palakkad local

മോഷ്ടാക്കള്‍ വീണ്ടും സജീവം; 13 പവനും 10000 റിയാലും കവര്‍ന്നു

ചെര്‍പ്പുളശ്ശേരി: ഇടവേളയ്ക്കു ശേഷം നെല്ലായയിലും പരിസര പ്രദേശങ്ങളിലും മോഷ്ടാക്കള്‍ വീണ്ടും സജീവമാകുന്നു. കഴിഞ്ഞ ദിവസം നെല്ലായയിലെ വീട്ടില്‍ നിന്നും മോഷ്ടാവിന് കിട്ടിയത് മുക്കുപണ്ടമാണെങ്കില്‍ ചൊവ്വാഴ്ച്ച രാത്രിയില്‍ മോളൂരില്‍ നിന്ന് നഷ്ടപ്പെട്ടത് ലക്ഷങ്ങളാണ്.
മോളുര്‍ പള്ളിപ്പടിയില്‍ തറയിന്‍കുന്നിന്‍മേല്‍ മൊയ്തീന്‍ എന്ന വാപ്പുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. പതിമൂന്ന് പവന്‍ സ്വര്‍ണ്ണാഭരണവും പതിനായിരം റിയാലും പതിനൊന്നായിരം രൂപയമാണ് നഷ്ടപ്പെട്ടത്. വാപ്പുവിന്റെ മകള്‍ അനീസയുടെ കാലില്‍ നിന്ന് പാദസരവും അനീസയുടെ മകള്‍ നസ്രിയയുടെ പാദസരം, മാല, കൈചെയിന്‍ എന്നിവയും പൊട്ടിച്ചെടുത്തു. അനീസയുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ ബാഗടക്കം മോഷ്ടാവ് കൊണ്ടു പോയി.
മറ്റൊരു റൂമില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പതിനൊന്നായിരം രൂപ, പതിനായിരം റിയാല്‍ എന്നിവയും മൂന്ന് എ ടി എം കാര്‍ഡുകളും നഷ്ടപ്പെട്ടിട്ടുണ്ട്. വീടിന്റെ കോണിവാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച മോഷ്ടാവ് വാപ്പുവിന്റെ മകളുടെയും പേരക്കുട്ടിയുടെയും ശരീരത്തിലുണ്ടായിരുന്ന കമ്മല്‍, വള തുടങ്ങിയ ആഭരണങ്ങളൊന്നും മോഷ്ടിക്കാന്‍ ശ്രമിച്ചിട്ടില്ല. ചൂട് കാരണം റൂമുകളുടെ വാതിലുകളൊന്നും അടച്ചിരുന്നില്ല. രാത്രി പന്ത്രണ്ട് മണിക്കും പുലര്‍ച്ചെ നാലിനുമിടയിലാണ് മോഷണം നടന്നത്.
വീട്ടുകാര്‍ രാവിലെയാണ് മോഷണവിവരം അറിയുന്നത്. വിദേശത്തായിരുന്ന വാപ്പു ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്.
ചെര്‍പ്പുളശ്ശേരി പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Next Story

RELATED STORIES

Share it