മ്യാന്‍മര്‍ ഭരണകൂടം വംശഹത്യ നടത്തിയെന്നതിന് തെളിവുകള്‍

യംഗൂണ്‍: റോഹിന്‍ഗ്യ വിഭാഗക്കാര്‍ക്കെതിരേ മ്യാന്‍മര്‍ ഭരണകൂടം വംശഹത്യ നടത്തിയെന്നതിന് തെളിവുകള്‍ അല്‍ജസീറ പുറത്തുവിട്ടു. അല്‍ജസീറയും ഫോര്‍ട്ടിഫൈ റൈറ്റ്‌സ് സംഘടനയും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് തെളിവുകള്‍ കണ്ടെത്തിയത്. രാഷ്ട്രീയനേട്ടങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ മുസ്‌ലിംവിരുദ്ധ കലാപത്തിനു തുടക്കമിട്ടതായി അന്വേഷണ റിപോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.
വിദ്വേഷ പ്രസംഗങ്ങളിലൂടെയും മറ്റു പ്രചാരണങ്ങളിലൂടെയും റോഹിന്‍ഗ്യകള്‍ക്കെതിരായി ഭീതി പടര്‍ത്തുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. തീവ്ര നിലപാടുകളുള്ള ബുദ്ധസംഘടനകള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കി. രാജ്യത്ത് മുസ്‌ലിംകളെ പാര്‍ശ്വവല്‍ക്കരിക്കാനായിരുന്നു സൈനിക പിന്തുണയോടെ ഭരണം നടത്തുന്ന യൂനിയന്‍ സോളിഡാരിറ്റി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അല്‍ജസീറ പുറത്തുവിട്ട തെളിവുകള്‍ വ്യക്തമാക്കുന്നു.
റോഹിന്‍ഗ്യകള്‍ക്കെതിരായി നടന്ന അതിക്രമങ്ങളുടെ തോത് കണക്കിലെടുക്കുമ്പോഴും ഇവര്‍ക്കെതിരായി മ്യാന്‍മര്‍ നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ പരിശോധിക്കുമ്പോഴും വംശഹത്യാ സാധ്യത അവഗണിക്കാനാവില്ലെന്നു തെളിവുകള്‍ വിലയിരുത്തിയ യേല്‍ സര്‍വകലാശാലയുടെ നിയമവിഭാഗം അഭിപ്രായപ്പെട്ടു. റോഹിന്‍ഗ്യകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ എട്ടുമാസത്തിനിടെ അല്‍ജസീറയും ഫോര്‍ട്ടിഫൈ റൈറ്റ്‌സും നല്‍കിയതടക്കമുള്ള തെളിവുകള്‍ സര്‍വകലാശാല പരിശോധിച്ചിരുന്നു.
കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത ജീനോസൈഡ് അജണ്ട എന്ന ഡോക്യുമെന്ററിയിലാണ് ചാനല്‍ ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. രാജ്യത്തെ മുസ്‌ലിംകള്‍ക്കെതിരായി മ്യാന്‍മര്‍ പ്രസിഡന്റ് തെയ്ന്‍ സീന്‍ വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയിരുന്നു. ഇതിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി. മുസ്‌ലിംകളെ ഒറ്റപ്പെടുത്തുക, പാര്‍ശ്വവല്‍ക്കരിക്കുക, മുസ്‌ലിം ജനസംഖ്യ കുറയ്ക്കുക എന്നീ ആഹ്വാനങ്ങളാണ് പ്രസിഡന്റ് നടത്തിയിരുന്നതെന്നും ഡോക്യുമെന്ററിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it