മ്യാന്‍മര്‍: ദേശീയ അനുരഞ്ജനം; സൈനിക നേതൃത്വവുമായി സൂച്ചി ചര്‍ച്ചയ്ക്ക്

നായ്പിഡോ: ദേശീയ അനുരഞ്ജനം സംബന്ധിച്ച ചര്‍ച്ചയ്ക്കു സൈനിക പിന്തുണയുള്ള ഭരണകൂടത്തിന് ഓങ്‌സാന്‍ സൂച്ചി കത്ത് നല്‍കി.
എന്നാല്‍, അന്തിമഫലം പുറത്തുവന്ന ശേഷമേ അത്തരത്തിലൊരു കൂടിക്കാഴ്ചയ്ക്ക് സാധ്യതയുള്ളൂവെന്നു പ്രസിഡന്റ് തെയ്ന്‍ സീനിന്റെ വക്താവ് യു യെ ഹുത്ത് പറഞ്ഞു. തിരഞ്ഞെടുപ്പുഫലം വൈകിപ്പിക്കാന്‍ ശ്രമങ്ങളില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. തിരഞ്ഞെടുപ്പില്‍ ഫലമറിഞ്ഞ സീറ്റുകളില്‍ വ്യക്തമായ ഭൂരിപക്ഷവുമായി മുന്നേറുന്ന ഓങ്‌സാന്‍ സൂച്ചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) പാര്‍ട്ടിയെ മ്യാന്‍മര്‍ പ്രസിഡന്റ് തെയ്ന്‍ സീന്‍ അഭിനന്ദിച്ചു. ഫലം പുറത്തുവന്ന 40 ശതമാനം സീറ്റുകളില്‍ എന്‍എല്‍ഡി 90 ശതമാനത്തോളം വോട്ടുകള്‍ നേടിയിട്ടുണ്ട്.
1990ലെ തിരഞ്ഞെടുപ്പില്‍ എന്‍എല്‍ഡി വിജയിച്ചിരുന്നെങ്കിലും സൈന്യം ഫലം അസാധുവാക്കി സൂച്ചിയെ വീട്ടുതടങ്കലിലാക്കിയ അനുഭവം മുന്നിലുള്ളതിനാല്‍ സൂച്ചി ശ്രദ്ധാപൂര്‍വമാണ് മുന്നോട്ടു പോവുന്നതെന്നു ബിബിസി റിപോര്‍ട്ട് ചെയ്യുന്നു.ഭരണഘടനാ വകുപ്പ് പ്രകാരം പ്രസിഡന്റാവാന്‍ കഴിയില്ലെങ്കിലും മ്യാന്‍മറിലെ പുതിയ സര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങളും താനാവും കൈക്കൊള്ളുകയെന്ന് എന്‍എല്‍ഡി നേതാവും ജനാധിപത്യ പ്രക്ഷോഭനായികയുമായ ഓങ്‌സാന്‍ സൂച്ചി വ്യക്തമാക്കിയിട്ടുണ്ട്. വിദേശ പൗരത്വമുള്ളവരുടെ കുടുംബാംഗങ്ങള്‍ക്കു പ്രസിഡന്റാവാന്‍ വിലക്കുള്ളതിനാല്‍ സൂച്ചിക്കു നേരിട്ടു സര്‍ക്കാരിനെ നയിക്കാന്‍ കഴിയില്ല. തിരഞ്ഞെടുപ്പു കമ്മീഷനും സൈനിക പിന്തുണയുള്ള നിലവിലെ ഭരണകക്ഷി യുഎസ്ഡിപിയും എന്തെങ്കിലും കുതന്ത്രങ്ങള്‍ക്കു ഗൂഢാലോചന നടത്തുന്നതിന്റെ ഭാഗമാവാം ഫലം വൈകിക്കുന്നതെന്ന് എന്‍എല്‍ഡി ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ അധോസഭയിലെ 440 സീറ്റുകളില്‍ സൈന്യത്തിനു മാറ്റിവച്ചിട്ടുള്ള 110 എണ്ണം ഒഴിച്ചുള്ള 330 സീറ്റുകളില്‍ 250ലേറെ എന്‍എല്‍ഡി സ്വന്തമാക്കുമെന്ന് ഏറക്കുറേ വ്യക്തമായി.
ഇതുവരെ ഫലം പ്രഖ്യാപിച്ച 88 സീറ്റുകളില്‍ 78ലും എന്‍എല്‍ഡി വിജയിച്ചു. പ്രാദേശിക നിയമസഭകളില്‍ ഭൂരിപക്ഷത്തിലും എന്‍എല്‍ഡി അധികാരത്തില്‍ വരുമെന്നും ഉറപ്പായി.
Next Story

RELATED STORIES

Share it