wayanad local

'യന്തിരന്‍' വില്ലനായി; ക്യൂവില്‍ തളര്‍ന്ന് വോട്ടര്‍മാര്‍

കല്‍പ്പറ്റ: സമാധാനപരമായി ഉയര്‍ന്ന പോളിങിലെത്താന്‍ ജില്ലയ്ക്ക് കഴിഞ്ഞപ്പോള്‍ വില്ലനായത് വോട്ടിങ് യന്ത്രം മാത്രം. വോട്ടിങ് യന്ത്രം മുന്നറിയിപ്പില്ലാതെ പണിമുടക്കിയതോടെ വോട്ടര്‍മാര്‍ ക്യൂവില്‍ നിന്നു തളര്‍ന്നു. ജില്ലയില്‍ അഞ്ചിടങ്ങളിളാണ് വോട്ടിങ് യന്ത്രം ഉദ്യോഗസ്ഥരെയും വോട്ടര്‍മാരെയും ഒരു പോലെ തളര്‍ത്തിയത്.
ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ രണ്ടിടത്ത് വോട്ടിങ് യന്ത്രം തകരാറിലായതോടെ നിശ്ചയിച്ച സമയത്ത് പോളിങ് തുടങ്ങാന്‍ കഴിഞ്ഞില്ല. നേരത്തെ വോട്ട് ചെയ്ത് മടങ്ങാന്‍ തീരുമാനിച്ച് വെളുപ്പിനു തന്നെ ക്യൂവില്‍ ഇടംപിടിച്ചവര്‍ക്ക് ഇതു തിരിച്ചടിയായി. കല്‍പ്പറ്റ ഗവ. വിഎച്ച്എസ്എസിലെ 62ാം ബൂത്തില്‍ ഒരു മണിക്കൂറോളമാണ് പോളിങ് മുടങ്ങിയത്. 7.51നാണ് ഇവിടെ വോട്ടിങ് ആരംഭിച്ചത്.
കല്‍പ്പറ്റയില്‍ തന്നെ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ 70ാം നമ്പര്‍ ബൂത്തില്‍ 7.35നാണ് പോളിങ് തുടങ്ങിയത്. നേരത്തെ വോട്ട് ചെയ്ത് ജോലിക്ക് പോവാന്‍ എത്തിയവരും വോട്ട് ചെയ്ത ശേഷം മറ്റു ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് ചുമതലയേറ്റെടുക്കേണ്ട പാര്‍ട്ടി പ്രവര്‍ത്തകരുമെല്ലാം പോളിങ് സമയം നീണ്ടതോടെ ഉദ്യോഗസ്ഥര്‍ക്ക് നേരെ തിരിഞ്ഞു.
തകരാറിലായ യന്ത്രവുമായി ഉദ്യോഗസ്ഥര്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ നിസ്സഹായരായി നിന്നു. യന്ത്രത്തകരാര്‍ പരിഹരിച്ച ശേഷം പോളിങ് തുടങ്ങിയപ്പേഴേക്കും നീണ്ടനിര തന്നെ രൂപപ്പെട്ടിരുന്നു. കാക്കവയല്‍ സ്‌കൂളിലെ 57ാം നമ്പര്‍ ബൂത്തില്‍ തകരാറ് കാരണം 40 മിനിറ്റും മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിലെ 120ാം നമ്പര്‍ ബൂത്തില്‍ അരമണിക്കൂറും പോളിങ് തടസ്സപ്പെട്ടു. കല്ലുപാടി ഗവ. എല്‍പി സ്‌കൂളിലെ ബൂത്തില്‍ ആദ്യ വോട്ടില്‍ തന്നെ വോട്ടിങ് യന്ത്രത്തിന്റെ തകരാറ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ യന്ത്രം മാറ്റി പോളിങ് തുടരുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹൈസ്‌കൂളിലെ 97ാം നമ്പര്‍ ബൂത്തില്‍ ഒരു മണിക്കൂറോളമാണ് വോട്ടിങ് തടസ്സപ്പെട്ടത്. തകരാറിലായ വോട്ടിങ് മെഷീന്‍ മാറ്റി സ്ഥാപിച്ചാണ് പോളിങ് പുനരാരംഭിച്ചത്.
സുല്‍ത്താന്‍ ബത്തരി കുപ്പാടി ആര്‍എംഎസ്എ ഹൈസ്‌കൂളിലെ 100ാം നമ്പര്‍ ബൂത്തില്‍ വൈകീട്ട് ഏഴോടെയാണ് പോളിങ് അവസാനിച്ചത്. പോളിങ് അവസാനിക്കേണ്ട ആറു മണിയായിട്ടും നൂറിലധികം പേര്‍ ക്യൂവിലുണ്ടായിരുന്നതിനാലാണ് ഏഴു വരെ നീണ്ടത്.
Next Story

RELATED STORIES

Share it