ernakulam local

മോഷണം തുടര്‍ക്കഥ; പ്രതിഷേധം വ്യാപകം

ആലുവ: ടൗണിലും പരിസര പ്രദേശങ്ങളിലും മോഷണം തുടര്‍ക്കഥയാവുന്നു. ഇന്നലെ ചാലയ്ക്കല്‍ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്ത മാരുതി 800 കാര്‍ മോഷണംപോയിരുന്നു.
മാധ്യമപ്രവര്‍ത്തകനായ താഴത്ത് വീട്ടില്‍ സിയാദിന്റെ കാറാണ് നേരം പുലര്‍ന്നുനോക്കിയപ്പോള്‍ മോഷ്ടിക്കപ്പെട്ടതായി കണ്ടത്. കഴിഞ്ഞ കുറേ നാളുകളായി ആലുവയില്‍ നടക്കുന്ന പല മോഷണക്കേസുകളിലേയും പ്രതികളെ അറസ്റ്റുചെയ്യാന്‍ പോലിസിനായിട്ടില്ല.
അടുത്തിടെ ആലുവ അശോകപുരം കൊച്ചിന്‍ ബാങ്ക് ജങ്ഷനില്‍ എട്ടോളം കടകളില്‍നടന്ന മോഷണം ആലുവ ടൗണിനകത്ത് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് ഒരു വെള്ളി ആഭരണക്കടയും, സമീപ കടകളും കുത്തിത്തുറന്ന് നടത്തിയ മോഷണം എന്നിവിടങ്ങളിലെ പ്രതികളെ കിട്ടാതെ ആലുവ പോലിസ് ഇരുട്ടില്‍ തപ്പുകയാണ്.
ടൗണില്‍ പട്ടാപകല്‍ പോലും കവര്‍ച്ച നടത്തുന്നത് പതിവായിരിക്കുന്നു. കഴിഞ്ഞ ശിവരാത്രി തലേന്ന് ആലുവ ടൗണില്‍ രണ്ടിടത്തായി സ്ത്രീകളെ ആക്രമിച്ച് കവര്‍ച്ച നടത്താന്‍ ശ്രമം നടന്നു.
ആലുവ കൊട്ടാരത്തിന് സമീപം നെഹ്‌റു പാര്‍ക്ക് അവന്യുവില്‍ ഉച്ചയോടെ ശുചിമുറിയിലേക്ക് കയറിയ സ്ത്രീയെ ആക്രമിച്ച് കവര്‍ച്ച നടത്താന്‍ ശ്രമം നടന്നു. സ്ത്രീയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ശുചിമുറിയുടെ വാതില്‍ തകര്‍ത്ത് അക്രമിയെ പിടികൂടി പോലിസിലേല്‍പിക്കുകയായിരുന്നു.
അതേ ദിവസം തന്നെ നഗരസഭ ശുചീകരണത്തൊഴിലാളിയായ സ്ത്രീയെ രാവിലെ ജോലിക്കിടയില്‍ തസ്‌ക്കരന്‍ പതിയിരുന്നാക്രമിച്ച് മാലപറിച്ചെടുത്ത് താഴ്ചയുള്ള എസ്എന്‍ഡിപി സ്‌കൂളിന്റെ പടവുകളിലേക്ക് തള്ളിയിട്ട ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ശിവരാത്രി തലേന്ന് രാത്രി ബൈക്ക് കവര്‍ച്ച നടത്താന്‍ ശ്രമിച്ചവരേയും നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പിച്ചിരുന്നു. ആലുവയിലും പരിസര പ്രദേശങ്ങളിലും നടന്ന വന്‍കവര്‍ച്ചകള്‍ക്കും യാതൊരു തുമ്പും കിട്ടാതെ പോലിസ് വലയുകയാണ്. കഴിഞ്ഞ വര്‍ഷം ആലുവ പുളിഞ്ചോടിനടുത്ത് താമസിക്കുന്ന പൈജാസ് ഇബ്രാഹിം എന്ന വ്യാപാരിയുടെ വീട്ടില്‍ നടന്ന 300 പവനും ഒരു ലക്ഷം രൂപയും കവര്‍ച്ച ചെയ്ത സംഭവത്തില്‍ പോലിസ് ഒരു മാസത്തോളം കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലുമൊക്കെ കവര്‍ച്ചാസംഘത്തിന്റെ പിന്നാലെ തേടി അലഞ്ഞെങ്കിലും ഒരു എത്തും പിടിയും കിട്ടാതെ മടങ്ങുകയായിരുന്നു.
പണവും ആഭരണങ്ങളും ഇരുന്നിരുന്ന സേഫിന്റെ ബോക്‌സ് അതേപടി കടത്തിയത് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുറന്നിട്ട നിലയില്‍ കളമശ്ശേരി എച്ച്എംടിക്ക് സമീപമുള്ള വയലില്‍നിന്ന് കണ്ടെടുക്കുകയുണ്ടായി. മോഷ്ടാക്കള്‍ എന്നു സംശയിച്ചിരുന്ന മൂന്നുപേരെയാണ് പോലിസ് പിന്തുടര്‍ന്നത്.
ഒടുവില്‍ ആരെയും കിട്ടാതെ ആ ക്രൈംഫയല്‍ ആലുവ സ്റ്റേഷനില്‍ വിശ്രമം കൊള്ളുകയാണ്. എടത്തല പഞ്ചായത്തിലെ മണലിമുക്കില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന നബീസ(56)യെ ആക്രമിച്ച് കൊലപ്പെടുത്തി സ്വര്‍ണമാല കവര്‍ന്ന കേസിലെ മുഖ്യപ്രതിയെയും ഇനിയും പിടികൂടാനായിട്ടില്ല. 2014ല്‍ തോട്ടയ്ക്കാട്ടുകരയില്‍ ഒരു കടയില്‍ നടന്ന കളവിലെ പ്രതികളെ ആലുവ പോലിസ് മൂന്നു ദിവസത്തിനുള്ളില്‍ പിടികൂടിയെങ്കിലും, യഥാര്‍ഥ പ്രതി മറ്റൊരാളായിരുന്നു എന്ന് പിന്നീട് പത്രവാര്‍ത്തയുണ്ടായി. മാവേലിക്കരയ്ക്കടുത്തുള്ള ഒരു സ്റ്റേഷനില്‍ പിടികൂടിയ പ്രതി തോട്ടയ്ക്കാട്ടുകരയില്‍ മോഷണം നടത്തിയത് താനായിരുന്നു എന്ന് ഏല്‍ക്കുകയായിരുന്നു. ഇതിനുപുറമേ ധാരാളം മോഷണക്കേസുകള്‍ ആലുവ സ്റ്റേഷനില്‍ തെളിയിക്കപ്പെടാതെ കെട്ടിക്കിടക്കുന്നുണ്ടത്രെ. അടുത്തിടെ സ്ത്രീകളെ ആക്രമിച്ച് കവര്‍ച്ച ചെയ്യുന്ന കള്ളന്മാര്‍വരെ നഗരത്തില്‍ ഇറങ്ങിയിരിക്കുന്നു എന്ന് വാര്‍ത്ത വന്നതോടെ നഗരത്തിലൂടെ നടക്കാന്‍ സ്ത്രീകള്‍ ഭയപ്പെടുകയാണ്. ടൗണിലെ ഒഴിഞ്ഞ മൂലകളില്‍ പതുങ്ങിയിരുന്ന് ആരുടെ മേലാണ് ഇവന്‍ പതുങ്ങിവീഴുക എന്ന ഭീതിയിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it