മ്യാന്‍മറില്‍ നവയുഗപ്പിറവി; പുതിയ പാര്‍ലമെന്റിന് തുടക്കം

നേപിഡോ: മ്യാന്‍മറിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത് എന്‍എല്‍ഡി (നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി) അധികാരമേറ്റു.
50 വര്‍ഷത്തിനു ശേഷം നടന്ന സ്വതന്ത്ര തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയാണ് എന്‍എല്‍ഡി ചരിത്രത്തിന്റെ ഭാഗമായത്. എന്‍എല്‍ഡി എംപിമാരും ഏതാനും ചെറുപാര്‍ട്ടി എംപിമാരും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മ്യാന്‍മര്‍ വിമോചന നായിക ഓങ്‌സാന്‍ സൂച്ചിയുടെ എന്‍എല്‍ഡി 80 ശതമാനം സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു.
അതേസമയം, പാര്‍ലമെന്റിലെ 25 ശതമാനം സീറ്റുകള്‍ പട്ടാള സംവരണമാണ്. പ്രധാന മന്ത്രാലയങ്ങള്‍ പട്ടാളത്തിന് കീഴിലാണ്. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതായിരിക്കും പാര്‍ലമെന്റിന്റെ ആദ്യ ദൗത്യം. ഇപ്പോഴത്തെ പ്രസിഡന്റ് തൈന്‍ സൈനിന്റെ കാലാവധി മാര്‍ച്ച് മാസത്തോടെ അവസാനിക്കും. പട്ടാള ഭരണകാലത്ത് 15 വര്‍ഷക്കാലം വീട്ടുതടങ്കലിലായിരുന്ന സൂച്ചിയ്ക്ക് പ്രസിഡന്റാവാന്‍ നിലവിലെ ഭരണഘടന അനുവദിക്കുന്നില്ല. സൂച്ചിയുടെ മക്കളുടെ വിദേശപൗരത്വം ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഇവരുടെ രണ്ട് മക്കള്‍ക്കും ബ്രിട്ടീഷ് പൗരത്വമാണുള്ളത്. അതേസമയം, പാര്‍ലമെന്റില്‍ പ്രസിഡന്റിനേക്കാള്‍ മുകളിലായിരിക്കും തന്റെ സ്ഥാനമെന്ന് സൂച്ചി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
ജനങ്ങള്‍ക്ക് മനുഷ്യാവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിനും രാജ്യത്ത് ജനാധിപത്യവും സമാധാനവും കൊണ്ടുവരാനും തങ്ങളുടെ ഭരണത്തിലൂടെ ശ്രമം നടത്തുമെന്ന് എന്‍എല്‍ഡി എംപി നയീം തിറ്റ് എഎഫ്പി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
ഏറെക്കാലമായി രാജ്യത്തു നീണ്ടുനില്‍ക്കുന്ന പട്ടാളഭരണത്തിന് അറുതി വരുത്തിക്കൊണ്ടാണ് എന്‍എല്‍ഡി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്.
Next Story

RELATED STORIES

Share it