യമനിലെ തവാഹില്‍ ഗ്രനേഡാക്രമണം; ഏദന്‍ ഗവര്‍ണര്‍ കൊല്ലപ്പെട്ടു

സന്‍ആ: അജ്ഞാതരുടെ ഗ്രനേഡാക്രമണത്തില്‍ യമനിലെ തെക്കന്‍ തുറമുഖനഗരമായ ഏദനിലെ ഗവര്‍ണറും അംഗരക്ഷകരും കൊല്ലപ്പെട്ടു. മേജര്‍ ജനറല്‍ ജാഫര്‍ മുഹമ്മദ് സഅ്ദും അഞ്ച് അംഗരക്ഷകരുമാണ് കൊല്ലപ്പെട്ടതെന്നു യമനി പോലിസിനെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സിയായ സാബാ റിപോര്‍ട്ട് ചെയ്യുന്നു. കാറില്‍ സഞ്ചരിച്ച ഇവര്‍ക്കു നേരെ റോക്കറ്റ് ഘടിപ്പിച്ച ഗ്രനേഡുപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ഏദനിലെ തവാഹിയിലായിരുന്നു സംഭവം.
അല്‍ഖാഇദ പോരാളികള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മേഖലയാണ് തവാഹി. യമനി പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ അടുത്ത അനുയായിയായ സഅദ് ഹൂഥികളില്‍നിന്നു നഗരം പിടിച്ചെടുക്കുന്നതിന് നിര്‍ണായക പങ്കു വഹിച്ചതിനു പിന്നാലെ ഒക്ടോബറിലാണ് ഏദന്‍ ഗവര്‍ണറായി നിയമിക്കപ്പെട്ടത്. അതേസമയം, ആക്രമണ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.
എട്ടു മാസമായി തുടരുന്ന സംഘര്‍ഷത്തിനു പരിഹാരം കാണുന്നതിനായി യമനിലെ യുഎന്‍ ദൂതന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുമായി ഏദനില്‍ ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ആക്രമണം.
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ രാജ്യത്ത് ഐഎസ് ചുവടുറപ്പിച്ചു വരുകയാണ്. തലസ്ഥാനമായ സന്‍ആ ഉള്‍പ്പെടെ യമനിന്റെ ഭൂരിഭാഗം പ്രവിശ്യകളും ഹൂഥി വിമതര്‍ പിടിച്ചെടുക്കുകയും ഹാദി ഭരണകൂടം സൗദിയിലേക്കു രക്ഷപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഈ വര്‍ഷാദ്യം സൗദി നേതൃത്വത്തിലുള്ള സഖ്യസേന ഹൂഥികള്‍ക്കെതിരേ വ്യോമാക്രമണം നടത്തിവരുകയാണ്. വ്യോമ-കരയാക്രമണങ്ങളില്‍ 5700ലധികം പേര്‍ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്.
മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിനെ പിന്തുണയ്ക്കുന്ന ഹൂഥികളും സര്‍ക്കാരും തമ്മില്‍ യുഎന്‍ മധ്യസ്ഥതയില്‍ ഈ മാസം കൂടിക്കാഴ്ച നടത്താന്‍ ശ്രമം നടക്കുന്നുണ്ട്. ശനിയാഴ്ചയും ഏദനില്‍ ആക്രമണമുണ്ടായിരുന്നു. മുഖം മൂടി ധാരികളായ സായുധസംഘം നടത്തിയ ആക്രമണത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനായ കേണല്‍ അഖീല്‍ അല്‍ഖദര്‍, ജഡ്ജി മൊഹ്‌സന്‍ ആല്‍വാന്‍ എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it