മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച; പ്രമുഖര്‍ പിന്മാറുന്നു

കൊച്ചി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി നാളെ കൊച്ചിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ നിന്നു പ്രമുഖര്‍ പിന്മാറുന്നു. അഡ്വ. ജയശങ്കര്‍, അഡ്വ. കാളീശ്വരം രാജ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ നിന്നു പിന്മാറി. അഡ്വ. ജയശങ്കര്‍, അഡ്വ. കാളീശ്വരം രാജ്, അഡ്വ. ശിവന്‍ മഠത്തില്‍, വിവരാവകാശ പ്രവര്‍ത്തകന്‍ ഡി ബി ബിനു എന്നിവരടക്കമുള്ള പ്രമുഖരെയാണ് ഭാഗവതുമായി ചര്‍ച്ചനടത്താന്‍ ആര്‍എസ്എസ് നേതൃത്വം ക്ഷണിച്ചിരുന്നത്.
അഡ്വ. കാളീശ്വരം രാജ് ക്ഷണം ലഭിച്ചപ്പോള്‍ തന്നെ കൂടിക്കാഴ്ചയ്ക്കില്ലെന്ന വിവരം അറിയിച്ചിരുന്നു. അഡ്വ. ജയശങ്കറും കൂടിക്കാഴ്ചയ്ക്കില്ലെന്ന് ഇന്നലെ ആര്‍എസ്എസ് നേതൃത്വത്തെ അറിയിച്ചു. ഡിസംബര്‍ 28നാണ് കൂടിക്കാഴ്ച എന്നു വിചാരിച്ചാണ് താന്‍ ആദ്യം സമ്മതിച്ചിരുന്നതെന്നും 30ന് റാന്നിയില്‍ കോളജില്‍ നടക്കുന്ന യുജിസി സെമിനാറില്‍ പങ്കെടുക്കേണ്ടതിനാലാണ് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാത്തതെന്നും ജയശങ്കര്‍ തേജസിനോട് പറഞ്ഞു. കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നില്ലെങ്കിലും തനിക്ക് പറയാനുള്ള ചില കാര്യങ്ങള്‍ അദ്ദേഹത്തിന് എഴുതി നല്‍കുമെന്നും ജയശങ്കര്‍ പറഞ്ഞു.
എന്നാല്‍ ശിവന്‍ മഠത്തില്‍, വിവരാവകാശ പ്രവര്‍ത്തകന്‍ ഡി ബി ബിനു എന്നിവര്‍ മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തുമെന്നു പറഞ്ഞു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കൊച്ചിയില്‍ എത്തുന്ന ഭാഗവതിന് ഇന്ന് ആലുവ തന്ത്രപീഠ വിദ്യാലയത്തില്‍ മാത്രമാണ് ഔദ്യോഗിക പരിപാടിയുള്ളത്. സംഘപരിവാര സംഘടനകളുമായി അകലം പാലിച്ചു നില്‍ക്കുന്നവരുമായി ചര്‍ച്ചനടത്തി അവര്‍ക്ക് സംഘടനയുമായുള്ള അകലം കുറയ്ക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യം.
കേരള രാഷ്ട്രീയത്തില്‍ പിടിമുറുക്കാനുള്ള തീവ്രശ്രമത്തിലാണ് ആര്‍എസ്എസ്. ഇതിന്റെ ഭാഗമായാണ് കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന പ്രസിഡന്റായി അഖിലേന്ത്യ നേതൃത്വം നിശ്ചയിച്ചിരിക്കുന്നത്. സംഘപരിവാര സംഘടനകളില്‍ നിന്നു ബിജെപി നേതൃത്വത്തിലേക്കു വരുന്ന നേതാക്കളുടെ പട്ടിക കുമ്മനം രാജശേഖരന്‍ അഖിലേന്ത്യ നേതൃത്വത്തിനു കൈമാറിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഇവരെക്കൂടി ഉള്‍പ്പെടുത്തി കേരളത്തിലെ ബിജെപി പുനസ്സംഘടിപ്പിക്കും.
Next Story

RELATED STORIES

Share it