ... തങ്ങളേ...
കാര്യക്കാര്‍: ആ തങ്ങള് ചത്തെന്നാ തോന്നുന്നത്.
ഭടന്‍: ഭൂതം കൊന്നു കടലിലേക്ക് വലിച്ചെറിഞ്ഞിട്ടുണ്ടാവും.
പെരുമാള്‍: നിര്‍ത്തിന്‍ നിങ്ങളുടെ വിടുവായാടിത്തം. കോട്ടക്കവാടം തുറക്കാന്‍ പറയൂ.
(കോട്ടക്കവാടം തുറക്കുന്നു. അകത്ത് ഇരുട്ട്.)
പെരുമാള്‍: പന്തം തെളിയിക്കൂ.
(ഭടന്മാര്‍ പന്തം കൊളുത്തി നടക്കുന്നു.)
പെരുമാള്‍: തങ്ങളേ... തങ്ങളേ...
(ഇരുളില്‍ നിന്നും പന്തത്തിന്റെ വെട്ടത്തിലേക്ക് തഖ്‌യുദ്ദീന്‍ വരുന്നു.)
തഖ്‌യുദ്ദീന്‍: പെരുമാളേ...
(പെരുമാള്‍ ആനന്ദാശ്രുക്കള്‍ പൊഴിച്ച് തഖ്‌യുദ്ദീനെ ആലിംഗനം ചെയ്യുന്നു.)
തഖ്‌യുദ്ദീന്‍: പെരുമാളേ. സുഖായിട്ടൊന്നൊറങ്ങി.
പെരുമാള്‍: അപ്പൊ... ഭൂതം!
തഖ്‌യുദ്ദീന്‍: അവന്‍ വന്നില്ല. പേടിച്ചു കാണും. ഇനിയവന്റെ ശല്യം ഉണ്ടാവില്ല.
(പെരുമാളുടെയും കാര്യക്കാരുടെയും ഭടന്മാരുടെയും റിയാക്ഷന്‍.)
പെരുമാള്‍: തങ്ങളെന്റെ രാജ്യം രക്ഷിച്ചു.
തഖ്‌യുദ്ദീന്‍: ഞാനല്ല, അല്ലാഹുവാണ് രക്ഷകന്‍.
(അവര്‍ കോട്ടയ്ക്ക് വെളിയിലേക്ക് നടക്കുന്നു.)
പെരുമാള്‍: ഇതിന് പകരമായി ഞാനെന്താ തരേണ്ടത്. പറയൂ തങ്ങളേ. ചോദിക്കുന്നതെന്തും ഞാന്‍ തരും.
തഖ്‌യുദ്ദീന്‍: ഒന്നും വേണ്ട പെരുമാളേ. ഈ കോട്ടയില്‍ ഇനി എന്നും എനിക്ക് പ്രാര്‍ത്ഥിക്കാനുള്ള അനുമതി മാത്രം മതി.
പെരുമാള്‍: ഈ കോട്ടയില്‍ മാത്രമല്ല. നമ്മുടെ രാജ്യത്തെവിടെയും തങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അനുമതിയുണ്ട്. മാത്രമല്ല, നമ്മുടെ മുളകുമടിശ്ശീലകാര്യക്കാരായി തങ്ങളെ നാം നിശ്ചയിച്ചിരിക്കുന്നു.
(കാര്യക്കാരുടെ റിയാക്ഷന്‍.)

സീന്‍-6
(കോവിലകം. പകല്‍. പെരുമാളും കാര്യക്കാരും മുഖമണ്ഡപത്തില്‍.)
കാര്യക്കാര്‍: തമ്പുരാനേ, തിരുവുള്ളക്കേട് തോന്നരുത്. അങ്ങ് ചെയ്തത് അബദ്ധമായോ?
പെരുമാള്‍: എന്തബദ്ധം?
കാര്യക്കാര്‍: എങ്ങോനിന്നു വന്ന ഒരറബിയെ പിടിച്ച് മുളക്മടിശ്ശീലകാര്യക്കാരാക്കിയത്.
പെരുമാള്‍: അറേബ്യയുമായാണ് നമുക്ക് കുരുമുളക് വ്യാപാരബന്ധം. തങ്ങളതിന്റെ കാര്യക്കാരാവുമ്പൊ കച്ചവടത്തിന് നല്ല പുരോഗതിയുണ്ടാവും.
കെട്ടിലമ്മ (പ്രവേശിച്ച്): പുരോഗതിയോ അതോ അധോഗതിയോ?
പെരുമാള്‍: ചോതി!
കെട്ടിലമ്മ: ഇതടിയന്‍ പറയുന്നതല്ല തിരുമേനീ. പന്തീരവര്‍ നമ്പൂതിരി സഭകൂടി കല്‍പ്പിച്ചതാണെന്നാ കാര്യക്കാര്‍ പറഞ്ഞത്.
പെരുമാള്‍: ശരിയാണോ കാര്യക്കാര്‍.
കാര്യക്കാര്‍: റാന്‍!
പെരുമാള്‍: പൂര്‍വ്വികര്‍ കാട്ടിയ മണ്ടത്തരം. പെരുമാളെ തിരുത്താന്‍ പന്തീരവരുടെ വെടിവട്ടം!
കെട്ടിലമ്മ: പരശുരാമന്റെ കാലം മുതല്‍ക്കേ അതങ്ങനെയായിരുന്നില്ലേ തിരുമേനീ.
പെരുമാള്‍: നമ്മുടെ പൂര്‍വ്വികനായ പള്ളിബാണപെരുമാള് ബുദ്ധമതത്തില്‍ ചേര്‍ന്നപ്പൊ നാക്കറുത്ത് നാടുകടത്താന്‍ വിധിച്ചതും ഈ പന്തീരവ പരിശകളാണ്.
കാര്യക്കാര്‍: പക്ഷേ, ഇക്കാര്യത്തില്‍...
പെരുമാള്‍: ഇക്കാര്യത്തിലെന്താ... പറയൂ കാര്യക്കാര്‍.
കാര്യക്കാര്‍: അവര്‍ പറയുന്നതിലും കാര്യമുണ്ടെന്നാണ് അടിയനു തോന്നിയത്.
പെരുമാള്‍: എന്ത് കാര്യം?
കാര്യക്കാര്‍: അപരിചിതനായ ആ അറബിയുടെ സത്യസന്ധത പരീക്ഷിച്ചറിഞ്ഞതിനു ശേഷം മതീന്നാ...
പെരുമാള്‍: കാര്യക്കാര്‍ പറയാ.
കാര്യക്കാര്‍: സ്വര്‍ണ്ണം നെറച്ച പന്ത്രണ്ട് ഭരണികള്‍ തങ്ങളുടെ കോട്ടയില്‍ സൂക്ഷിക്കാനേല്‍പ്പിക്കണം.
പെരുമാള്‍: ഇതാണോ പരീക്ഷണം?
കാര്യക്കാര്‍: മുഴുവന്‍ കേട്ടാലും തിരുമേനീ. ഭരണയില്‍ കടുമാങ്ങ അച്ചാറാണെന്നേ അയാളോട് പറയാവൂ.
പെരുമാള്‍: പരീക്ഷണമെങ്കില്‍ അങ്ങനെ. എല്ലാം കാര്യക്കാര്‍ വേണ്ടപോലെ ചെയ്‌തോളൂ.

