Religion

യന്ത്രങ്ങളും ജീവിതവും








ഹൃദയതേജസ്   /  ടി.കെ. ആറ്റക്കോയ






ഇന്നോ പ്രസംഗകരെ നേരില്‍ കണ്ട് പറയുന്നു. സോഷ്യല്‍ മീഡിയ വഴി സന്ദേശങ്ങള്‍ പൊയ്‌ക്കൊണ്ടിരിക്കും. ദിനേന മൊബൈല്‍ കോളുകളും. ഒരു ദിവസം വിളിക്കാതിരുന്നാല്‍ മതി പങ്കെടുക്കാതിരിക്കാന്‍. അല്ലെങ്കില്‍ സമയത്തിനെത്താതിരിക്കാന്‍ അതുമതി. യന്ത്രങ്ങള്‍ സംസ്‌കാരത്തെ കീഴടക്കുകയോ?








ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പുരോഗതി ദൂരത്തെയും ഭാരത്തെയും സമയദൈര്‍ഘ്യത്തെയും അധ്വാനത്തെയും സങ്കല്‍പിക്കാന്‍ കഴിയാത്തവിധം ലഘൂകരിച്ചിരിക്കുന്നു. പുതുതായി എന്തെങ്കിലും കണ്ടുപിടിക്കാനില്ലെന്നു തോന്നും വിധം ജീവിതസൗകര്യങ്ങള്‍ ഇന്നു നാം ആസ്വദിച്ചുകൊണ്ടിരിക്കുന്നു. പഴയതും പുതിയതുമായ ജീവിതാനുഭവങ്ങള്‍ താരതമ്യം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് വലിയ വിസ്മയവും ആശ്ചര്യവുമുണ്ടാവും.
പണ്ടൊക്കെ പ്രവാസം വളരെ കഠിനമായ ഒരു അനുഭവമായിരുന്നു. അന്നെല്ലാം വിദേശരാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നവര്‍ക്ക് പിന്നീട് നാട്ടില്‍ തിരിച്ചെത്തും വരെ വിവരങ്ങള്‍ അറിയാനും അറിയിക്കാനുമുള്ള ഏകമാര്‍ഗം കത്തായിരുന്നു. ‘എത്രയും ബഹുമാനപ്പെട്ട’ എന്നാരംഭിക്കുന്ന ജമീലിന്റെ കത്തുപാട്ട് വളരെ പ്രശസ്തമാണ്.

തപാല്‍ ഉരുപ്പടികള്‍ എത്തിച്ചേരുന്ന നേരങ്ങളില്‍ പല പ്രദേശങ്ങളിലെയും പോസ്റ്റ് ഓഫിസുകളില്‍ ചെറിയ ഒരു ജനക്കൂട്ടം തന്നെ ഒത്തുചേരുമായിരുന്നു. ജനമധ്യത്തിലിരുന്നു പോസ്റ്റ്മാന്‍ മേല്‍വിലാസം വായിക്കും. ഒരു കത്ത് കിട്ടുകയെന്നത് അന്നൊക്കെ ഒരു നിധി കിട്ടുന്നത് പോലെയായിരുന്നു. അന്നൊക്കെ വീട്ടിലേക്കെത്തുന്ന പോസ്റ്റ്മാന്‍ തന്നെ ഹരം പകരുന്ന കാഴ്ചയായിരുന്നു.

പ്രവാസം പോവട്ടെ നാട്ടിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും തന്നെ സുഖവിവരമറിയണമെങ്കില്‍ എവിടെയാണോ അവര്‍ അവിടം വരെ പോവണമായിരുന്നു. നാടുകളുമായും ബന്ധുക്കളുമായും കാണാനും ബന്ധപ്പെടാനുമുള്ള ആഗ്രഹത്തിന്റെ ഫലമായി മതത്തോടോ ദേശത്തോടോ ചരിത്രത്തോടോ ബന്ധപ്പെടുത്തി ആവിര്‍ഭാവം കൊണ്ടവയാണ് നേര്‍ച്ചകളും ഉല്‍സവങ്ങളുമെന്നൊരഭിപ്രായമുണ്ട്. ചുരുക്കത്തില്‍ പ്രവാസികളുടേതായാലും സ്ഥിരതാമസക്കാരുടേതായാലും പഴയതും പുതിയതുമായ ജീവിതസാഹചര്യങ്ങള്‍ തമ്മില്‍ അജഗജാന്തരമുണ്ട്.

