Districts

മോഹന്‍ലാലിന് എതിരായആനക്കൊമ്പ് കേസ്: ഹരജി തള്ളി

കൊച്ചി: ചലച്ചിത്രതാരം മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജി ഹൈക്കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുകയും കക്ഷികളില്‍ നിന്ന് വാദം കേള്‍ക്കുകയും ചെയ്ത കോടതി ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും ഹരജി പൊതു താല്‍പര്യപരമായി കാണാനാവില്ലെന്നും വ്യക്തമാക്കി. തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയത്. അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് എ എ പൗലോസ് എന്നയാള്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. നടന്റെ തേവരയിലെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ നാല് ആനക്കൊമ്പുകള്‍ ആദായ നികുതി വകുപ്പ് അധികൃതര്‍ കണ്ടെത്തിയിരുന്നു. വനം വകുപ്പ് പിടിച്ചെടുത്ത ആനക്കൊമ്പുകള്‍ ബോണ്ട് കെട്ടിവച്ചതിന്റെ  അടിസ്ഥാനത്തില്‍ മോഹന്‍ലാലിന്റെ വീട്ടില്‍ തന്നെ സൂക്ഷിക്കാന്‍ തിരികെ നല്‍കി. നിയമലംഘനങ്ങള്‍ക്ക് സമ്പന്നനോ ദരിദ്രനോ എന്ന് നോക്കാതെ നടപടിയെടുക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെങ്കിലും മോഹന്‍ലാലിന്റെ കാര്യത്തില്‍ കേസില്‍ നിന്ന് ഒഴിവാക്കാനുള്ള നടപടിയാണ് ഉണ്ടാവുന്നതെന്ന് ഹരജിയില്‍ ആരോപിച്ചിരുന്നു. ഇതിന് മുമ്പും ശേഷവും സമാന കേസുകളില്‍ അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചവരെ പ്രതി ചേര്‍ക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും അതിനാല്‍ കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാരിനോട് ഉത്തരവിടണമെന്നാവശ്യപ്പെട്ടാണ് പൊതുതാല്‍പര്യ ഹരജി നല്‍കിയത്.
Next Story

RELATED STORIES

Share it