സീന്‍-7
(പകല്‍. കോട്ട. കോട്ടക്കവാടത്തിലേക്ക് വലിയ ഭരണികള്‍ ചുമന്നു വരുന്ന ഭടന്മാര്‍. മുന്നിലായി കാര്യക്കാര്‍. എല്ലാ ഭരണികളും കോട്ടയ്ക്കുള്ളിലേക്ക്.)
തഖ്‌യുദ്ദീന്‍: വരണം വരണം... ഇരിക്കൂ. കാര്യക്കാര്‍, കുടിക്കാനെന്താ എടുക്കേണ്ടത്?
കാര്യക്കാര്‍: ഒന്നും വേണ്ട.
തഖ്‌യുദ്ദീന്‍: പിന്നെ എന്താ വിശേഷിച്ച്?
കാര്യക്കാര്‍: വിശേഷണ്ട്- പന്ത്രണ്ട് ഭരണികള്‍ പാണ്ടികശാലയില്‍ സൂക്ഷിക്കാന്‍ തമ്പുരാന്‍ കല്പിച്ചിരിക്കുന്നു. അടുത്താഴ്ച അറേബ്യയിലേക്ക് കയറ്റി വിടാനുള്ള കടുമാങ്ങ അച്ചാറാണ്.
തഖ്‌യുദ്ദീന്‍: കടുമാങ്ങ അച്ചാറാകുമ്പൊ അത് പാണ്ഡികശാലയില്‍ വെക്കേണ്ട. കോട്ടക്കവാടത്തിലെ ഏതെങ്കിലും മുറിയില്‍ ഇറക്കി വെക്കാമല്ലോ.
(കാര്യക്കാരുടെ റിയാക്ഷന്‍.)

സീന്‍-8
(സന്ധ്യ. കോട്ട. അസ്തമയ സൂര്യന്റെ പശ്ചാത്തലത്തില്‍ കന്യക കോട്ടയിലേക്ക് വരുന്നു.)
കന്യക: തങ്ങളേ,
(തഖ്‌യുദ്ദീന്‍ കോട്ടക്കകത്ത് നിന്ന് വരുന്നു.)
കന്യക: (കാല്‍ക്കല്‍ വീഴുന്നു) അങ്ങാണെന്റെ രക്ഷകന്‍.
തഖ്‌യുദ്ദീന്‍: (പുറകിലേക്ക് മാറി) എന്താണിത്? മനുഷ്യന്‍ മനുഷ്യന്റെ കാല്‍ക്കല്‍ വീഴുകയോ? അല്ലാഹുവിന്റെ കാല്‍ക്കലാണ് സാഷ്ടാംഗം വീഴേണ്ടത്. നീയാരാണ്?
കന്യക: ഭൂതത്തില്‍ നിന്നും എന്നെ രക്ഷിച്ചില്ലേ.
തഖ്‌യുദ്ദീന്‍: നിന്നെ രക്ഷിച്ചത് അല്ലാഹുവാണ്. അവന്റെ കാല്‍ക്കലാണ് കുമ്പിടേണ്ടത്.
കന്യക: അവനെവിടെയാണ്? എനിക്കവന്റെ കാല്‍ക്കല്‍ നമസ്‌ക്കരിക്കണം.
തഖ്‌യുദ്ദീന്‍: എങ്കില്‍ കുളിച്ച് ശുദ്ധിയായി വരിക. (പെണ്‍കുട്ടി ശിരോവസ്ത്രം ധരിച്ച് വരുന്നു. തങ്ങള്‍ കലിമ ഉരുവിടുന്നു. പെണ്‍കുട്ടി അതേറ്റു ചൊല്ലുന്നു.)

സീന്‍-9
(പകല്‍. കോട്ട. കോട്ടയില്‍ നിന്നും ഭരണികള്‍ ചുമന്ന് കൊണ്ടുപോകുന്ന ഭടന്മാര്‍.)

സീന്‍-10
(കോവിലകം. പകല്‍. കോവിലകത്തെ ഇടനാഴിലൂടെ തഖ്‌യുദ്ദീന്‍ വരുന്നു. പെരുമാള്‍ തൂക്കുകട്ടിലില്‍ നിന്ന് എഴുന്നേറ്റ് പിടിച്ചിരുത്തുന്നു.)
പെരുമാള്‍: തങ്ങളേ, നിങ്ങളെ വിളിച്ചു വരുത്തിയത് എന്തിനാണെന്നല്ലേ. പന്തീരവര്‍ നിങ്ങള്‍ക്കൊരു അഗ്നിപരീക്ഷ നിശ്ചയിച്ചിരുന്നു. അതില്‍ തങ്ങള്‍ വിജയിച്ചിരിക്കുന്നു.
തഖ്‌യുദ്ദീന്‍: എനിക്കൊന്നും മനസ്സിലായില്ല.
പെരുമാള്‍: അറേബ്യയിലേക്ക് കൊടുത്തയക്കാനെന്നു പറഞ്ഞ് കോട്ടയില്‍ സൂക്ഷിച്ച അച്ചാര്‍ ഭരണികള്‍ കാര്യക്കാര്‍ കോവിലകത്തേക്ക് തിരികെ കൊണ്ടുവന്നു.
തഖ്‌യുദ്ദീന്‍: അപ്പോളത് കപ്പലില്‍ കയറ്റിയില്ലേ?
പെരുമാള്‍: ഇല്ല. ആ ഭരണികളില്‍ കടുമാങ്ങ അച്ചാറായിരുന്നില്ല.
തഖ്‌യുദ്ദീന്‍: പിന്നെ?
പെരുമാള്‍: സ്വര്‍ണ്ണക്കട്ടികളായിരുന്നു. തങ്ങളുടെ സത്യസന്ധത പരീക്ഷിച്ചറിയാന്‍ പന്തീരവരുടെ ഉപായം!
തഖ്‌യുദ്ദീന്‍: (ചിരിക്കുന്നു)
കെട്ടിലമ്മ: ആ ഉപായത്തില്‍ ഒരപായം മറഞ്ഞിരിക്കുന്നുണ്ടായിരുന്നു. ഇല്ലെ തങ്ങളേ?
തങ്ങള്‍: എന്റെ നേതാവ് മുഹമ്മദ് നബിയാണ്. അദ്ദേഹത്തെ ഞങ്ങള് വിളിക്കുന്നത് അല്‍ അമീനെന്നാ.
കെട്ടിലമ്മ: എന്നു പറഞ്ഞാലെന്താ?
തങ്ങള്‍: വിശ്വസ്തനെന്ന്.
കെട്ടിലമ്മ: തങ്ങളിതൊക്കെ ഒരു തമാശയായി കൂട്ടിയാമതി. സ്വന്തം നിഴലിനെ പോലും സംശയിക്കുന്നവരാ പന്തീരവര്‍.
പെരുമാള്‍: ങ്ങ... അതുപോട്ടെ. മറ്റൊരു സുപ്രധാന കാര്യം പറയാനാ തങ്ങളെ വിളിപ്പിച്ചത്. ഞാന്‍ ധര്‍മ്മടത്തേക്ക് പോവുകയാണ്. എന്റെ നേര്‍പെങ്ങള്‍ ശ്രീദേവിത്തമ്പുരാട്ടിയുടെ കോവിലകത്തേക്ക്. അനന്തരവന്‍ കോഹിനൂര്‍ രാജകുമാരനെ ഇങ്ങോട്ട് കൊണ്ട് വരണം. എനിക്ക് പുത്രന്മാരില്ലെന്നറിയാമല്ലോ. എന്റെ കാലശേഷം നമ്മുടെ സ്വരൂപം അന്യാധീനപ്പെട്ടു പോവരുതല്ലോ. കോഹിനൂറിനെയാണ് ഞാനെന്റെ അനന്തരവകാശിയായി കാണുന്നത്. പിന്നെ, ഞാന്‍ ധര്‍മ്മടത്തു രണ്ട് ദിവസം കഴിഞ്ഞേ മടങ്ങൂ. കോവിലകത്തെ കാര്യങ്ങളൊക്കെ തല്‍ക്കാലം തങ്ങള്‍ തന്നെ നോക്കി നടത്തണം. ച്ചാല്‍ എന്റെ പ്രതിനിധിയായി നാടു ഭരിക്കണം. എന്താ.
തഖ്‌യുദ്ദീന്‍: അത് പിന്നെ... പന്തീരവര്‍ക്ക് അത് അഹിതമായി തോന്നുമോ പെരുമാള്‍?
പെരുമാള്‍: അവര്‍ക്കെന്തു തോന്നിയാലും വിരോധമില്ല. തങ്ങള്‍ക്കത് അഹിതമായി തോന്നാതിരുന്നാമതി.
തഖ്‌യുദ്ദീന്‍: പെരുമാളുടെ ഏത് കല്‍പനയും ശിരസാവഹിക്കാന്‍ ഈ തഖ്‌യുദ്ദീന്‍ സന്നദ്ധനാണ്.