അധ്വാനഭാരവും ദൂരവും സമയവും കുറയ്ക്കാന്‍ ഉപയുക്തമായ സംവിധാനങ്ങള്‍ നമ്മുടെ ശീലങ്ങളെയും ചിന്താഗതിയെയും പ്രതികരണങ്ങളെയും വമ്പിച്ച തോതില്‍ സ്വാധീനിക്കുന്നുണ്ട്. ഏതെങ്കിലും കാരണത്താല്‍ നമ്മുടെ മൊബൈല്‍ ഫോണ്‍ അല്‍പനേരത്തേക്ക് പ്രവര്‍ത്തിക്കുന്നില്ലെന്ന് വിചാരിക്കുക. എന്താവും നമ്മുടെ മാനസികാവസ്ഥ? വലിയ ഒരു വിഭ്രാന്തി നമ്മെ കീഴടക്കും. ഒരു ബന്ധുവിനെ, സുഹൃത്തിനെ, നേതാവിനെ അദ്ദേഹത്തിന്റെ മൊബൈല്‍ഫോണില്‍ ഏതാനും സമയത്തേക്ക് കിട്ടുന്നില്ലെങ്കില്‍ അതിന്റെ പ്രതിഫലനങ്ങള്‍ എന്തൊക്കെയാവും? ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട്ടുനിന്നു കുന്നംകുളത്തേക്ക് പുറപ്പെട്ട ഒരു നേതാവിന്റെ അനുഭവം പറയാം.

അതേ റൂട്ടില്‍ ചങ്ങരംകുളത്ത് ഒരു മതസംഘടനയുടെ സമ്മേളനം നടക്കുന്നുണ്ടായിരുന്നു. നേതാവ് സഞ്ചരിച്ചിരുന്ന വാഹനം തിരക്ക് കാരണം ഒരു മണിക്കൂറോളം അവിടെ നിര്‍ത്തിയിടേണ്ടിവന്നു. നെറ്റ്‌വര്‍ക്ക് ജാമായതിനാല്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണില്‍നിന്ന് ആരെയും വിളിക്കാന്‍ കഴിയുമായിരുന്നില്ല. കുടുംബബന്ധുക്കളുടേതടക്കം ആരുടെ കോളും അദ്ദേഹത്തിന് സ്വീകരിക്കാനും കഴിഞ്ഞിരുന്നില്ല. അതേ തുടര്‍ന്ന് അമ്പരപ്പിലായ വീട്ടുകാരും സഹപ്രവര്‍ത്തകരും ഒരു മണിക്കൂറോളം വിദ്യാര്‍ഥിനേതാവിന്റെ വിവരം അന്വേഷിച്ചു തലങ്ങും വിലങ്ങും വിളിച്ചുകൊണ്ടിരുന്നു. ഏതെങ്കിലും അപകടത്തില്‍പെട്ടിരിക്കണം, ആരോ ആക്രമിച്ചിരിക്കണം എന്നിങ്ങനെയുള്ള അഭ്യൂഹങ്ങള്‍ പരന്നു. പിന്നീട് അദ്ദേഹം വീട്ടില്‍ സുരക്ഷിതനായെത്തിയപ്പോഴാണ് മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കാതിരുന്നതാണ് ആശങ്കകള്‍ക്കും ഉത്കണ്ഠകള്‍ക്കും വഴിവച്ചത് എന്ന് മനസ്സിലാക്കുന്നത്.

പണ്ടൊക്കെ ഒരു കാരക്കുന്ന്കാരനെയോ കാരന്തൂര്‍കാരനെയോ കുറ്റിയാടിക്കാരനെയോ അരീക്കോട്ടുകാരനെയോ നെട്ടൂര്‍കാരനെയോ ആലുവക്കാരനെയോ ഒരു യോഗത്തിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിക്കുക കത്തെഴുതിയിട്ടായിരുന്നു. ക്ഷണം സ്വീകരിച്ചതായി അറിയിച്ച് പ്രസംഗകന്റെ കത്തുംവരും. പിന്നെ സെമിനാറിനൊ സമ്മേളനത്തിനൊ പൊതുയോഗത്തിനൊ ഉള്ള തയ്യാറെടുപ്പുകള്‍ നടത്താം. പറഞ്ഞ ദിവസം നിശ്ചയിച്ച സമയം പ്രസംഗകര്‍ എത്തും. പരിപാടി സമംഗളം പര്യവസാനിക്കും. ഇന്നോ പ്രസംഗകരെ നേരില്‍ കണ്ട് പറയുന്നു. സോഷ്യല്‍ മീഡിയ വഴി സന്ദേശങ്ങള്‍ പൊയ്‌ക്കൊണ്ടിരിക്കും. ദിനേന മൊബൈല്‍ കോളുകളും. ഒരു ദിവസം വിളിക്കാതിരുന്നാല്‍ മതി പങ്കെടുക്കാതിരിക്കാന്‍. അല്ലെങ്കില്‍ സമയത്തിനെത്താതിരിക്കാന്‍ അതുമതി. യന്ത്രങ്ങള്‍ സംസ്‌കാരത്തെ കീഴടക്കുകയോ?



Next Story

RELATED STORIES

Share it