മ്യാന്‍മറില്‍ 113 തടവുകാരെ മോചിപ്പിച്ചു

നേപിഡോ: മ്യാന്‍മറിലെ രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കുമെന്ന ദേശീയ ഉപദേശക ഓങ്‌സാന്‍ സൂച്ചിയുടെ പ്രഖ്യാപനത്തിനു പിന്നാലെ 113 രാഷ്ട്രീയത്തടവുകാരെ മോചിപ്പിച്ചു. രാജ്യത്തുടനീളമുള്ള ജയിലുകളില്‍ നിന്നാണ് ഇവരെ മോചിപ്പിച്ചതെന്നു പോലിസ് വൃത്തങ്ങളെ ഉദ്ധരിച്ച് മ്യാന്‍മര്‍ ദിനപത്രം റിപോര്‍ട്ട് ചെയ്തു.
മ്യാന്‍മറിലെ പരമ്പരാഗതമായ പുതുവര്‍ഷാഘോഷങ്ങള്‍ നടക്കാനിരിക്കെയാണ് മോചനം. സൂച്ചിയുടെ പ്രഖ്യാപനത്തെ അന്താരാഷ്ട്ര തലത്തില്‍ മനുഷ്യാവകാശ സംഘടനകള്‍ സ്വാഗതം ചെയ്തിരുന്നു.
അതിനിടെ നിരോധിത സംഘടനയായ കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മിയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചെന്നാരോപിച്ച് രണ്ടു പേരെ മാണ്ടലേ കോടതി ഇന്നലെ രണ്ടുവര്‍ഷത്തെ തടവിനു വിധിച്ചു. ഇത് പ്രതിഷേധത്തിനു വഴിവച്ചു. വടക്കന്‍ മ്യാന്‍മറിലെ വിമതസംഘടനയാണിത്. തങ്ങള്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി പോരാടിയതിന്റെ പേരിലാണ് തടവു വിധിച്ചിരിക്കുന്നതെന്നാണ് മുസ്‌ലിംകളായ ഇരുവരും പറയുന്നത്. രാജ്യത്തെ റോഹിന്‍ഗ്യ മുസ്‌ലിംകളുള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ വന്‍തോതില്‍ അടിച്ചമര്‍ത്തല്‍ നേരിടുകയാണ്. രാജ്യത്തിനിയും നൂറോളം രാഷ്ട്രീയത്തടവുകാരുണ്ടെന്നും 400ഓളം പേര്‍ ഇനിയും വിചാരണനടപടികള്‍ക്കായി കാത്തിരിക്കുന്നുണ്ടെന്നുമാണ് വിവരം. ഇന്നലെ വിട്ടയച്ചവരില്‍ ഭൂരിഭാഗം പേരും വിദ്യാര്‍ഥികളാണ്. ഇതില്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടതിന്റെ പേരില്‍ അറസ്റ്റിലായ 60ഓളം വിദ്യാര്‍ഥികളും ഉള്‍പ്പെടും.
നടപടിയിലൂടെ മനുഷ്യാവകാശം പാലിക്കുന്നതിന് സര്‍ക്കാര്‍ മാതൃക കാണിച്ചിരിക്കുകയാണെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് മാര്‍ക്ക് ടോണര്‍ അഭിപ്രായപ്പെട്ടു. പട്ടാളഭരണകാലത്ത് മ്യാന്‍മറിനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം ഉടന്‍ പിന്‍വലിക്കുമെന്നും അദ്ദേഹം അറിയിച്ചു. 200ഓളം പേര്‍ക്കെതിരേയുള്ള കേസ് പിന്‍വലിച്ചതായും റിപോര്‍ട്ടുണ്ട്.
Next Story

RELATED STORIES

Share it