സീന്‍-11
(പുഴക്കര. പകല്‍. പെരുമാള്‍ കെട്ടുവള്ളത്തില്‍ കയറി യാത്രയാവുന്നു. യാത്രയയക്കാന്‍ തഖ്‌യുദ്ദീനും കാര്യക്കാരും സംഘവുമുണ്ട്.)

സീന്‍-12
(കോവിലകം. രാത്രി. തഖ്‌യുദ്ദീന്‍ താളിയോലയില്‍ എന്തോ കുറിക്കുന്നു. കെട്ടിലമ്മ വരുന്നു.)
കെട്ടിലമ്മ: തമ്പുരാന്റെ കല്‍പന മാത്രമേ തങ്ങള്‍ ശിരസാവഹിക്കുള്ളൂ.
തഖ്‌യുദ്ദീന്‍: തമ്പുരാട്ടി കല്‍പ്പിച്ചോളൂ. ഏതു കല്‍പ്പനയും തഖ്‌യുദ്ദീന്‍ നിര്‍വ്വഹിച്ചോളാം.
കെട്ടിലമ്മ: കല്‍പിക്കാനുള്ള അധികാരം കൂടി തങ്ങള്‍ക്ക് തന്നേച്ചല്ലേ തമ്പുരാന്‍ പോയിരിക്കുന്നത്?
തഖ്‌യുദ്ദീന്‍: തമ്പുരാട്ടിയെന്തേ തമ്പുരാന്റെ കൂടെ പോകാതിരുന്നത്?
കെട്ടിലമ്മ: ഒരു ദിവസം മുഴുവന്‍ യാത്രചെയ്താലേ ധര്‍മടത്തെത്തൂ. ആ മുഷിപ്പിന് എന്നെ കിട്ടില്ല. കായലിലെ മണവും കെട്ടുവള്ളത്തിലെ യാത്രേം. ഓക്കാനം വരും. പിന്നെ കോവിലകത്തൊരു ഗന്ധര്‍വ്വനുള്ളപ്പോ ആ സൗഭാഗ്യം വിട്ടേച്ചു പോകാന്‍ മനസ്സുവന്നില്ല.
തഖ്‌യുദ്ദീന്‍: ഗന്ധര്‍വ്വനോ? ആരാ, അയാള്‍?
കെട്ടിലമ്മ: ഇപ്പോള്‍ എന്റെ മുന്നില്‍ നില്‍ക്കുന്ന എന്റെ പൊന്നുതമ്പുരാന്‍.
തഖ്‌യുദ്ദീന്‍: തമ്പൂരാട്ടീ!
കെട്ടിലമ്മ: ഇനി എന്നെ അങ്ങനെ വിളിക്കരുത്. അവിടുന്ന് കല്‍പ്പിക്കുന്നതെന്തും ചെയ്യാന്‍ ഈ കെട്ടിലമ്മ തയ്യാറാണ്. അവിടുത്തെ പള്ളിയറയിലേക്ക് വരാന്‍ വരെ.
തഖ്‌യുദ്ദീന്‍: തമ്പുരാട്ടീ... ഇങ്ങനെയൊന്നും സംസാരിക്കരുത്.
കെട്ടിലമ്മ: തങ്ങളാരെയാണ് പേടിക്കുന്നത്? ഭൂതത്തെ ഓടിച്ച് കന്യാളുമാരുടെ ജീവനും മാനവും കാത്ത വീരശൂര പരാക്രമിയല്ലെ അങ്ങ്. അന്നുമുതല്‍ക്ക് ഞാന്‍ മനസ്സില്‍ വെച്ച് ആരാധിക്കുന്നതാ ഈ രൂപം.
തഖ്‌യുദ്ദീന്‍: തമ്പുരാട്ടീ! ഇതൊക്കെ തമ്പുരാനറിഞ്ഞാല്‍...
കെട്ടിലമ്മ: അയാള്‍ക്കതറിയാന്‍ നേരമെവിടെ? ഏതുനേരവും ചൂതുകളിയും മൃഗയാവിനോദവുമായി നടക്കുന്ന ശുംഭന്‍ രാജാവ്. രാജാവായാല്‍ യുദ്ധവീര്യം വേണം. വീരശൂര പരാക്രമിയാവണം. അതൊക്കെ നിങ്ങളിലുണ്ട്. വില്ലു കുലച്ചു നില്‍ക്കുന്ന അര്‍ജ്ജുനനെപ്പോലെയാണ് നിങ്ങള്‍. ഈ പാഞ്ചാലിയെ കൈവിടരുത്.
തഖ്‌യുദ്ദീന്‍: തമ്പുരാട്ടീ- വേണ്ട, എനിക്കിതൊന്നും കേള്‍ക്കേണ്ട.
കെട്ടിലമ്മ: (ചിരിക്കുന്നു) തങ്ങളേ, ഈ കോവിലകത്തുള്ള തൂണുകള്‍ക്കുപോലുമറിയില്ല ഈ രഹസ്യം. പിന്നെയല്ലെ അല്ലാഹു. (കൈയില്‍ കയറിപിടിക്കുന്നു.) വരൂ നമുക്ക് പള്ളിയറയിലേക്ക് പോകാം.
തഖ്‌യുദ്ദീന്‍: (തള്ളിമാറ്റുന്നു). ദൂരെ പോടി കുലടേ!
തമ്പുരാട്ടി വീഴുന്നു. തഖ്‌യുദ്ദീന്‍ ദേഷ്യത്തില്‍ പുറത്തേക്ക്. തമ്പുരാട്ടിയുടെ ദേഷ്യവും സങ്കടവും കലര്‍ന്ന മുഖം.

