മ്യാന്‍മര്‍: റാഖൈനില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു

നേയ്പിഡോ: മ്യാന്‍മറിലെ പടിഞ്ഞാറന്‍ സംസ്ഥാനമായ റാഖൈനില്‍ നാലുവര്‍ഷമായി തുടരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു. സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ മ്യാന്‍മര്‍ പ്രസിഡന്റ് തൈന്‍ സൈന്‍ ആണ് അടിയന്തരാവസ്ഥ പിന്‍വലിച്ചതായി പ്രഖ്യാപിച്ചത്. ബുദ്ധമതക്കാരും ന്യൂനപക്ഷമായ റോഹിന്‍ഗ്യകളും തമ്മിലുണ്ടായ സംഘര്‍ഷങ്ങളെത്തുടര്‍ന്നാണ് 2012ല്‍ ഇവിടെ അടിയന്തരാവസ്ഥ നിലവില്‍വന്നത്. രണ്ടുവര്‍ഷമായി റാഖൈനില്‍ വലിയ സംഘര്‍ഷങ്ങളൊന്നും നടന്നിട്ടില്ല. ജനങ്ങളുടെ ജീവനോ സ്വത്തിനോ ഭീഷണിയുയര്‍ത്തുന്ന സാഹചര്യം റാഖൈനില്‍ നിലനില്‍ക്കുന്നില്ലെന്നു സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ കണ്ടെത്തിയതായി പ്രസിഡന്റിന്റെ ഉത്തരവില്‍ പറയുന്നു. മ്യാന്‍മറിലെ 11 ലക്ഷത്തോളം വരുന്ന റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ കടുത്ത വിവേചനങ്ങളാണു നിലനില്‍ക്കുന്നത്. ഇവര്‍ക്കു പൗരത്വം നിഷേധിച്ചതുള്‍പ്പെടെ വിവേചനപരമായ നടപടികളാണു ഭരണകൂടം കൈക്കൊണ്ടുവരുന്നത്.
Next Story

RELATED STORIES

Share it