malappuram local

മോഷ്ടിച്ച ബൈക്കില്‍ കറങ്ങി മാല പൊട്ടിക്കുന്ന സംഘത്തിലെ മുഖ്യ പ്രതി പിടിയില്‍

മഞ്ചേരി: ബൈക്കും സ്വര്‍ണമാലയും കവരുന്ന സംഘത്തിലെ മുഖ്യ പ്രതിയെ മഞ്ചേരി പോലീസ് പിടികൂടി.
കോഴിക്കോട് പയ്യാനക്കല്‍ ചാമുണ്ടി വളപ്പില്‍ പുളിക്കല്‍തൊടി അബിനാസ്(33)ആണ് മഞ്ചേരി പഴയ ബസ്സ്റ്റാന്റ് പരിസരത്ത് കഴിഞ്ഞ ദിവസം രാവിലെ 10ന് പിടിയിലായത്. കേസിലെ കൂട്ടു പ്രതി മലപ്പുറം പെരിങ്ങാവ് ജാഫറി(30)നെ കഴിഞ്ഞ ദിവസം കോഴിക്കോട് പയ്യോളി പോലീസ് പിടികൂടിയിരുന്നു. ഈ സമയത്ത് അബിനാസ് രക്ഷപ്പെട്ടിരുന്നു.
ആനക്കയം പുള്ളിലങ്ങാടി പള്ളിക്കല്‍ റഫീഖിന്റെ ബൈക്ക് നഷ്ടപ്പെട്ട പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികള്‍ കൂടുങ്ങിയത്. അബിനാസിന്റെ പേരില്‍ മഞ്ചേരി, കോഴിക്കോട്, നല്ലളം,വെള്ളയില്‍,ഫറോഖ്, വടകര,പയ്യോളി, കൊയിലാണ്ടി, മലപ്പുറം, കൊണ്ടോട്ടി തുടങ്ങിയ സ്റ്റേഷനുകളില്‍ 50 ഓളം വിവിധ കേസുകളുണ്ട്.
മഞ്ചേരിയില്‍ നിന്നും മോഷണം നടത്തിയ ബൈക്കില്‍ കറങ്ങി വടകര കൈനാട്ടി കെടി ബസാറില്‍ സവിതയുടെ അഞ്ചര പവന്റെ സ്വര്‍ണമാലയും പുതുപ്പണം ശ്രീജയുടെ നാലര പവനും വടകര പൂത്തൂര്‍ രമയുടെ നാലര പവനും രാമനാട്ടുകര പാറമ്മല്‍ ബബിതയുടെ നാലര പവനും കൊയിലാണ്ടി പള്ളിക്കര രാജിയുടെ ഒരു പവനുമടക്കം 19 പവന്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് അബിനാസ് സമ്മതിച്ചു.
മാഹി റെയില്‍വേസ്റ്റേഷനില്‍ നിര്‍ത്തിയിട്ട ഒരു സ്പഌണ്ടര്‍ ബൈക്കും പ്രതി മോഷ്ടിച്ചിട്ടുണ്ട്. മഞ്ചേരിയില്‍ നിന്നും മോഷ്ടിച്ച ബൈക്കിലുണ്ടായിരുന്ന മൊബൈല്‍ ഫോണാണ് പ്രതി ഉപയോഗിച്ചിരുന്നത്.
ഈ ഫോണും ഒരു റേഷന്‍ കാര്‍ഡും പ്രതി പിന്നീട് തപാല്‍ പെട്ടിയിലിട്ടുവെന്ന് പോലീസ് പറഞ്ഞു.
നിലമ്പുര്‍ ക്ലാസിക് കോളജിനടുത്ത് ഒരു സ്ത്രീയുടെ മാല പൊട്ടിച്ചെങ്കിലും സ്വര്‍ണമല്ലെന്ന് മനസ്സിലാക്കിയതോടെ ഉപേക്ഷിച്ചു.
പുല്ലാനൂരില്‍ വെച്ച് മാല പൊട്ടിക്കുന്നതിനിടെ ജാഫറിന്റെ കൈക്ക് പരിക്കേറ്റിരുന്നു. ജാഫര്‍ ഇപ്പോള്‍ കോഴിക്കോട് ജയിലിലാണുള്ളത്. അബിനാസിനെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സി.ഐ സണ്ണി ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ എസ്.ഐ കെ എക്‌സ് സില്‍വസ്റ്റര്‍, അസൈനാര്‍, ടി ശ്രീകുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it