സീന്‍-13
(പകല്‍. ധര്‍മ്മടം കോവിലകം. ശ്രീദേവി തമ്പുരാട്ടിയും കോഹിനൂര്‍ രാജകുമാരനും ചേരമാന്‍ പെരുമാളിനെ യാത്രയാക്കുന്നു.)
ചേരമാന്‍ പെരുമാള്‍: ശ്രീദേവീ, പോയിട്ടു വരാം.
ശ്രീദേവി: കോഹിനൂറിനെ നല്ലണം ശ്രദ്ധിച്ചോണം. വികൃതി അല്‍പം കൂടുതലാ.
കോഹിനൂര്‍: എന്താ അമ്മേ ഇത്. ഞാന്‍ കൊച്ചു കുഞ്ഞോ മറ്റോ ആണോ?
ചേരമാന്‍: (ചിരിക്കുന്നു). ഈ രാജ്യം ഭരിക്കാനുള്ള രാജകുമാരനാടീ അവന്‍. നീ വാടാ മോനേ.
(കെട്ടുവള്ളത്തില്‍ കയറുന്നു. വള്ളം നദിയിലൂടെ നീങ്ങുന്നു.)

സീന്‍-14
(പകല്‍. കൊടുങ്ങല്ലൂര്‍ കോവിലകം.)
പെരുമാള്‍: ഇല്ല, ഞാനിത് വിശ്വസിക്കില്ല.
കെട്ടിലമ്മ: തമ്പുരാന്‍, എന്നെക്കാള്‍ വിശ്വാസം ഇന്നലെ വന്ന ആ അറബിയെയാണല്ലേ.
പെരുമാള്‍: തങ്ങളത് ചെയ്യില്ല.
കെട്ടിലമ്മ: അപ്പൊ ഞാനിത് കെട്ടിച്ചമച്ചതാണെന്നാണോ അവിടുന്ന് പറയുന്നത്? (കരയുന്നു). കീറി പറിഞ്ഞ ഈ വസ്ത്രങ്ങള്‍ കണ്ടില്ലേ. മ്ലേച്ഛന്‍ എന്നെ കീറിപ്പറിച്ചാലും തമ്പുരാന് വിശ്വാസം വരില്ല.
കാര്യക്കാര്‍: തമ്പുരാനേ, ഇതിന്റെ നിജസ്ഥിതി എന്തെന്ന് പന്തീരവര്‍ തീരുമാനിക്കട്ടെ!
പെരുമാള്‍: എന്തിനാ അരമന രഹസ്യം അങ്ങാടിപാട്ടാക്കാനോ?
കെട്ടിലമ്മ: കെട്ടിലമ്മയെ കേറിപ്പിടിച്ചവനുള്ള ശിക്ഷ നാട്ടുകാരും കൂടി അറിയട്ടെ തമ്പുരാന്‍.
(പെരുമാളിന്റെ റിയാക്ഷന്‍.)

സീന്‍-15
(അറബികടല്‍ തീരം. തഖ്‌യുദ്ദീന്‍ പന്തീരവര്‍ വിചാരണ ചെയ്യുന്നു. കാര്യക്കാര്‍ കുറ്റപത്രം വായിക്കുന്നു. പന്തീരവര്‍ ശിക്ഷ വിധിക്കുന്നു.)
പന്തീരവര്‍ (മുഖ്യന്‍): ഈ നില്‍ക്കുന്ന തഖ്‌യുദ്ദീന്‍ കൊടുങ്ങല്ലൂര്‍ കോവിലകത്തെ മുളക്മടിശ്ശീലകാര്യക്കാരായിരുന്നു. നമ്മുടെ പൊന്നു തമ്പുരാന്‍ ചേരമാന്‍ പെരുമാളിന്റെ അസാന്നിധ്യത്തില്‍ കൊടുങ്ങല്ലൂര്‍ കോവിലകത്ത് അതിക്രമിച്ചു കയറി അമ്മത്തമ്പുരാട്ടിയോട് അഹിതമായി പ്രവര്‍ത്തിച്ച കുറ്റത്തിന് പന്തീരവര്‍സഭ ഇയാളെ ചിത്രവധം നടത്താന്‍  വിധിച്ചിരിക്കുന്നു.
കെട്ടിലമ്മയുടെ മുഖം. പെരുമാള്‍ വല്ലാതെയാകുന്നു. തഖ്‌യുദ്ദീന്‍ കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്നു.
കാര്യക്കാര്‍: തിരുമേനി ശിക്ഷ നടപ്പിലാക്കട്ടെ (പെരുമാള്‍ എഴുന്നേള്‍ക്കുന്നു.)
(കിങ്കരന്മാര്‍ തഖ്‌യുദ്ദീനെ വലിച്ചിഴച്ച് ചിത്രവധത്തൂണിലേക്ക് കൊണ്ടു പോകുന്നു. പെട്ടെന്ന് പ്രകൃതിയുടെ ഭാവം മാറുന്നു. കാറ്റും ഇടിമിന്നലും. മിന്നലേറ്റ് കിങ്കരന്മാര്‍ പിടഞ്ഞ് വീഴുന്നു. ശക്തമായ കാറ്റും മഴയും. എല്ലാവരും ഓടിപ്പോകുന്നു. കെട്ടിലമ്മ മിന്നലേറ്റ് വീഴുന്നു.)
പെരുമാള്‍: തങ്ങളേ മാപ്പ്. ഈ ദുരന്തത്തില്‍ നിന്നും എന്റെ രാജ്യത്തെ രക്ഷിക്കൂ.
തഖ്‌യുദ്ദീന്‍: പെരുമാളേ, ഇത് ദുരന്തമല്ല. അല്ലാഹുവിന് പ്രിയപ്പെട്ടവരെ ആപത്തില്‍ നിന്നും അവന്‍ വഴിനടത്തും.
പെരുമാള്‍: എന്തൊരത്ഭുതമാണിത്!
തഖ്‌യുദ്ദീന്‍: ഇതിനെക്കാള്‍ വലിയ അത്ഭുതവുമുണ്ടായിട്ടുണ്ട്. ചന്ദ്രനെ പിളര്‍ത്തിയ സംഭവം.
പെരുമാള്‍: അതെ, അതെ, ഞാനത് കേട്ടിട്ടുണ്ട്.
തഖ്‌യുദ്ദീന്‍: അതൊരു ദൃഷ്ടാന്തമായിരുന്നു. മുഹമ്മദ് നബിക്ക് അല്ലാഹു കാട്ടിക്കൊടുത്ത ദൃഷ്ടാന്തം.
പെരുമാള്‍: എനിക്ക് നിങ്ങളുടെ പ്രവാചകനെ കാണണം. അല്ലാഹുവിനോട് മാപ്പിരക്കണം. വേദത്തില്‍ കൂടണം.
തഖ്‌യുദ്ദീന്‍: എങ്കില്‍ മക്കയിലേക്ക് വരിക. അവിടെ പ്രവാചകനെ നേരില്‍ കണ്ട് സംഭാഷണങ്ങള്‍ നടത്തുക. കഅ്ബാലയത്തില്‍ ഹജ്ജ് നിര്‍വ്വഹിക്കുക.
(പായക്കപ്പലില്‍ കയറി അലറുന്ന തിരമാലകള്‍ വകഞ്ഞ് മാറ്റിക്കൊണ്ട് തഖ്‌യുദ്ദീന്‍ പോകുന്നു.)
(ഒരു ശ്ലോകം കേള്‍ക്കാം)

