യാത്രക്കാരന് പീഡനം: ആരോപണ വിധേയനായ കസ്റ്റംസ് ഓഫിസറെ സ്ഥലംമാറ്റി

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടാഴ്ച മുമ്പ് കാസര്‍കോട് സ്വദേശിയായ യാത്രക്കാരനെ തടഞ്ഞുവച്ചു പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ കസ്റ്റംസ് ഓഫിസറെ സ്ഥലംമാറ്റി. വിമാനത്താവള എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് സൂപ്രണ്ട് ഫ്രാന്‍സിസ് കോടങ്കണ്ടത്തിനെയാണ് സ്ഥലം മാറ്റിയത്.
രണ്ടാഴ്ച മുമ്പ് കാസര്‍കോട് സ്വദേശിയായ യാത്രക്കാരനെ ബാഗേജ് പരിശോധനയുടെ പേരില്‍ പീഡിപ്പിച്ചെന്നായിരുന്നു കേസ്. രാവിലെ വന്നിറങ്ങിയ യാത്രക്കാരനെ തടഞ്ഞ് വൈകീട്ടോടെയാണു വിട്ടയച്ചത്. പ്രശ്‌നം വിവാദമായതോടെ കസ്റ്റംസിനെതിരേ പോലിസ് അന്വേഷണം നടത്തിയിരുന്നു. യാത്രക്കാരനെ കസ്റ്റംസ് ഹാളില്‍ കൊണ്ടുവന്ന് തെളിവെടുപ്പും നടത്തി. യാത്രക്കാരനെതിരേ കസ്റ്റംസ് നല്‍കിയ പരാതിയിലും അന്വേഷണം നടന്നുവരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും രംഗത്തുവന്നിരുന്നു. ആരോപണ വിധേയനായ കസ്റ്റംസ് ഓഫിസര്‍ ഫ്രാന്‍സിസിനെതിരേ കസ്റ്റംസ് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് സ്ഥലംമാറ്റം എന്നറിയുന്നു.
വിമാനത്താവള എയര്‍ കസ്റ്റംസില്‍ രണ്ടു വര്‍ഷത്തിലേറെയായി ജോലി ചെയ്തുവരുകയാണ് ഫ്രാന്‍സിസ്. എന്നാല്‍, എയര്‍ കസ്റ്റംസില്‍ ഡിസംബര്‍ മാസത്തിലാണ് സ്ഥലംമാറ്റം ഉണ്ടാവാറെന്നും ഇതിന്റെ ഭാഗമായുള്ള സ്ഥലംമാറ്റം മാത്രമാണു നടക്കുന്നതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
Next Story

RELATED STORIES

Share it