Flash News

യാത്രക്കാരൊത്തിരി പാഞ്ഞുപോയി; മലപ്പുറത്ത് പൂട്ടിപ്പോയ ഇഫ്‌ലു കാംപസിനെ പറ്റി ആരും ഒന്നും മിണ്ടിയില്ല

യാത്രക്കാരൊത്തിരി പാഞ്ഞുപോയി; മലപ്പുറത്ത് പൂട്ടിപ്പോയ ഇഫ്‌ലു കാംപസിനെ പറ്റി ആരും ഒന്നും മിണ്ടിയില്ല
X
റസാഖ് മഞ്ചേരി

EFLU_
മലപ്പുറം: മലയാളികളെ രക്ഷിക്കാന്‍ വടക്കുനിന്ന് അനന്തപുരിയിലേക്ക് വഴിപാട് യാത്രകള്‍ ഒത്തിരി കടന്നു പോയെങ്കിലും മലപ്പുറത്ത് പൂട്ടിപ്പോയ ഇഫ്‌ലു കാംപസിനെ പറ്റി ആരും ഒന്നും മിണ്ടിയില്ല. ഇടതും വലതും എന്നുവേണ്ട മൂക്ക് കീഴ്‌പ്പോട്ടുള്ള മുഴുവന്‍ സംഘടനകളും മലപ്പുറത്ത് രണ്ട് ദിവസം താവളമടിച്ച് നാടും നഗരവും ഇളക്കി മറിച്ചുവെന്നത് നേര്. എന്നാല്‍ മലപ്പുറത്തിന്റെ കൈവെള്ളയില്‍ വച്ചു തന്നതിന് ശേഷം മോദി സര്‍ക്കാര്‍ തിരിച്ചെടുത്ത ഇന്‍ഡ്യന്‍ ആന്റ് ഫോറിന്‍ ലാഗ്വേജസ് യൂനിവേഴ്‌സിറ്റിയുടെ റീജ്യനല്‍ സെന്ററിനെ കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ ആരും തയ്യാറാകാതിരുന്നത് ഏറെ ചര്‍ച്ചയായിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നയിച്ച ജനരക്ഷാ യാത്രയും പിണറായി വിജയന്റെ കേരള മാര്‍ച്ചും  ജില്ലയിലൂടെ കടന്നു പോയെങ്കിലും ഇഫ്‌ലുവിനെ കുറിച്ച് ഒരക്ഷരം ഉരിയാടിയില്ല. വെള്ളാപ്പള്ളിയും കുമ്മനവും ഒന്നും പറയാതെപോയതുപോലെയാണോ ഇടതു- വലതുയാത്രകളെന്നു മലപ്പുറത്തുകാര്‍ ചോദിക്കുക പോലും ചെയ്തു. ഇതിനെല്ലാം പുറമെ മലപ്പുറത്തിന്റെ കാവല്‍ മാലാഖമാരെന്നു സ്വയം ഊറ്റംകൊള്ളുന്ന സമുദായപ്പാര്‍ട്ടിയും മൗനംദീക്ഷിച്ചുവെന്നതാണ് ഏറെ കൗതുകകരം.

പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്ര ഇന്നലെ മലപ്പുറത്തു പര്യടനം നടത്തിയപ്പോഴും ഇഫ്‌ലു കാംപസിനെക്കുറിച്ച് ഒരക്ഷരം പ്രതികരിച്ചില്ല. മാത്രമല്ല, സംഗതി അത്ര കാര്യമാക്കാനില്ല എന്ന നിലപാടാണു സ്വീകരിച്ചതും. പ്രസ്‌ക്ലബ്ബില്‍ നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ മലപ്പുറത്ത് വലിയ വികസനമുണ്ടായി എന്നു പറഞ്ഞ കുഞ്ഞാലിക്കുട്ടി ഇഫ്‌ലു കാംപസ് നഷ്ട്‌പ്പെട്ടതു സംബന്ധിച്ച ചോദ്യത്തോട് അത് പിന്നീട് ചര്‍ച്ച ചെയ്യാം എന്നാണു പ്രതികരിച്ചത്. പാണക്കാട്ടെ 75 ഏക്കര്‍ ഭൂമി സ്വകാര്യ വ്യാവസായ കമ്പനികള്‍ക്ക് നല്‍കാനുള്ള നീക്കം നടക്കുന്നതായി നേരത്തെ ആരോപണമുണ്ടായിരുന്നത് ഇതിനോട് കൂട്ടി വായിക്കേണ്ടിവരും.
യുപിഎ സര്‍ക്കാറിന്റെ കാലത്താണ് മലപ്പുറത്ത് ഹൈദരാബാദ് ആസ്ഥാനമായ ഇഫ്‌ലു സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കാംപസ് ആരംഭിക്കാനായി പാണക്കാട് ഇന്‍കെല്ലിന്റെ അധീനതയിലുള്ള 75 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ വിട്ടു നല്‍കിയതായി പ്രഖ്യാപനമുണ്ടായി. 2013ല്‍ ധാരണാപത്രം ഒപ്പിട്ടു. ഫ്രഞ്ച്, ഇംഗ്ലീഷ് ഡിപ്ലോമ കോഴ്‌സുകള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ വാടകക്കെട്ടിടത്തില്‍ ആരംഭിച്ച കോഴ്‌സുകള്‍ ഒരു വര്‍ഷത്തിന് ശേഷം നിര്‍ത്തലാക്കി. തുടങ്ങുമെന്നു പ്രഖ്യാപിച്ചിരുന്ന സ്പാനിഷ്, ജര്‍മ്മന്‍, അറബിക് കോഴ്‌സുകള്‍ തുടങ്ങിയതുമില്ല. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ല എന്ന കാരണം പറഞ്ഞാണ് ഇഫ്‌ലു വൈസ്ചാന്‍സ്‌ലര്‍ ഡോ. സുനൈന മലപ്പുറത്തെ സെന്റര്‍ പൂട്ടാന്‍ ഉത്തരവിട്ടത്. ഉര്‍വശീ ശാപം ഉപകാരം എന്ന മട്ടിലാണു സംസ്ഥാന സര്‍ക്കാറിന്റെ ഇക്കാര്യത്തോടുള്ള പ്രതികരണമുണ്ടായത്.

പാണക്കാട്ടെ ഭൂമി ഇഫ്‌ലുവിനു നല്‍കുന്നതില്‍ റവന്യൂവകുപ്പ് തടസ്സവാദങ്ങള്‍ ഉന്നയിച്ചിരുന്നതും ശ്രദ്ധേയം. വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവര്‍ കേന്ദ്ര മാനവശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ടുവന്ന് വരുത്തി തീര്‍ത്തതല്ലാതെ കാംപസ് പുനസ്ഥാപിക്കാന്‍ കാര്യമായ ഇടപെടലുകള്‍ നടത്തിയില്ല. സംഘപരിപാര സംഘടനകള്‍ മലപ്പുറം സെന്റിനെതിരേ കുപ്രചാരണം നടത്തിയപ്പോള്‍ അതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ പോലും രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വന്നതുമില്ല. ഇതിനിടെ കഴിഞ്ഞ ജനുവരി 27 ാംതിയ്യതി ഈ ഭൂമി തിരിച്ചെടുത്തുകൊണ്ട്  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭാ യോഗത്തില്‍ പുതിയ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. മലപ്പുറം കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനു വേണ്ടി 25 ഏക്കര്‍ ഭൂമിയും വനിതാ കോളജിന് വേണ്ടി അഞ്ച് ഏക്കര്‍ ഭൂമിയുമാണു തിരിച്ചെടുത്തിരിക്കുന്നത്. ബാക്കിയുള്ളതില്‍ 30 ഏക്കര്‍ ഇഫ്‌ലുവിന് വേണ്ടി കരുതിവെയ്ക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യപിച്ചു. 15 എന്തു ചെയ്യുമെന്ന് കാര്യം അവ്യക്തവും. കേന്ദ്രസര്‍ക്കാറിന് കേരളത്തില്‍ ഇഫ്‌ലു കാംപസ് തുടങ്ങാന്‍ താല്‍പ്യമില്ലാത്ത സാഹചര്യത്തിലാണിതെന്ന ന്യായവും അദ്ദേഹം പറഞ്ഞു. ഇതോടെ സംസ്ഥാനത്തിന്റെ സ്വപ്‌നമായിരുന്ന ഇഫ്‌ലു തിരിച്ചു വരുന്നതിനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. മലപ്പുറത്തിന് യുഡിഎഫ് സര്‍ക്കാറിന്റെ സമ്മാനം എന്നായിരുന്നു ഇഫ്‌ലു കാംപസിന് സ്ഥലം നല്‍കുന്നതിന്റെ ധാരണാപത്ര കൈമാറ്റ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിരുന്നത്. ലീഗിന്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്ന അറബി സര്‍വകലാശാലയും നഷ്ടപ്പെട്ട ഇഫ്‌ലുവും വികസന വായാടിത്തങ്ങള്‍ക്കിടെ ലീഗിനെ വേട്ടയാടിയേക്കുമെന്നാണ് രാഷ്ട്രിയ നിരീക്ഷണം.
Next Story

RELATED STORIES

Share it