സീന്‍-15
ഏതസ്മിന്നന്തരേ മ്ലേച്ഛ
ആചാര്യേണ സമന്വിതഃ
മാഹമ്മത ഇതിശ്യാതഃ
ശിഷ്യശാഖ സമന്വിതം
പെരുമാള്‍: അതിന്റെ പാഠഭേദം കൂടി നമുക്കൊന്ന് വിശദീകരിച്ചു തര്വാ.
കാര്യക്കാര്‍: വൈദേശികനായ ഒരാചാര്യന്‍ ശിഷ്യശാഖകളോട് കൂടി ആഗതനാകും. മുഹമ്മദ് എന്നായിരിക്കും അദ്ദേഹം അറിയപ്പെടുക. എന്നതാണ് ഭവിഷ്യപുരാണത്തില്‍ പറയുന്നത്.
പെരുമാള്‍: ദീര്‍ഘനികായത്തില്‍ ശ്രീബുദ്ധന്‍ പറഞ്ഞ മൈത്രേയനും ഒരു പക്ഷേ മുഹമ്മദ് നബി തന്നെയാവണം.
കാര്യക്കാര്‍: ആണല്ലോ മൈത്രേയന്‍ എന്നാല്‍ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും മൂര്‍ത്തിമല്‍ഭാവം എന്നാണല്ലോ. അറബിയില്‍ ഇത് റഹ്മത്തുന്‍ ലില്‍ ആലമീന്‍. അറബികള്‍ പ്രവാചകനെ സംബോധന ചെയ്യുന്നത് അങ്ങനെയാണ്.
പെരുമാള്‍: അറബികളുമായുള്ള നിത്യ സമ്പര്‍ക്കംമൂലം കാര്യക്കാര്‍ക്ക് അറബി ഭാഷയില്‍ അപാര പാണ്ഡിത്യവുമായി.
കാര്യക്കാര്‍: (ചിരിക്കുന്നു). എല്ലാം അവിടുത്തെ കൃപാകടാക്ഷം. തന്നെയുമല്ല. അതുകൊണ്ട് മറ്റൊരു ഗുണം കൂടി കിട്ടി. അറബികള്‍ മലയാളവും ഹൃദിസ്ഥമാക്കി. പക്ഷേ, അവര്‍ അറബിയിലാണ് മലയാളമെഴുതുന്നത് എന്നുമാത്രം.
പെരുമാള്‍: അറേബ്യയില്‍ നിന്നുള്ള മാലിക് ദീനാറും സംഘവും എവിടെയാണ് തമ്പടിച്ചിരിക്കുന്നത്?
കാര്യക്കാര്‍: അവരെ കോവിലകത്തേക്ക് കൂട്ടിക്കൊണ്ടുവരാന്‍ പടനായരും സാന്തന്മാരും പോയിട്ടുണ്ട്. ചേരമാന്‍ തമ്പുരാന്റെ ഒരു കത്തുമായാണ് മാലിക് ദീനാര്‍ വന്നിട്ടുള്ളതെന്നാണ് പടനായര്‍ പറഞ്ഞത്.
പെരുമാള്‍: കേമായി, നമുക്ക് ചേരമാന്‍ തമ്പുരാന്റെ വിശേഷങ്ങളറിയാന്‍ തിടുക്കമായി.
കാര്യക്കാര്‍: തമ്പുരാനിപ്പോള്‍ താജുദ്ദീന്‍ പെരുമാളെന്നത്രെ അറിയപ്പെടുന്നത്!
പെരുമാള്‍: ചേരമാന്‍ തമ്പുരാനെന്നേ നാവില്‍ വരൂ. (ചെണ്ടമേളം).
കാര്യക്കാര്‍: തിരുമേനീ, മാലിക് ദീനാറും സംഘവും വന്നെന്നു തോന്നുന്നു.
പെരുമാള്‍: (എത്തിനോക്കി). എത്ര തേജസ്സിയാണദ്ദേഹം. ഇക്കണക്കിന് അറേബ്യയിലെ പ്രവാചകന്‍ എന്തുമാത്രം സാത്വികനായിരിക്കും.
മാലിക്ബ്‌നുദീനാര്‍: അസ്സലാമു അലൈക്കും.
പെരുമാള്‍: നമസ്‌ക്കാരം. (ആശ്ലേഷിക്കുന്നു).
മാലിക്ബ്‌നുദീനാര്‍: എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ പെരുമാളേ?
പെരുമാള്‍: പരമസുഖം. നമുക്ക് അറേബ്യയിലെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ തിടുക്കമായി.
മാലിക്ബ്‌നുദീനാര്‍: റഹ്മത്തുന്‍ ലില്‍ ആലമീനായ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ സ്‌നേഹാന്വേഷണങ്ങള്‍ അറിയിക്കുന്നു.
പെരുമാള്‍: നബി തിരുമേനി ദൈവത്തിന്റെ പ്രവാചകനാണെന്നുള്ളതിന് വല്ല ദൃഷ്ടാന്തവുമുണ്ടോ? അല്ല അതുണ്ടല്ലോ. ദൈവദൂതനാവുമ്പോ ദൃഷ്ടാന്തവും കാട്ടാറുണ്ടല്ലോ.
മാലിക്ബ്‌നുദീനാര്‍: ഉണ്ട് പെരുമാളേ, അദ്ദേഹം പൂര്‍ണ്ണ ചന്ദ്രനെ പിളര്‍ത്തി ദൃഷ്ടാന്തം കാണിച്ച ഒരു സംഭവം ഒരു പക്ഷേ താങ്കളും അറിഞ്ഞു കാണും.
പെരുമാള്‍:  അതുവ്വോ കാര്യക്കാര്‍?
കാര്യക്കാര്‍: ശരിയാണ് തിരുമേനീ, പത്തിരുപതാണ്ട് മുമ്പാണ് അത.് ചേരമാന്‍ തമ്പുരാനായിരുന്നു പെരുമാള്‍. തിരുമേനിയന്ന് കൊച്ചു കുഞ്ഞാ.
പെരുമാള്‍: അങ്ങനെയാണെങ്കില്‍, ഗ്രന്ഥാവലിയില്‍ അത് രേഖപ്പെടുത്തിക്കാണുമല്ലോ.
കാര്യക്കാര്‍: ഇപ്പോ തന്നെ കാണിക്കാം തിരുമേനീ. (പോകുന്നു)
