wayanad local

മോഴയാനയ്ക്ക് റേഡിയോ കോളര്‍; രണ്ടാം ദിവസവും ശ്രമം പാളി

മാനന്തവാടി: ശല്യക്കാരനായ കാട്ടാനയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ശ്രമം രണ്ടാം ദിവസവും വിജയിച്ചില്ല. വ്യാപക തിരച്ചില്‍ നടത്തിയിട്ടും ഭീഷണിയായ മോഴയാനയെ കണ്ടെത്താനായില്ല. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലാണ് ശല്യക്കാരനായ മോഴയാനയ്ക്കായുള്ള തിരച്ചില്‍ തുടങ്ങിയത്.
തോല്‍പ്പെട്ടിയിലും സമീപ പ്രദേശങ്ങളിലും ദിവസങ്ങളായി ആന വന്‍ നാശനഷ്ടമാണ് വരുത്തിയത്. കൃഷിയിടങ്ങള്‍, വന്യജീവിസങ്കേതത്തോട് ചേര്‍ന്നുള്ള എസ്‌റ്റേറ്റുകള്‍ എന്നിവിടങ്ങളിലെല്ലാം തന്നെ മോഴയാന വ്യാപക നാശം വരുത്തി. കഴിഞ്ഞ ദിവസം തോല്‍പ്പെട്ടി പാറക്കണ്ടി റഫീഖിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പ് കാട്ടാന അടിച്ചു തകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ രോഷാകുലരായ ജനക്കൂട്ടം ഡിഎഫ്ഒ അടക്കമുള്ളവരെ തടഞ്ഞുവച്ചു. ജീപ്പ് തകര്‍ത്തതും മോഴയാനയാണെന്നു വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ആനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയെന്ന ഉദ്ദേശ്യത്തോടെ റേഡിയോ കോളര്‍ ഘടിപ്പിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചത്. അക്രമാസക്തമായ നീക്കങ്ങള്‍ അപ്പപ്പോള്‍ നിരീക്ഷിക്കുക എന്നതാണ് റേഡിയോ കോളര്‍ ഘടിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം.
ഇതിനായി മുത്തങ്ങയില്‍ നിന്നു കുങ്കിയാനകളായ പ്രമുഖ, കുഞ്ചു എന്നിവയെയും ഞായറാഴ്ച തോല്‍പ്പെട്ടിയില്‍ എത്തിച്ചിരുന്നു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ് കുമാര്‍, തോല്‍പ്പെട്ടി വാല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ കെ ഗോപാലന്‍ എന്നിവരുടെ നേതൃത്വത്തിണ് തിരച്ചില്‍.
Next Story

RELATED STORIES

Share it