മോദി സൗദി സന്ദര്‍ശനത്തിന്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം സൗദി അറേബ്യ, അമേരിക്ക, ബെല്‍ജിയം എന്നീ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കും. മാര്‍ച്ച് 30ന് ഇന്ത്യ-യൂറോപ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനുവേണ്ടി ബെല്‍ജിയത്തിലെത്തുന്ന മോദി 31ന് വാഷിങ്ടണിലെ ആണവ സുരക്ഷാ ഉച്ചകോടിയില്‍ സംബന്ധിക്കുന്നതിന് വാഷിങ്ടണ്ണിലെത്തും. ഏപ്രില്‍ രണ്ടിനാണ് മോദി സൗദി അറേബ്യ സന്ദര്‍ശിക്കുന്നത്.
ആറു വര്‍ഷത്തിന് ശേഷം ഒരിന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് സൗദിയിലെത്തുന്നത്. വ്യാപാരം, ഊര്‍ജം അടക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള വിഷയങ്ങളില്‍ മോദി സൗദി ഭരണാധികാരികളുമായി ചര്‍ച്ചനടത്തും.
ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അഞ്ചിലൊന്ന് സൗദിയില്‍ നിന്നാണ്. ഇന്ത്യയുമായി വ്യാപാരബന്ധം പുലര്‍ത്തുന്ന ഏറ്റവും വലിയ നാലാമത്തെ രാജ്യമാണ് സൗദി.അണുശക്തി സുരക്ഷാ ഉച്ചകോടി നടക്കുന്ന വാഷിങ്ടണ്ണില്‍ പാകിസ്താനില്‍ നിന്നടക്കം 50 രാഷ്ട്രങ്ങളില്‍ നിന്നുള്ള തലവന്മാര്‍ പങ്കെടുക്കും.
അവിടെ മോദി-ശരീഫ് കൂടിക്കാഴ്ച നടക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുന്നുണ്ടെങ്കിലും പാരിസിലും ലാഹോറിലും വച്ചുനടക്കുന്ന സംഭാഷണങ്ങളുടെ തുടര്‍ച്ച ഉണ്ടാകുമെന്നാണ് സൂചന. പത്താന്‍കോട്ട് ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യാ-പാക് വിദേശ സെക്രട്ടറിതല ചര്‍ച്ചകള്‍ മാറ്റിവച്ചിരുന്നു. നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബെല്‍ജിയത്തില്‍ ഇന്ത്യ-യൂറോപ് ഉച്ചകോടി നടക്കുന്നത്.
Next Story

RELATED STORIES

Share it