മ്യാന്‍മറില്‍ 102 തടവുകാരെ മോചിപ്പിച്ചു

നേപിഡോ: മ്യാന്‍മര്‍ ജയിലില്‍ കഴിയുന്ന രാഷ്ട്രീയത്തടവുകാരുള്‍പ്പെടെ 102 പേരെ സര്‍ക്കാര്‍ വിട്ടയക്കാനാരംഭിച്ചു. പ്രസിഡന്റിന്റെ കാര്യാലയമാണ് വിവരം പുറത്തുവിട്ടത്. ആങ് സാങ് സൂച്ചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി(എന്‍എല്‍ഡി) പാര്‍ട്ടി പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പാണ് പ്രസിഡന്റ് തൈന്‍ സൈനിന്റെ നടപടി.
കഴിഞ്ഞ നവംബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍, രാജ്യത്തെ 25 വര്‍ഷക്കാലത്തെ പട്ടാളഭരണത്തിന് അറുതി വരുത്തിക്കൊണ്ടാണ് എന്‍എല്‍ഡി ചരിത്രവിജയം കുറിച്ചത്. ബുദ്ധമതത്തെ അപമാനിച്ചെന്ന കേസില്‍ രണ്ടു വര്‍ഷമായി മ്യാന്‍മറില്‍ തടവില്‍ കഴിയുന്ന ഫിലിപ് ബ്ലാക്ക്‌വുഡ് എന്ന ന്യൂസിലന്‍ഡ് പൗരനും വിട്ടയച്ചവരില്‍ ഉള്‍പ്പെടും. ഇദ്ദേഹത്തിനൊപ്പം അറസ്റ്റിലായ രണ്ട് മ്യാന്‍മര്‍ പൗരന്മാരെ മോചിപ്പിച്ചോ എന്ന കാര്യം വ്യക്തമല്ല.
വിട്ടയയ്ക്കുന്നവരില്‍ 52 പേരും രാഷ്ട്രീയത്തടവുകാരാണെന്നാണ് ഇവരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന പറയുന്നത്.
80ഓളം തടവുകാരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചിട്ടുമുണ്ട്. രാഷ്ട്രീയത്തടവുകാരെ പാര്‍പ്പിക്കുന്നതിന്റെ പേരില്‍ കുപ്രസിദ്ധമായ യംഗൂണിലെ ഇന്‍സെയ്ന്‍ ജയിലില്‍നിന്ന് 21 തടവുകാരെ മോചിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാഷ്ട്രീയ എതിരാളികളും മാധ്യമപ്രവര്‍ത്തകരും വിമതരുമുള്‍പ്പെടെ 2,000ത്തോളം പേരെ മ്യാന്‍മറിലെ പട്ടാളസര്‍ക്കാര്‍ തടവില്‍ പാര്‍പ്പിച്ചിട്ടുണ്ട്. 2010ല്‍ രാജ്യം ജനാധിപത്യ വ്യവസ്ഥയിലേക്ക് നീങ്ങാന്‍ തുടങ്ങിയതോടെ നൂറുകണക്കിന് തടവുകാരെ മോചിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it