യന്ത്രത്തകരാര്‍: എയര്‍ ആംബുലന്‍സ് വയലില്‍ ഇടിച്ചിറക്കി; ഏഴുപേര്‍ക്കു പരിക്ക്

ന്യൂഡല്‍ഹി: ബിഹാര്‍ തലസ്ഥാനമായ പട്‌നയില്‍നിന്നു ഹൃദ്രോഗി ഉള്‍പ്പെടെ ഏഴു പേരുമായി ഡല്‍ഹിയിലേക്കു പുറപ്പെട്ട എയര്‍ആംബുലന്‍സ് യന്ത്രത്തകരാറിനെ തുടര്‍ന്ന് നജഫ്ഗഡില്‍ ഇടിച്ചിറക്കി. ആല്‍ക്കെമിസ്റ്റ് എയര്‍വെയ്‌സിന്റെ എയര്‍ ആംബുലന്‍സാണ് തെക്കന്‍ ഡല്‍ഹിയിലെ നജഫ്ഗഡില്‍ ഇടിച്ചിറക്കിയത്. ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെയാണ് സംഭവം. സംഭവത്തില്‍ ഏഴുപേര്‍ക്കും പരിക്കേറ്റു. എന്‍ജിന്‍ തകരാറാണ് സംഭവത്തിനു കാരണമെന്ന് പൈലറ്റുമാര്‍ വ്യക്തമാക്കി. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്.
പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്‌നയില്‍ നിന്നു രാവിലെ 11.45നു പുറപ്പെട്ട ആംബുലന്‍സ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ നിമിഷങ്ങള്‍ ശേഷിക്കെയാണ് അടിയന്തരമായി പാടത്തേക്ക് ഇടിച്ചിറക്കിയത്.
സംഭവസ്ഥലത്തു നിന്നും ആറു നോട്ടിക്കല്‍ മൈല്‍ മാത്രം ദൂരെയാണ് വിമാനത്താവളം. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പോലിസില്‍ വിവരം അറിയിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് വ്യോമയാന മന്ത്രാലയം ഉത്തരവിട്ടു.
Next Story

RELATED STORIES

Share it