മ്യാന്‍മര്‍ തിരഞ്ഞെടുപ്പ്; എന്‍എല്‍ഡി അധികാരത്തിലേക്ക്

യംഗൂണ്‍: ഞായറാഴ്ച നടന്ന മ്യാന്‍മര്‍ പൊതുതിരഞ്ഞെടുപ്പില്‍ മിന്നുന്ന ജയം സ്വന്തമാക്കി നൊബേല്‍ പുരസ്‌കാര ജേത്രിയായ ആങ്‌സാന്‍ സൂച്ചി നേതൃത്വംനല്‍കുന്ന പ്രതിപക്ഷ പാര്‍ട്ടിയായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) അധികാരത്തിലേക്ക്. എന്‍എല്‍ഡി 160ല്‍ 145 സീറ്റുകള്‍ കരസ്ഥമാക്കിയതായാണ് റിപോര്‍ട്ട്. തന്റെ പാര്‍ട്ടി പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടിയെന്നു കരുതുന്നതായി ഓങ്‌സാന്‍ സൂച്ചി ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഫലങ്ങള്‍ പുറത്തുവന്ന തലസ്ഥാനത്തെ 12 സീറ്റുകള്‍ എന്‍എല്‍ഡി തൂത്തുവാരിയിരുന്നു. മ്യാന്‍മര്‍ തലസ്ഥാനമായ യംഗൂണിലെ 12 പാര്‍ലമെന്റ് സീറ്റുകളും മോന്‍, കയിന്‍ എന്നീ സംസ്ഥാനങ്ങളിലെ 65 ശതമാനം സീറ്റുകളും എന്‍എല്‍ഡി നേടിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
664 അംഗ പാര്‍ലമെന്റില്‍ 25 ശതമാനം സീറ്റുകള്‍ സൈന്യത്തിനു സംവരണം ചെയ്യപ്പെട്ടിരിക്കുന്നതിനാല്‍ എന്‍എല്‍ഡി അധികാരത്തിലെത്താന്‍ മല്‍സരിച്ച സീറ്റുകളില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടേണ്ടതുണ്ട്. മൂന്നില്‍ രണ്ടു ഭൂരിപക്ഷവും 75 ശതമാനത്തിലധികം സീറ്റുകളും തന്റെ പാര്‍ട്ടി നേടിയതായും സൂച്ചി വ്യക്തമാക്കി. അവശേഷിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഫലം വരാനിരിക്കുന്നതിനു മുന്നേ സൂച്ചി പക്ഷം വിജയമുറപ്പിച്ചിരിക്കുകയാണ്. സൂച്ചി നീണ്ടകാലം വീട്ടുതടങ്കലിലായിരുന്നു. 1990ല്‍ സൂച്ചിയുടെ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നെങ്കിലും അധികാരം കൈമാറാന്‍ പട്ടാളം തയ്യാറായില്ല. എന്‍എല്‍ഡി വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയാലും സൂച്ചിക്ക് പ്രസിഡന്റാവുന്നതിനു ഭരണഘടന വിലക്കുണ്ട്.
അതേസമയം, വിദേശത്തുള്ള 30 ലക്ഷം പേര്‍ക്കും 10 ലക്ഷം റോഹിന്‍ഗ്യകള്‍ക്കും വോട്ടവകാശം നിഷേധിച്ചതു വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. 6000ത്തോളം അന്താരാഷ്ട്ര നിരീക്ഷകരുടെ സാന്നിധ്യത്തില്‍ കാര്യമായ പ്രശ്‌നങ്ങളില്ലാതെ ജനാധിപത്യത്തിന്റെ ഒന്നാംഘട്ടമായ വോട്ടെടുപ്പും പിന്നീട് വോട്ടെണ്ണലും ഏകദേശം പൂര്‍ത്തിയാക്കിയ മ്യാന്‍മറിന് ജനാധിപത്യം തിരിച്ചുനല്‍കാന്‍ ഓങ്‌സാന്‍ സൂച്ചിക്കാവുമോ എന്നും ലോകം ഉറ്റുനോക്കുന്നു.
റോഹിന്‍ഗ്യകള്‍ക്കെതിരേ നടന്ന ആക്രമണങ്ങളെ പറ്റി അവര്‍ മൗനം പാലിച്ചത് വലിയ വിമര്‍ശനത്തിനു കാരണമായിരുന്നു.
Next Story

RELATED STORIES

Share it