മോശക്കാരനായി ചിത്രീകരിച്ച് തോല്‍പ്പിച്ചെന്ന് കെ ബാബു

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി എം സുധീരനെതിരേ പരോക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി കെ ബാബു. മോശക്കാരനായി ചിത്രീകരിച്ച് തന്നെ തോല്‍പ്പിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തല്‍.
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അനിശ്ചിതത്വം തനിക്ക് പാര്‍ട്ടിക്ക് വേണ്ടാത്ത സ്ഥാനാര്‍ഥിയെന്ന പ്രതിച്ഛായ നല്‍കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നന്ദി പറയാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തോല്‍വിക്ക് പിന്നില്‍ പാര്‍ട്ടി നേതൃത്വമല്ലേ എന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോശക്കാരനാക്കിയത് ആരാണെന്ന് നിങ്ങള്‍ തീരുമാനിക്കൂവെന്ന് അദ്ദേഹം മറുപടി നല്‍കി. മദ്യനയം തോല്‍വിക്ക് കാരണമായെന്ന് കരുതുന്നില്ല. പുതിയ സര്‍ക്കാര്‍ മദ്യനയം അട്ടിമറിക്കില്ലെന്ന് പ്രതീക്ഷിക്കാനുള്ള സാഹചര്യമില്ല. പരാജയം ആരുടെയും തലയില്‍ കെട്ടിവയ്ക്കാനില്ല. കെപിസിസി സംസ്ഥാന എക്‌സിക്യൂട്ടീവ് നടക്കുന്നതിനിടെ ഒന്നും പറയാനില്ലെന്നും ബാബു പറഞ്ഞു.
എല്‍ഡിഎഫ് പോലും പ്രതീക്ഷിക്കാത്ത തോല്‍വിക്ക് ബിഡിജെഎസ് സാന്നിധ്യവും പ്രധാനമന്ത്രിയുടെ പ്രചാരണവും കാരണമായിട്ടുണ്ട്. മോദിയുടെ സന്ദര്‍ശനത്തെതുടര്‍ന്ന് മുസ്‌ലിം വിഭാഗത്തിനുണ്ടായ ഭീതി എല്‍ഡിഎഫ് പ്രയോജനപ്പെടുത്തി. സാധാരണ കോ ണ്‍ഗ്രസ് പ്രവര്‍ത്തകനായും മു ന്‍ എംഎല്‍എ ആയും പ്രവര്‍ത്തിക്കും. ഒരു സര്‍ക്കാരിനും കഴിയാതിരുന്ന വികസനം നടപ്പാക്കാനായതിന്റെ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും ബാബു കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it