Kollam Local

മോഷണസംഘത്തിലെ അംഗമായ കുട്ടിമോഷ്ടാവിനെ പോലിസ് പിടികൂടി

കൊല്ലം: മോഷണസംഘത്തിലെ അംഗമായ കുട്ടിമോഷ്ടാവിനെ ശക്തികുളങ്ങര പോലിസ് പിടികൂടി. ഇന്നലെ പുലര്‍ച്ചെ ശക്തികുളങ്ങര വെണ്‍കുളങ്ങര നഗറിലെ ജ്വലറിക്ക് സമീപം മോട്ടോര്‍സൈക്കിളുമായി സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട ആലപ്പുഴ എടത്വാ സ്വദേശിയെയാണ് രാത്രികാല പരിശോധന നടത്തുകയായിരുന്ന എസ്‌ഐ കെ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പ്രതിയുടെ കൈവശമുള്ള ബൈക്കിനെക്കുറിച്ച് ചോദ്യംചെയ്തതില്‍ മൂന്നുമാസങ്ങള്‍ക്ക് മുമ്പ് തൃശൂര്‍ സ്വദേശിയായ സജു, എറണാകുളം സ്വദേശിയായ ജിത്തു എന്നിവരുമായി ചേര്‍ന്ന് മൈനാഗപ്പള്ളി തെങ്ങുതടത്തില്‍ മുക്കിന് സമീപം രൂപേഷിന്റെ കാര്‍ പോര്‍ച്ചില്‍നിന്നും മോഷ്ടിച്ചതാണെന്ന് വ്യക്തമായി. ആഗസ്ത് 13ന് കാവനാട് ജങ്ഷന് സമീപം സ്ഥിതിചെയ്യുന്ന ഉദയകുമാറിന്റെ ടാകില്‍സ് എന്ന തുണികടയുടെ മേല്‍ക്കൂരയിളക്കി വസ്ത്രങ്ങളും 3500രൂപയും മോഷ്ടിച്ചത് ഇയാളും കൂട്ടുകാരും ചേര്‍ന്നാണെന്ന് സമ്മതിച്ചു. നീണ്ടകര ഹാര്‍ബറിലെ മല്‍സ്യബന്ധനബോട്ടില്‍ രാത്രിയില്‍ ജോലിക്ക് പോകുന്നെന്ന വ്യാജേനയാണ് പ്രതി മോഷണം നടത്തുന്നത്. പ്രതിയെക്കുറിച്ച് സ്വദേശമായ എടത്വാ പോലിസ്‌സറ്റേഷനില്‍ അന്വേഷണം നടത്തിയപ്പോഴാണ് കുട്ടിമോഷ്ടാവിന്റെ പേരില്‍ മൂന്ന് കേസുകള്‍ നിലവിലുണ്ടെന്നും പിടികൂടാന്‍ സാധിച്ചിട്ടില്ലെന്നും വിവരം ലഭിച്ചത്. അതില്‍ രണ്ടുകേസുകള്‍ വാഹനമോഷണത്തിനാണെന്നും മറ്റൊന്ന് എടത്വായിലെ സിവില്‍ സപ്ലൈസ് ഓഫിസില്‍നിന്നും 96000രൂപ മോഷ്ടിച്ചതിനുമാണ്. പ്രതിയെ പിടികൂടിയ ശക്തികുളങ്ങര എസ്‌ഐ കെ വിനോദിനൊപ്പം അഡീഷനല്‍ എസ്‌ഐമാരായ ഉണ്ണി, മോഹനന്‍, എഎസ്‌ഐമാരായ അജയകുമാര്‍, അനില്‍കുമാര്‍, സീനിയര്‍ സിപിഒമാരായ ജയലാല്‍, ആന്റണി എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it