യമനിലെ ഇറാന്‍ എംബസി ആക്രമണം; ആരോപണം നിഷേധിച്ച് അറബ് സഖ്യസേന

തെഹ്‌റാന്‍: യമന്‍ തലസ്ഥാനമായ സന്‍ആയിലെ തങ്ങളുടെ എംബസിക്കു നേരെ സൗദി അറേബ്യ വ്യോമാക്രമണം നടത്തിയെന്ന ഇറാന്റെ ആരോപണം അറബ് സഖ്യസേനയും യമന്‍ വിദേശകാര്യ മന്ത്രാലയവും നിഷേധിച്ചു. ആരോപണം തള്ളിയ സഖ്യസേന ആരോപണം അടിസ്ഥാനരഹിതവും നിരര്‍ഥകവുമാണെന്ന് കുറ്റപ്പെടുത്തി.
എംബസിക്കു നേരെയോ സമീപത്തോ ഒരു സൈനിക ഓപറേഷനും നടത്തിയിട്ടില്ലെന്നും സഖ്യസേന അവകാശപ്പെട്ടു. ബുധനാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ നിരവധി ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ വിദേശകാര്യ മന്ത്രാലയവക്താവ് ആരോപിച്ചിരുന്നു. സൗദിയുടെ ആക്രമണം കരുതിക്കൂട്ടിയായിരുന്നെന്നും നയതന്ത്ര കാര്യാലയങ്ങളെ ആക്രമിക്കാന്‍ പാടില്ലെന്ന യുദ്ധനിയമംപോലും സൗദി പാലിച്ചില്ലെന്നും ഇറാന്‍ ആരോപിച്ചിരുന്നു. എന്നാല്‍, നയതന്ത്ര കാര്യാലയത്തിനു സമീപമാണു മിസൈല്‍ പതിച്ചതെന്നു പിന്നീട് ഇറാന്‍ അറിയിച്ചു. നയതന്ത്ര കാര്യാലയത്തിന്റെ പ്രധാന കെട്ടിടത്തിന് കേടുപാട് സംഭവിച്ചില്ലെന്നും വ്യക്തമാക്കി. യമനിലെ ഹൂഥി വിമതര്‍ക്കെതിരേയാണ് സൗദി നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണം നടത്തുന്നതെന്നും അവര്‍ ചിലപ്പോള്‍ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളും എംബസികളും താവളമാക്കാറുണ്ടെന്നും സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അസേരി പറഞ്ഞു.
ഭീകരബന്ധം ആരോപിച്ചു ശിയാ പണ്ഡിതനായ ശെയ്ഖ് നിംറ് അല്‍ നിംറിനെ സൗദി വധശിക്ഷയ്ക്ക് വിധേയമാക്കിയതോടെ ഇറാനും സൗദിയും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്.
Next Story

RELATED STORIES

Share it