kasaragod local

യന്ത്രവല്‍കൃത ബോട്ടുകള്‍ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയാവുന്നു

മൊഗ്രാല്‍: നിയന്ത്രണങ്ങളും വിലക്കുകളും മറികടന്ന് യന്ത്രവല്‍കൃത ബോട്ടുകളുടെ മല്‍സ്യബന്ധനം പരമ്പരാഗത മല്‍സ്യതൊഴിലാളികള്‍ക്ക് ഭീഷണിയാവുന്നു. അശാസ്ത്രീയമായ മല്‍സ്യബന്ധനം, അമിത ചൂഷണം, മീന്‍ കുഞ്ഞുങ്ങളെ കോരിയെടുക്കല്‍, നിരോധിത മേഖലയിലെ കടന്നുകയറ്റം തുടങ്ങി നിരവധി പരാതികളാണ് മല്‍സ്യബന്ധന മേഖലയില്‍ ഉയരുന്നത്.
പരമ്പരാഗത മല്‍സ്യതൊഴിലാളികളുടെ മല്‍സ്യ ബന്ധനം ജലനിരപ്പില്‍ ഒതുങ്ങുമ്പോള്‍ അടിത്തട്ട് വരെ വാരിയെടുക്കുന്ന രീതിയാണ് യന്ത്രവല്‍കൃത ബോട്ടുകളുടേത്. സാധാരണ മല്‍സ്യതൊഴിലാളികളെ പിഴുതുമാറ്റുന്ന നടപടിയാണ് ബോട്ടുകളുടേതെന്ന് തൊഴിലാളികള്‍ പറയുന്നു. മല്‍സ്യങ്ങളുടെ പ്രധാന പ്രജനന മേഖലകളില്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ മല്‍സ്യബന്ധനം നടത്തുന്നത് നേരത്തേ വിലക്കിയിരുന്നു. മല്‍സ്യകുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തുപോകാതിരിക്കാനും മല്‍സ്യസമ്പത്ത് കുറഞ്ഞ് പോകാതിരിക്കാനാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ പരമ്പരാഗത മല്‍സ്യതൊഴിലാളികള്‍ക്ക് മാത്രം അനുവദിച്ചിരുന്ന പ്രദേശത്ത് പോലും അനധികൃതമായി ബോട്ടുകള്‍ എത്തുകയാണ്.
നേരത്തേ തീരത്തിന് നിശ്ചിത മീറ്റര്‍ വരെ മാത്രമേ ബോട്ടുകള്‍ക്ക് മീന്‍ പിടിക്കാന്‍ പ്രവേശനാനുമതി ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ സാധാരണക്കാര്‍ മീന്‍ പിടിച്ചു കൊണ്ടിരിക്കുന്ന ജനനിരപ്പില്‍ നിന്ന് തന്നെ മീന്‍ പിടിക്കാന്‍ ബോട്ടുകള്‍ എത്തുന്നതായി പരമ്പരാഗത മല്‍സ്യതൊഴിലാളികള്‍ പറയുന്നു. ആഴക്കടലില്‍ നിന്ന് കൂന്തലും ചെമ്മീനും പിടിച്ച് കൊണ്ടിരുന്ന യന്ത്രവല്‍കൃത ബോട്ടുകള്‍ ഇപ്പോള്‍ പരമ്പരാഗതമായി മല്‍സ്യം പിടിക്കുന്ന പ്രധാന ആശ്രയമായിരുന്ന മത്തിയേയും അയലയുമൊക്കെ പിടിക്കാനെത്തുന്നത് തൊഴിലാളികളെ ആശങ്കയിലാക്കുന്നു. അത്യാധുനിക ബോട്ടുകളുമായാണ് എത്തുന്നത്.
അന്യജില്ലയില്‍ നിന്നും ഇങ്ങനെ നിരവധി ബോട്ടുകള്‍ എത്തുന്നുണ്ട്. തീരദേശത്ത് ജോലിയിലുള്ള പോലിസിനോട് പരാതി പറഞ്ഞാല്‍ ഗൗനിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. മല്‍സ്യം കിട്ടുന്ന സമയത്താണ് തീരത്തെ ബോട്ടുകളുടെ മല്‍സ്യ ബന്ധനം ഭീഷണിയായിട്ടുള്ളത്.
വര്‍ഷത്തില്‍ മൂന്നോ നാലോ മാസമാണ് പരമ്പരാഗത മല്‍സ്യതൊഴിലാളികള്‍ കടലിലിറങ്ങുന്നത്. കടലിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന പരമ്പരാഗത മല്‍സ്യതൊഴിലാളികളെ പട്ടിണിയിലേക്ക് നയിക്കുന്ന നടപടികളില്‍ നിന്ന് ബോട്ടുടമകള്‍ പിന്തിരിയണമെന്നാണ് പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it