Flash News

'യഥാര്‍ത്ഥ' ജന്മദിനത്തില്‍ മധുരം വിളമ്പി പിണറായി വിജയന്‍

യഥാര്‍ത്ഥ ജന്മദിനത്തില്‍ മധുരം വിളമ്പി പിണറായി വിജയന്‍
X
Pinarayi-Vijayan

തിരുവനന്തപുരം: തന്റെ യഥാര്‍ത്ഥ ജന്മദിനം വെളിപ്പെടുത്തി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മധുരം വിളമ്പി. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ വിശദീകരിച്ച് മാധ്യമപ്രവര്‍ത്തകരെ കാണവെയാണ് ഔദ്യോഗിക കണക്ക് പ്രകാരം മാര്‍ച്ച് മാസത്തിലാണെങ്കിലും യഥാര്‍ത്ഥ ജനനതിയ്യതി മെയ് 24 ആണെന്ന് അദ്ദേഹം വെളിപ്പെടുത്തയത്. ജനങ്ങളുടെ സര്‍ക്കാറാണ് നാളെ അധികാരമേല്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കക്ഷിരാഷ്ട്രീയ-ജാതി-മത വ്യത്യാസമില്ലാതെ മുഴുവന്‍ ജനങ്ങളുടെയും ക്ഷേമവും സമാധാനവും പുരോഗതിയും അഭിവൃദ്ധിയും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറാണ് അധികാരമേല്‍ക്കുന്നത്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കും.കേരളത്തിന്റേതായ സര്‍ക്കാറാണ് അധികാരമേല്‍ക്കുന്നത് അതേ സമീപനം കേരള ജനതയുടെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നുവെന്നും നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  ജനങ്ങളാണ് ജനാധിപത്യ പ്രക്രിയയുടെ ശക്തി. ഇടതുപക്ഷത്തിന് വോട്ട് ചെയ്തവരെ മാത്രമല്ല തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്ത മുഴുവന്‍ ജനങ്ങളേയും അഭിവാദ്യം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാളെ വൈകിട്ട് നാല് മണിക്ക് തിരുവന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ നടക്കുക. മന്ത്രിമാരുടെ പട്ടികയുമായി നാളെ രാവിലെ ഗവര്‍ണറെ കാണും. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തില്‍ ധാരണ ഉണ്ടാവും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗംപ്രകാശ് കാരാട്ട് ചടങ്ങില്‍ പങ്കെടുക്കും. പൊതുസമൂഹത്തിന്റെ മനസ്സ് തങ്ങള്‍ക്കൊപ്പം ഉണ്ടാവണമെന്നും പിണറായി പറഞ്ഞു. പരിമിതമായ സൗകര്യങ്ങളാണ് ഒരുക്കാന്‍ സാധിച്ചത്. ഇതിനോട് ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സ്റ്റേഡിയത്തിന് പുറത്ത് എത്തിച്ചേരുന്നവര്‍ക്ക് തത്സമയം സത്യപ്രതിജ്ഞാ ചടങ്ങ് കാണാന്‍ സൗകര്യമൊരുക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it