മാലിക്ബ്‌നുദീനാര്‍: താജുദ്ദീന്‍ പെരുമാള്‍ അങ്ങേക്ക് ഒരു കത്ത് തന്നയച്ചിട്ടുണ്ട്.
പെരുമാള്‍: തിട്ടൂരം എന്ന് പറയണം, രാജാക്കന്മാരാകുമ്പോള്‍ അതാണ് ശരിയായ പ്രയോഗം.
(കത്ത് വായിക്കുന്നു). അമ്മാവന്റെ വിശേഷങ്ങളെന്തൊക്കെയാണ്.
മാലിക്ബ്‌നുദീനാര്‍: താജുദ്ദീന്‍ പെരുമാള്‍ നബി തിരുമേനിയെ കണ്ടു. പതിനേഴ് ദിവസം നബിയുടെ ആതിഥ്യം സ്വീകരിച്ചു മക്കയില്‍ താമസിച്ചു. ഹജ്ജ് കര്‍മ്മവും നിര്‍വ്വഹിച്ചു. മടക്കയാത്രയില്‍ അദ്ദേഹത്തിന് ജ്വരം ബാധിച്ചു. അങ്ങനെ ഞങ്ങളുടെ കപ്പല്‍ ഒമാന്‍ തീരത്തടുപ്പിച്ചു. ആറുമാസം ചികിത്സയിലായിരുന്നു. ഒടുവില്‍ ശഹര്‍മുഖല്ലയില്‍ വെച്ച് അദ്ദേഹം... ... ...
പെരുമാള്‍: തമ്പുരാനേ... (കരയുന്നു)
ഈ ദുഃഖം അടിയനെങ്ങനെ സഹിക്കും.
മാലിക്ബ്‌നുദീനാര്‍: സമാധാനമായിരിക്കൂ തമ്പുരാന്‍. മരണം എന്നത് മറ്റൊരു ജീവിതത്തിലേക്കുള്ള യാത്രയാണ്. പരലോക ജീവിതത്തിലേക്കുള്ള യാത്ര.
(കാര്യക്കാര്‍ വരുന്നു)
കാര്യക്കാര്‍: എന്താ തമ്പുരാന്‍?
പെരുമാള്‍:  നമ്മുടെ ചേരമാന്‍ തമ്പുരാന്‍ പോയി കാര്യക്കാരേ. നമ്മുടെ രാജ്യത്ത് നാല്പത് ദിവസത്തെ ദുഃഖാചരണം നടത്തുന്നതാണെന്ന് വിളംബരം ചെയ്യുക.
കാര്യക്കാര്‍: ഉത്തരവ്.
പെരുമാള്‍: കാര്യക്കാര്‍ ഈ തിട്ടൂരമൊന്ന് വായിക്ക്യ.
കാര്യക്കാര്‍: (കത്ത് വായിക്കുന്നു). എന്റെ അനന്തരവന്മാരും നാടുവാഴികളും അറിയാന്‍ ചേരമാന്‍ പെരുമാള്‍ എന്ന താജുദ്ദീന്‍ എഴുതുന്നത്. രോഗശയ്യയില്‍ വെച്ചാണ് ഈ കത്തെഴുതുന്നത്. എനിക്കിനി അധികം ആയുസ്സുണ്ടെന്ന് തോന്നുന്നില്ല. എന്റെ കൂട്ടുകാരായ മാലിക്ബ്‌നുദീനാറും കുറെ അറബികളും നിങ്ങളെ സമീപിക്കും. അവര്‍ക്ക് പള്ളി കെട്ടുന്നതിനും ഇസ്‌ലാം മതപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുക. മറ്റു വിശേഷങ്ങളെല്ലാം അവര്‍ പറയും. അല്ലാഹു ആയുസ്സ് നീട്ടുകയാണെങ്കില്‍ നേരില്‍ കാണാം. ഇന്‍ശാ അല്ലാ. നിങ്ങളെയെല്ലാം അല്ലാഹു അനുഗ്രഹിക്കട്ടെ.
പെരുമാള്‍: (കരയുന്നു). കാര്യക്കാര്‍ തമ്പുരാന്റെ അഭീഷ്ടങ്ങള്‍ക്കൊന്നും ഒരു കുറവും വരുത്തരുത്. മാലിക്ബ്‌നു ദീനാറിനും സംഘത്തിനും വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത്‌കൊടുക്കുക.
മാലിക്ബ്‌നുദീനാര്‍: ഈ നാട് ഇനി 'ഖൈറുല്‍ ആലം' നന്മയുടെ കേദാര ഭൂമി എന്ന് അറിയപ്പെടും.
അനൗണ്‍സര്‍: 'ഖൈറുല്‍ ആലം' ലോപിച്ചാണ് കേരളമുണ്ടായത്. കേരളത്തിന്റെ പ്രധാന തുറമുഖപട്ടണങ്ങളിലെല്ലാം മാലിക്ബ്‌നു ദീനാറും സംഘവും പള്ളികള്‍ കെട്ടിയുയര്‍ത്തി. ആദ്യം കെട്ടിയുയര്‍ത്തിയ കൊടുങ്ങല്ലൂര്‍ തീരത്തെ ചേരമാന്‍ ജുമാ മസ്ജിദാണ് ഇന്ത്യയിലെ ഒന്നാമത്തെ മുസ്‌ലിം ദേവാലയം.
മാലിക്ബ്‌നുദീനാറിന്റെയും കൂട്ടരുടെയും ജീവിതരീതിയും സ്വഭാവ വൈശിഷ്ഠ്യവും ശുചിത്വവും ജീവിത ലാളിത്യവും നാട്ടുകാരെ വളരെയേറെ ആകര്‍ഷിച്ചു. അതോടെ ഇസ്‌ലാം മതത്തിലേക്ക് കൂടുതല്‍ കൂടുതല്‍ അനുയായികളുണ്ടായി. അറബികളായ ആദ്യകാല മുസ്‌ലിംകള്‍ ഇവിടെ നിന്നും വിവാഹം ചെയ്ത് ഇവിടുത്തെ ജീവിതരീതികളുമായി ഇണങ്ങി ജീവിച്ചു തുടങ്ങി. ചേരമാന്‍ പെരുമാളിന്റെ അനന്തരവന്‍ കോഹിനൂര്‍ രാജകുമാരന്‍ മുഹമ്മദലി എന്ന പേര്‍ സ്വീകരിച്ച് ധര്‍മ്മടത്തെത്തി.
(ദൃശ്യങ്ങളില്‍ അതിന്റെ വിശദാംശങ്ങള്‍)
(മുഹമ്മദലി നമസ്‌ക്കരിക്കുന്നു.)

