മ്യാന്‍മര്‍ തിരഞ്ഞെടുപ്പ്: സൂച്ചിക്ക് സൈന്യത്തിന്റെ പിന്തുണ

നേയ്പിഡോ: മ്യാന്‍മറില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഓങ്‌സാന്‍ സൂച്ചിയുടെ പ്രതിപക്ഷപ്പാര്‍ട്ടിയായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസിയോട് (എന്‍എല്‍ഡി) സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നു മ്യാന്‍മര്‍ സൈനികമേധാവി മിന്‍ ഓങ് ഹ്ലെയിങ് പറഞ്ഞു.
പ്രസിഡന്റ് തെയ്ന്‍ സീനും സൈനികമേധാവി മിന്‍ ഓങ് ഹ്ലെയിങും സൂച്ചിക്ക് അഭിനന്ദനമറിയിച്ചിട്ടുമുണ്ട്. ഔദ്യോഗികഫലം പുറത്തുവന്നശേഷം സൂച്ചിയുമായി അനുരഞ്ജന ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും അവര്‍ അറിയിച്ചു.
അതേസമയം, എന്‍എല്‍ഡിയും സൈന്യവുമായി എങ്ങനെ സഹകരിച്ചുപോവുമെന്നതു വ്യക്തമല്ല. ഇതുവരെ പുറത്തുവിട്ട ഫലങ്ങളില്‍ 80 ശതമാനം വിജയവും സൂച്ചിക്കനുകൂലമാണ്. പാര്‍ലമെന്റിലെ 25 സീറ്റുകള്‍ സൈന്യത്തിനായി സംവരണം ചെയ്തിരിക്കുകയാണ്.
പതിറ്റാണ്ടുകള്‍ നീണ്ട സൈനികഭരണത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഉജ്ജ്വലവിജയം നേടിയതിന് ഓങ്‌സാന്‍ സൂച്ചിക്ക് യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും അഭിനന്ദനമറിയിച്ചു. മ്യാന്‍മറിന്റെ ജനാധിപത്യത്തിലേക്കുള്ള പരിവര്‍ത്തനത്തില്‍ പുതിയ സര്‍ക്കാര്‍ നാഴികക്കല്ലായിരിക്കുമെന്നും ഒബാമ പറഞ്ഞു. അതിനിടെ ഇന്നലെ രണ്ടു സീറ്റുകളില്‍ കൂടി എന്‍എല്‍ഡി പാര്‍ട്ടിക്ക് വിജയം പ്രഖ്യാപിച്ചു.
Next Story

RELATED STORIES

Share it