ernakulam local

യന്ത്ര തകരാറിനെ തുടര്‍ന്ന് യാത്രാ ബോട്ട് ഒഴുകി നടന്നു

മട്ടാഞ്ചേരി: യന്ത്രം നിലച്ച് ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ട് കൊച്ചി കായലില്‍ ഒഴുകി നടന്നു. വൈപ്പിന്‍- എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ എസ് 33 ബോട്ടാണ് സിഒടിക്ക് സമീപത്തുവച്ച് യന്ത്ര തകരാറിനെ തുടര്‍ന്ന് ഒഴുകി നടന്നത്.
ഇന്നലെ വൈകീട്ട് മൂന്നരയോടെ എറണാകുളത്തുനിന്ന് വൈപ്പിനിലേക്ക് പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മുപ്പത്തിയഞ്ചോളം യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ട് ഏറെ നേരം ഒഴുകിയതോടെ യാത്രക്കാര്‍ ഭയന്ന് നിലവിളിച്ചു. ഒടുവില്‍ ജലഗതാഗത വകുപ്പിന്റെ തന്നെ ബോട്ടായ എസ് 28 എത്തി അപകടത്തില്‍പ്പെട്ട ബോട്ടിനെ കെട്ടി വലിച്ച് കരക്കെത്തിക്കുകയായിരുന്നു.
യാത്രക്കാരെ ഐലന്റ് എംബാര്‍ക്കേഷന്‍ ജെട്ടിയില്‍ ഇറക്കിയ ശേഷമാണ് ബോട്ട് എറണാകുളം ജെട്ടിയിലേക്ക് എത്തിച്ചത്. കൊച്ചി കായലില്‍ സര്‍വീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെയും സ്വകാര്യ സര്‍വീസ് നടത്തുന്ന ബോട്ടുകളിലെ പലതും അപകടാവസ്ഥയിലാണെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ബോട്ട് കായലില്‍ ഒഴുകിയ സംഭവം കൂടുതല്‍ ആശങ്ക പരത്തുന്നത്. ഫോര്‍ട്ട്‌കൊച്ചി ബോട്ടപകടത്തിന് ശേഷം ഇത് രണ്ടാം തവണയാണ് ജലഗതാഗത വകുപ്പിന്റെ ബോട്ട് അപകടത്തില്‍പെടുന്നത്. നേരത്തേ നേവിയുടെ പരിശീലത്തിനിടെയുണ്ടായ ഓളപ്പരപ്പിലകപ്പെട്ട സംഭവവുമുണ്ടായി.
Next Story

RELATED STORIES

Share it