മ്യാന്‍മര്‍ പൊതു തിരഞ്ഞെടുപ്പ്; വിജയം ഉറപ്പിച്ച് പ്രതിപക്ഷം

യംഗൂണ്‍: അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കിയ മ്യാന്‍മര്‍ പൊതുതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് പ്രതിപക്ഷമായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി(എന്‍എല്‍ഡി) തങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി ഓങ്‌സാന്‍ സൂച്ചി നേതൃത്വം നല്‍കുന്ന എന്‍എല്‍ഡി പാര്‍ട്ടി വക്താവ് വിന്‍ ടെയ്ന്‍ അറിയിച്ചു.
ഫലം പ്രഖ്യാപിച്ച തലസ്ഥാനത്തെ 12 സീറ്റുകളും എന്‍എല്‍ഡി തൂത്തുവാരി. എന്‍എല്‍ഡിയുടെ മുന്നേറ്റത്തില്‍ ഭരണകക്ഷിയായ യൂനിയന്‍ സോളിഡാരിറ്റി ഡെവലപ്‌മെന്റ് പാര്‍ട്ടി (യുഎസ്ഡിപി)യുടെ ആക്റ്റിങ് ചെയര്‍മാന്‍ യു തെ ഓയ്ക്കു അടിതെറ്റി. ദശാബ്ദങ്ങള്‍ നീണ്ട പട്ടാളഭരണത്തിനിടെ ആദ്യ സ്വതന്ത്ര വോട്ടെടുപ്പാണ് ഞായറാഴ്ച നടന്നത്. പാര്‍ട്ടിക്ക് 70 ശതമാനത്തിലധികം സീറ്റുകള്‍ നേടാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി എന്‍എല്‍ഡി വക്താവ് അറിയിച്ചു.
25 വര്‍ഷത്തോളം പട്ടാള ഭരണത്തിനെതിരേ പോരാടിയ ഓങ്‌സാന്‍ സൂച്ചിയുടെ നാഷനല്‍ ലീഗ് ഓഫ് ഡെമോക്രസിയും മുന്‍ പട്ടാള ഭരണകൂടത്തില്‍ അംഗങ്ങളായിരുന്ന സൈനിക ഓഫിസര്‍മാര്‍ നിയന്ത്രിക്കുന്ന ഭരണകക്ഷിയായ യൂനിയന്‍ സോളിഡാരിറ്റി ഡെവലപ്‌മെന്റ് പാര്‍ട്ടിയും തമ്മിലാണ് പ്രധാന മല്‍സരം. പരാജയ കാരണം വിലയിരുത്തുമെന്നും അന്തിമഫലം സ്വീകരിക്കുമെന്നും യുഎസ്ഡിപി നേതൃത്വം വ്യക്തമാക്കി. യംഗൂണിലെ പാര്‍ട്ടി ആസ്ഥാനത്ത് അനുയായികളെ അഭിസംബോധന ചെയ്ത സൂച്ചി സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടു. മൂന്നു കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. എന്നാല്‍, 13 ലക്ഷം വരുന്ന റോഹിന്‍ഗ്യ മുസ്‌ലിംകള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. പോളിങ് സമാധാനപരമായിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടില്ല.
എന്‍എല്‍ഡി വിജയം നേടിയാലും വിദേശ പൗരത്വമുള്ളതിനാല്‍ നിലവിലുള്ള ഭരണഘടന പ്രകാരം സൂച്ചിക്ക് പ്രസിഡന്റാവാന്‍ കഴിയില്ല. 440 സീറ്റുകളുള്ള അധോസഭയും 224 അംഗ ഉപരി സഭയുമുള്‍പ്പെടുന്ന പാര്‍ലമെന്റില്‍ 25 ശതമാനം സീറ്റ് സംവരണമുള്ളതിനാല്‍ വന്‍ ഭൂരിപക്ഷത്തോടെ ജയം സ്വന്തമാക്കാനായാല്‍ മാത്രമേ സൂച്ചിക്ക് രാജ്യത്തെ നയിക്കാനാവൂ.
Next Story

RELATED STORIES

Share it