മ്യാന്‍മര്‍; സൂച്ചിക്ക് അധികാരം കൈമാറും: പ്രസിഡന്റ് തെയ്ന്‍ സെയ്ന്‍

മ്യാന്‍മര്‍: ശാന്തമായ' അധികാരക്കൈമാറ്റം വാഗ്ദാനം ചെയ്ത് മ്യാന്‍മര്‍ പ്രസിഡന്റ് തെയ്ന്‍ സെയ്ന്‍. തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു ശേഷം യംഗൂണില്‍ ചേര്‍ന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗത്തിലാണ് സീനിന്റെ വാഗ്ദാനം.
ദശാബ്ദങ്ങള്‍ നീണ്ട പട്ടാളഭരണത്തിനു ശേഷം നടന്ന ജനകീയ തിരഞ്ഞെടുപ്പില്‍ മ്യാന്‍മറിലെ ജനാധിപത്യ നായിക ഓങ്‌സാന്‍ സൂച്ചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി ഉജ്ജ്വല വിജയം നേടിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനും പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടിയതായി വെള്ളിയാഴ്ച എന്‍എല്‍ഡി വ്യക്തമാക്കിയിരുന്നു.
മുഴുവന്‍ ചുമതലകളും മുന്‍ നിശ്ചയപ്രകാരം അടുത്ത സര്‍ക്കാരിനു കൈമാറുമെന്നു തെയ്ന്‍ സെയ്ന്‍ അറിയിച്ചു. പഴയ പാര്‍ലമെന്റ് അംഗങ്ങളുടെ അവസാന സമ്മേളനത്തിനു മുന്നോടിയായിട്ടായിരുന്നു രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗം വിളിച്ചുചേര്‍ത്തത്.
ഉജ്ജ്വലവിജയം സ്വന്തമാക്കിയ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ പരിഷ്‌കരണ നടപടികള്‍ നടപ്പാക്കുമെന്നും പ്രശ്‌നങ്ങളില്ലാതെ തന്നെ അധികാരക്കൈമാറ്റം നടത്തുമെന്നും തെയ്ന്‍ സെയ്ന്‍ വ്യക്തമാക്കി. 25 വര്‍ഷത്തിനു ശേഷമാണ് മ്യാന്‍മറില്‍ സുതാര്യമായ രീതിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
Next Story

RELATED STORIES

Share it