സീന്‍-17
ശ്രീദേവി തമ്പുരാട്ടി: ദീപം... ദീപം... ദീപം…
ശ്രീദേവി: മകനേ നിന്റെ പ്രാര്‍ത്ഥന രീതികളും ശുദ്ധിയും സ്വഭാവമഹിമയും കണ്ട് അമ്മയ്ക്ക് അഭിമാനം തോന്നുന്നു.
മുഹമ്മദലി: അമ്മേ- അറേബ്യയിലെ പ്രാകൃതരായ അറബികളെ പ്രവാചകതിരുമേനി സംസ്‌ക്കരിച്ചെടുത്തത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം കൊണ്ടാണ്. അദ്ദേഹം സത്യസന്ധനാണ്. അതുകൊണ്ട് തന്നെ അല്‍ അമീന്‍ എന്നാണ് അറബികള്‍ അദ്ദേഹത്തെ വിളിക്കുന്നത്. മുഹമ്മദ് നബിയൊരിക്കല്‍ സഫ-മര്‍വ കുന്നുകള്‍ക്കു മുകളില്‍ കയറിനിന്നു കൊണ്ട്  ഈ മലകള്‍ക്കപ്പുറത്തു നിന്ന് ശത്രു സൈന്യം നിങ്ങളെ ആക്രമിക്കാന്‍ വരുന്നെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ കൂട്ടരേ  എന്നു ചോദിച്ചു.
അറബികള്‍ പറഞ്ഞു, മുഹമ്മദ് എന്തുപറഞ്ഞാലും ഞങ്ങള്‍ വിശ്വസിക്കും. നീ അല്‍ അമീനാണ്. നബിതിരുമേനി പറഞ്ഞു: അങ്ങനെയാണെങ്കില്‍ ഖണ്ഡിതമായി ഞാന്‍ പറയുന്നു. ഈശ്വരന്‍ ഒന്നേയുള്ളൂ എന്ന്.
ശ്രീദേവി: നിന്റെ അമ്മാവനായ ചേരമാനും സത്യസന്ധനായിരുന്നു. എന്റെ നേരാങ്ങളയുടെ സത്യസന്ധതയും നബിതിരുമേനിയുടെ സത്യസന്ധതയും സത്യപ്പെടുത്തുന്ന നിന്റെ വേദത്തില്‍ ഞാനും വിശ്വസിക്കട്ടെ.

