Gulf

യാത്രക്കാരുടെ വര്‍ധനവ് കൈകാര്യം ചെയ്യാന്‍ ഹമദിന് സാധിക്കും

ദോഹ: ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ തിരക്ക് എല്ലാ റെക്കോഡുകളും ഭേദിച്ച് മുന്നേറുന്നു. എന്നാല്‍, കൂടി വരുന്ന തിരക്ക് സുഗമമായി കൈകാര്യം ചെയ്യാന്‍ വിമാനത്താവളത്തില്‍ വരുത്തിയ പുതിയ വികസന പദ്ധതികള്‍ക്കു സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 88 ലക്ഷം യാത്രക്കാര്‍ ഹമദ് വിമാനത്താവളം വഴി കടന്നു പോയതായി ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 20 ശതമാനം കൂടുതലാണിത്.
ജനുവരിയായിരുന്നു 2014ല്‍ വിമാനത്താവളം തുറന്നതു മുതലുള്ള ഏറ്റവും തിരക്കേറിയ മാസം. 31 ലക്ഷം യാത്രക്കാരായിരുന്നു ജനുവരിയില്‍ ഹമദ് വിമാനത്താവളം ഉപയോഗപ്പെടുത്തിയത്. 30 ലക്ഷം യാത്രക്കാര്‍ കടന്നു പോയ 2015 ആഗസ്തായിരുന്നു അതിന് മുമ്പത്തെ റെക്കോഡ്.
യാത്രക്കാരുടെ എണ്ണം തുടര്‍ച്ചയായി കൂടുന്നത് വിമാനത്താവളത്തില്‍ നീണ്ട ക്യൂവിന് ഇടയാക്കുന്നതായി റിപോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇനിയും കൂടുതല്‍ യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് എയര്‍പോര്‍ട്ട് സിഒഒ ബദര്‍ മുഹമ്മദ് അല്‍മീര്‍ ഇന്നലെ പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ഡി, ഇ കോണ്‍കോഴ്‌സുകള്‍ പ്രവര്‍ത്തന ക്ഷമമാക്കിയതും ടെര്‍മിനലുകളില്‍ നടപ്പാക്കിയ പുതിയ സാങ്കേതിക വിദ്യയും കൂടുതല്‍ യാത്രക്കാരെയും ചരക്കുകളും കൈകാര്യം ചെയ്യാന്‍ വിമാനത്താവളത്തെ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വരും വര്‍ഷങ്ങളിലും യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാവുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2020ഓടെ 5.3 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന രീതിയിലുള്ള വികസനമാണ് ഹമദ് വിമാനത്താവള അധികൃതര്‍ ലക്ഷ്യമിടുന്നത്. ഭാഗികമായി തുറന്ന ഡി, ഇ കോണ്‍കോഴ്‌സുകള്‍ പൂര്‍ണമായി തുറക്കുന്നതിനുള്ള പ്രവര്‍ത്തികളും പുരോഗമിക്കുകയാണ്. ഈ പുതിയ കോണ്‍കോഴ്‌സുകള്‍ വിമാനത്താവളത്തിന്റെ ഹൃദയ ഭാഗമായി മാറും.
60 ശതമാനം യാത്രക്കാരെ ഇവയ്ക്കു കൈകാര്യം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍ദിഷ്ട വികസനത്തിലൂടെ പാസഞ്ചര്‍ ടെര്‍മിനലിന്റെ വിസ്തീര്‍ണം 10 ലക്ഷം ചതുരശ്ര മീറ്ററില്‍ കൂടുതലായി വര്‍ധിക്കും. കോണ്ടാക്ട് ഗേറ്റുകളുടെ എണ്ണം ഇരട്ടിയായി(61) മാറും. ബസ്സുകളില്‍ യാത്രക്കാരെ എത്തിക്കേണ്ടി വരുന്ന റിമോട്ട് ഗേറ്റുകള്‍ 14 ആവും.
അറൈവലും ഡിപാര്‍ച്ചറും കൂട്ടിച്ചേര്‍ത്താണ് ഹമദ് യാത്രക്കാരുടെ എണ്ണം കണക്കു കൂട്ടുന്നത്. അത് പ്രകാരം പുറത്തു നിന്ന് വന്ന് ദോഹ വഴി കടന്നു പോവുന്നവരുടെ(ട്രാന്‍സ്ഫറിങ് പാസഞ്ചര്‍) എണ്ണം ഇരട്ടിയായാണ് കണക്കു കൂട്ടുക.
ട്രാന്‍സ്ഫറിങ് പാസഞ്ചര്‍മാരുടെ എണ്ണം ഒറ്റയായി കണക്കാക്കിയാല്‍ വികസന-ആസൂത്രണ-സ്ഥിതി വിവരക്കണക്ക് മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 17.7 ലക്ഷമാണ്. അതായത് ഹമദ് പുറത്തുവിട്ട കണക്കിനേക്കാള്‍(27.2 ലക്ഷം) 10 ലക്ഷം കുറവാണിത്.
Next Story

RELATED STORIES

Share it