യമന്‍: അറബ് സഖ്യസേനാ ആക്രമണത്തില്‍ 40ലധികം ഹൂഥികള്‍ കൊല്ലപ്പെട്ടു

സന്‍ആ: യമന്‍ തലസ്ഥാനമായ സന്‍ആയിലെ വടക്കുകിഴക്കന്‍ മേഖലയില്‍ സൗദി നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 40ലധികം ഹൂഥികള്‍ കൊല്ലപ്പെട്ടു.
ഹൂഥികളുടെയും അവരുടെ സഖ്യകക്ഷികളുടെയും നിയന്ത്രണത്തിലുള്ള സന്‍ആയില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ഫര്‍ദത് നെഹിമിലാണ് ആക്രമണമുണ്ടായത്.
സന്‍ആയിലെ തന്ത്രപ്രധാന മേഖലയായ ഫര്‍ദത് നെഹിമില്‍ നിന്നും ഹൂഥികളെ തുരത്തുന്നതിന് സര്‍ക്കാര്‍ സൈന്യം ആക്രമണം ശക്തമാക്കിയതോടെ മേഖലയില്‍ ദിവസങ്ങളായി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഹൂഥി തിരിച്ചടിയില്‍ ആറു സര്‍ക്കാര്‍ സൈനികരും കൊല്ലപ്പെട്ടതായാണ് വിവരം. 30 ഹൂഥികളെ തടവിലാക്കിയെന്നും ഹൂഥി ക്യാംപ് സൈന്യം വളഞ്ഞതായും സര്‍ക്കാര്‍ അറിയിച്ചു. ആക്രമണത്തില്‍ അഞ്ചു സിവിലിയന്‍മാരും കൊല്ലപ്പെട്ടതായി ഗോത്രവിഭാഗങ്ങളെ ഉദ്ധരിച്ച് അസോഷ്യേറ്റഡ് പ്രസ്സ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. സൗദി സഖ്യസേന ആക്രമണം ആരംഭിച്ചതു മുതല്‍ 5,800 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയെ അധികാരത്തില്‍ തിരിച്ചെത്തിക്കാന്‍ സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേന യമനില്‍ ആക്രമണം ആരംഭിച്ചത്.
Next Story

RELATED STORIES

Share it