സീന്‍-18
(പുഴയോരം)
(ഉണ്ണിമായയും ആരതിയും)
ആരതി: കാഴ്ച കണ്ടത് മതി തമ്പുരാട്ടീ. സന്ധ്യയായി, വരൂ തമ്പുരാട്ടീ. വേഗം നീരാട്ട് കഴിച്ചെന്നു വരുത്തി പോകാം. ചിറയ്ക്കലമ്മയുടെ നടയില്‍ സന്ധ്യദീപം കൊളുത്തും മുമ്പ് അങ്ങെത്തണം.
ഉണ്ണിമായ: ആരതീ... വസ്ത്രം മാറല്ലേ.
ആരതി: എന്താ തമ്പുരാട്ടീ.
ഉണ്ണിമായ: ദാ അങ്ങോട്ട് നോക്ക്. പുഴയക്കരെ ഒരു പായ്ക്കപ്പല്‍. വഴിതെറ്റി വന്ന ഏതോ വിദേശകപ്പലാണ്. വേഷം കണ്ട് അറബികളാണെന്ന് തോന്നുന്നു.
ആരതി: (എത്തിനോക്കി) ഒരാളെ മാത്രമെ കാണുന്നുള്ളൂ. ആളൊരു സുന്ദരനാണ്.
ഉണ്ണിമായ: എവിടെ...?
ആരതി: വരൂ തമ്പുരാട്ടീ. നമുക്കാ ആല്‍മരത്തിനു പിന്നില്‍ മറഞ്ഞു നിന്ന് നോക്കാം.
ഉണ്ണിമായ: അയാളിങ്ങോട്ടെങ്ങാനും വരുമോ?
ആരതി: കെട്ടിലമ്മമാരുടെ കുളിക്കടവില്‍ കപ്പല്‍ നങ്കൂരം കെട്ടുന്ന അഹങ്കാരി ആരാണ്?
ഉണ്ണിമായ: പുഴക്കരെ നായന്മാരാരുമില്ലേ?
തോഴി: ആ കുഴിമടിയന്മാര്‍ ചൂതുകളിയിലായിരിക്കും.
ഉണ്ണിമായ: കെട്ടിലമ്മമാരുടെ കുളിക്കടവില്‍ പുരുഷ ഗന്ധമേല്‍ക്കാതിരിക്കാനാ അച്ഛന്‍ തമ്പുരാന്‍ കാവലിന്നേര്‍പ്പാട് ചെയ്തത്. എന്നിട്ടിപ്പോ. ഒരു വാളുണ്ടായിരുന്നെങ്കില്‍ ഞാന്‍ തന്നെ നേരിട്ടേനെ ആ ധിക്കാരിയെ.
ആരതി: തമ്പുരാട്ടീ അയാളതാ കരയിലേക്കിറങ്ങുന്നു. അയാളിങ്ങോട്ടാണ് വരുന്നത്. വരൂ തമ്പുരാട്ടീ, നമുക്കാ മറവിലേക്ക് മാറിനില്‍ക്കാം.
ഉണ്ണിമായ: നില്‍ക്കൂ ആരതീ. അയാളാരെന്നറിഞ്ഞിട്ടുതന്നെ കാര്യം. ചിറക്കല്‍ സ്വരൂപത്തിലെ പെണ്‍തരിയുടെ വീര്യം അയാളൊന്നറിയട്ടെ.
ഉണ്ണിമായ: ഒരടി മുമ്പോട്ട് വെയ്ക്കരുത്.
അലിരാജ: ഒരടി മുന്നോട്ട് വയ്ക്കരുതെന്നല്ലേ കല്‍പ്പന. രണ്ടടി പുറകോട്ട് വെക്കാം.
ഉണ്ണി മായ: നിങ്ങള്‍ ആരാണ്?
ആലിരാജ: ഞാനാരാണെന്ന് പറയാം. അതിനു മുമ്പ് വാനലോകത്തുനിന്നും ഭൂമിയിലേക്കു വന്നിറങ്ങിയ ഈ ഹൂര്‍ലിന്‍ ആരാണാവോ?
ഉണ്ണിമായ: ആരതീ, ഹുര്‍ലീന്‍ എന്നു വെച്ചാല്‍ എന്താണെന്ന് ചോദിക്കൂ.
ആലിരാജ: ഞങ്ങള്‍ മുസ്‌ലിംകളുടെ ഭാഷയില്‍ അപ്‌സരസ്സ് എന്ന് അര്‍ത്ഥം.
ഉണ്ണിമായ: അപ്പോ ഞാനും ഒരു മുസ്‌ലിം ആവേണ്ടി വരുമോ?
ആലിരാജ: എന്തിനാ?
ഉണ്ണിമായ: എന്തിനെന്നു ചോദിച്ചാ...
എന്തിനാ ആരതീ?
ആരതി: ആ... ... ... എനിക്കെങ്ങനെ അറിയാം?
ഉണ്ണിമായ: ഹുര്‍ലീന്‍ ആവാന്‍.
ആലിരാജ: (പൊട്ടിച്ചിരിക്കുന്നു).
ഉണ്ണിമായ: (ഭയപ്പെടുന്നു). ഇതെന്താ കൊലച്ചിരിയോ?
ആലിരാജ: എന്താ പേടിച്ചുപോയോ? ചിറയ്ക്കല്‍ സ്വരൂപത്തിലെ പെണ്‍തരിയുടെ വീറൊക്കെ ചോര്‍ന്നു പോയോ?
(ഉണ്ണിമായ ലജ്ജിച്ച് തലതാഴ്ത്തുന്നു.)
ആലിരാജ: ധര്‍മ്മടത്തുള്ള അപ്പുനായരാണ് പറഞ്ഞത്.
ഉണ്ണിമായ: എന്ത്?
ആലിരാജ: ചിറയ്ക്കല്‍ സ്വരൂപത്തിലെ ഈ ഹൂര്‍ലീനെ കുറിച്ച്.
ഉണ്ണിമായ: ഇന്നലെ ഇവിടെ ആ വെളുത്തേടന്‍ നായര്‍ വന്നിരുന്നു. അയാളെന്താ അങ്ങയോട് പറഞ്ഞത്?
ആലിരാജ: അലക്കാനുള്ള ഉടുപുടവകളില്‍ തമ്പുരാട്ടിയുടെ ഒരു മുടിയിഴയും പെട്ടിരുന്നു.
മൂന്നുമുഴം നീളമുള്ള ഒരു കാര്‍ക്കൂന്തലിഴ. എങ്കില്‍ ആ സുരസുന്ദരിയെയും കണ്ടിട്ടു തന്നെ കര്യമെന്ന് കരുതി.
ഉണ്ണിമായ: ധികാരിയാണല്ലേ.
ആലിരാജ: ധിക്കാരിയല്ല തമ്പുരാട്ടീ, ധീരത.
ഉണ്ണിമായ: ആരാണു നിങ്ങള്‍? അറേബ്യയില്‍ നിന്നുള്ള വല്ല രാജകുമാരനുമാണോ?
ആലി രാജ: അല്ല, ധര്‍മ്മമടത്തെ ശ്രീദേവി തമ്പുരാട്ടിയെ അറിയുമോ?
ഉണ്ണിമായ: അച്ഛന്‍തമ്പുരാന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ചേരമാന്‍ പെരുമാളുടെ ഇളയ പെങ്ങള്‍ ശ്രീദേവി തമ്പുരാട്ടിയെ കുറിച്ച്. വകയില്‍ ഒരു അമ്മായിയായിട്ടു വരും. അവരുടെ മകന്‍ ഒരു കോഹിനൂര്‍ രാജകുമാരനുണ്ടായിരുന്നു. അയാള്‍ ചേരമാന്റെ കൂടെ മക്കത്ത് പോയി എന്നും അച്ഛന്‍തമ്പുരാന്‍ പറയുന്നത് കേട്ടു.
ആലിരാജ: കേട്ടിട്ടേ ഉള്ളൂ അല്ലേ, എങ്കില്‍ കണ്ടോളൂ. ആ കോഹിനൂര്‍ രാജകുമാരനാണ് ഈ നില്‍ക്കുന്നത്. ഇപ്പോള്‍ മുഹമ്മദലി.
ഉണ്ണിമായ: ആലിരാജാവെന്നേ ഞാന്‍ വിളിക്കൂ.
ആലിരാജ: അങ്ങനെയെ വിളിക്കാവൂ. വേണമെങ്കില്‍ പ്രിയമുള്ള ആലിരാജ എന്ന് തമ്പുരാട്ടിക്ക് മധുരമായി വിളിക്കാവുന്നതാണ്.
ഉണ്ണിമായ: ഈ തമ്പുരാട്ടീ എന്ന വിളി ഒഴിവാക്കിക്കൂടേ?
ആലിരാജ: ഒഴിവാക്കാലോ. പക്ഷേ, പേര് പറഞ്ഞില്ല.
ഉണ്ണിമായ: ഉണ്ണിമായ ദേവി.
ആലിരാജ: ദേവിയല്ല, എന്റെ ബീവിയാണ്.
ഉണ്ണിമായ: നേരം ഒരുപാടായി അച്ഛന്‍ തമ്പുരാന്‍ തിരക്കുന്നുണ്ടാവും.
ആലിരാജ: ഓഹോ, എങ്കില്‍ വേഗം പൊക്കോള്ളൂ.
ഉണ്ണിമായ: നീരാട്ടിനായി പൊറപ്പെട്ടതാണ്. സന്ധ്യക്ക് ദീപാരാധന തൊഴണം.
ആലിരാജ: എങ്കില്‍ ഞാന്‍ പെട്ടെന്നു പൊയ്‌ക്കോള്ളാം.
(ആലിരാജ പോകുന്നു.)
ആരതി: തമ്പുരാട്ടിക്ക് ആ കാമദേവനെ ക്ഷ പിടിച്ചൂന്ന് തോന്നുണു.
ഉണ്ണിമായ: പറഞ്ഞു വരുമ്പോള്‍ അദ്ദേഹമെന്റെ മുറച്ചെറുക്കനാ.
ആരതി: പറഞ്ഞു വരുമ്പോഴല്ലെ, അതും വകയിലൊരു മുറച്ചെറുക്കന്‍. അതല്ല തമ്പുരാട്ടീ, ഇതുവരെ ഇങ്ങനെയൊരു ചെറുക്കനെ കുറിച്ച് തമ്പുരാട്ടി ഒന്നും ഉരിയാടിയിട്ടില്ലല്ലോ.
ഉണ്ണിമായ: ഹമ്പടി കേമീ. (ആരതി ഓടുന്നു. ഉണ്ണിമായ പുറകെ, ആരതി പുഴയിലേക്ക് എടുത്ത് ചാടുന്നു. ഉണ്ണിമായയും ചാടുന്നു. ആരതി കരയ്ക്കു കയറുന്നു. ഉണ്ണിമായയെ കാണുന്നില്ല)
ആരതി: തമ്പുരാട്ടീ പുഴയില്‍ നല്ല നീരൊഴുക്കുണ്ട്. ഇങ്ങ് വേഗം കയറി വരൂ തമ്പുരാട്ടീ. തമ്പുരാട്ടീ ഹയ്യോ.
തമ്പുരാട്ടീ. ഹയ്യോ ആരെങ്കിലുമൊന്ന് ഓടി വരണേ. തമ്പുരാട്ടി ഒഴുക്കില്‍ പെട്ടു ഭഗവതീ... ആരുമില്ലെ ഇവിടെ.
Next Story

RELATED STORIES

Share it