യഥാര്‍ത്ഥ ജീവിതം

യഥാര്‍ത്ഥ ജീവിതം
X
jeevitham

ആഡംബരപ്രിയനായിരുന്നു സുല്‍ത്താനായ ഹാഷിം. സിത്താര്‍ നന്നായി വായിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. എന്നാല്‍, സുഖഭോഗങ്ങളില്‍ ജീവിച്ചു കഴിഞ്ഞ സുല്‍ത്താനു കുറേക്കാലം കഴിഞ്ഞപ്പോള്‍ അതൊക്കെ മടുത്തു. ഈ സമയത്താണ് ജ്ഞാനിയായ ഒരു പണ്ഡിതന്‍ രാജ്യത്തെത്തിയത്. അദ്ദേഹത്തിന്റെ പാണ്ഡിത്യം അറിഞ്ഞ സുല്‍ത്താന് അദ്ദേഹത്തിന്റെ ശിഷ്യനാകണമെന്ന് ആഗ്രഹം വന്നു. സുല്‍ത്താന്‍ പണ്ഡിതനെ കണ്ടു. പണ്ഡിതന്‍ വിലക്കിയെങ്കിലും സുല്‍ത്താന്‍ പിന്മാറിയില്ല.
സുല്‍ത്താനെ ഒടുവില്‍ അദ്ദേഹം ശിഷ്യനാക്കി. ഇതിനിടെ പണ്ഡിതന്‍ മറ്റു നാടുകളിലേക്കു യാത്ര പോയി. സുല്‍ത്താന്‍ വളരെ ലളിതമായി ജീവിതം തുടങ്ങി. മറ്റു ശിഷ്യന്മാര്‍ ദിവസം ഒരു നേരമാണ് ആഹാരം കഴിച്ചിരുന്നത്. എന്നാല്‍, സുല്‍ത്താന്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമേ ആഹാരം കഴിച്ചിരുന്നുള്ളൂ. മാത്രമല്ല, മുള്ളുള്ള ഈന്തപ്പനയിലയിലാണ് അദ്ദേഹം കിടന്നുറങ്ങിയത്. പ്രാര്‍ഥന നടത്തിയത് ചുട്ടുപഴുത്ത പാറക്കല്ലിലായിരുന്നു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തിരിച്ചറിയാനാവാത്തവിധം മെലിഞ്ഞുണങ്ങി വിരൂപനായി അദ്ദേഹം.
വൈകാതെ പണ്ഡിതന്‍ മടങ്ങിയെത്തി. സുല്‍ത്താനെ കണ്ട് അദ്ദേഹം അന്തിച്ചുപോയി. കാരണം, തന്നെ കണ്ടിട്ടുപോലും ഒന്നെഴുന്നേല്‍ക്കാന്‍ വയ്യാത്തത്ര അവശനായിരുന്നു അയാള്‍.
പണ്ഡിതന്‍ സുല്‍ത്താന്റെ അടുത്തിരുന്നു. എന്നിട്ട് അയഞ്ഞ കമ്പികളുള്ള ഒരു സിത്താര്‍ നീട്ടിക്കൊണ്ടു പറഞ്ഞു: ''നിങ്ങള്‍ സുല്‍ത്താനായിരിക്കുമ്പോള്‍ നന്നായി സിത്താര്‍ വായിക്കുമായിരുന്നല്ലോ. ഇന്നെനിക്കു വേണ്ടി ഇതൊന്നു വായിക്കാമോ?''
സിത്താറിന്റെ അയഞ്ഞ കമ്പികള്‍ മുറുക്കാന്‍ സുല്‍ത്താന്റെ കൈകള്‍ക്കു ശക്തിയില്ലായിരുന്നു. അദ്ദേഹം പണ്ഡിതനോട് ചോദിച്ചു: ''അയഞ്ഞ കമ്പികളുള്ള ഈ സിത്താറില്‍ നിന്ന് എങ്ങനെ സംഗീതം വരും? ഇതൊന്നു മുറുക്കിത്തന്നാല്‍ വായിക്കാം.''
പണ്ഡിതന്‍ സിത്താര്‍ വാങ്ങി കമ്പികള്‍ നന്നായി വലിച്ചുമുറുക്കി തിരികെ നല്‍കി. അതു കണ്ട് സുല്‍ത്താന്‍ പറഞ്ഞു: ''ഇങ്ങനെ വലിച്ചുമുറുക്കിയിട്ട് ഇതു വായിച്ചാല്‍ ഈ കമ്പികള്‍ പൊട്ടിപ്പോകും. സിത്താര്‍ വായിക്കണമെങ്കില്‍ കമ്പികള്‍ മിതമായ രീതിയിലേ മുറുക്കാവൂ.''
അപ്പോള്‍ പണ്ഡിതന്‍ പറഞ്ഞു: ''അതു പറയാനാണ് ഞാന്‍ വന്നത്. വളരെ അയഞ്ഞ ജീവിതം നയിച്ച നിങ്ങള്‍ പെട്ടെന്നുതന്നെ വളരെ മുറുകിയ ജീവിതത്തിലേക്കു മാറി. ഇതു രണ്ടില്‍ നിന്നും സമാധാനത്തിന്റെ സംഗീതം പൊഴിയില്ല. രണ്ടിനും ഇടയ്ക്കുള്ള മിതമായ വഴിയാണ് യഥാര്‍ഥ ജീവിതം.''
സുല്‍ത്താനു തന്റെ തെറ്റു ബോധ്യമായി. പിന്നീട് അയാള്‍ മറ്റു ശിഷ്യന്മാരെപ്പോലെ ജീവിതം നയിക്കാന്‍ തുടങ്ങി.
Next Story

RELATED STORIES

Share it