മോദി സര്‍ക്കാര്‍ ഭരണഘടനയെ അട്ടിമറിക്കുന്നു: സച്ചിദാനന്ദന്‍

ബംഗളൂരു: ജനാധിപത്യത്തെ ഉപയോഗിച്ച് ഭരണഘടനയെ അട്ടിമറിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രശസ്ത കവി സച്ചിദാനന്ദന്‍. സേവ് ഇന്ത്യ ഫോറം ബംഗളൂരു കബ്ബണ്‍ പാര്‍ക്കിലെ ഗവ. സെക്രട്ടേറിയറ്റ് ക്ലബ്ബില്‍ സംഘടിപ്പിച്ച ദേശീയ ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയെ ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുകയാണു ചെയ്തിരുന്നതെങ്കില്‍ ജനാധിപത്യത്തെ ഉപയോഗിച്ച് ഭരണഘടനയെ അട്ടിമറിക്കുകയാണ് ഇപ്പോള്‍ മോദി ചെയ്യുന്നത്. ക്ലാസിക്കല്‍ ഫാഷിസത്തിന്റെ എല്ലാ ലക്ഷണങ്ങളും സുവ്യക്തമാവുന്ന ഇക്കാലത്ത് ഭരണഘടനയെ സംരക്ഷിക്കാനുള്ള ഏതു ശബ്ദവും വിപ്ലവകരമായ പോരാട്ടമായി മാറുകയാണ്. ജനാധിപത്യവും മതേതരമൂല്യങ്ങളും സംരക്ഷിക്കാന്‍ ഓരോ ദേശാഭിമാനിയും പ്രതിജ്ഞയെടുത്തേ മതിയാവൂ.എതിരഭിപ്രായമുള്ളവരെ നിശ്ശബ്ദരാക്കുക, വേണ്ടിവന്നാല്‍ കൊലപ്പെടുത്തുക എന്ന പ്രവണത ശക്തിപ്രാപിച്ചിരിക്കുന്നു. ജനതയെ വിഭജിച്ച് വിദ്വേഷത്തിന്റെ രാഷ്ട്രീയം വളര്‍ത്തുന്നത് മതേതര ഭരണഘടനയ്ക്കു വിരുദ്ധമാണ്. ഗവണ്‍മെന്റ്തന്നെ ഭരണഘടനയെ ബോധപൂര്‍വം അട്ടിമറിക്കുന്ന കാഴ്ചകളാണ് അരങ്ങേറുന്നത്. ഭരണാധികാരികളുടെ പ്രസ്താവനകള്‍ ഇതിനുള്ള ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
സേവ് ഇന്ത്യ ഫോറം പ്രസിഡന്റ് ഗോപാല്‍മേനോന്‍ അധ്യക്ഷത വഹിച്ചു. യോഗേഷ് മാസ്റ്റര്‍ രചിച്ച പുരസ്‌കാര തിരസ്‌കാര എന്ന പുസ്തകം ശശിദേഷ് പാണ്ഡെയ്ക്കു നല്‍കി പ്രഫ. കെ സച്ചിദാനന്ദന്‍ പ്രകാശനം ചെയ്തു. റഹ്മത്ത് തരിക്കരെ, സതീഷ് ജാവര ഗൗഡ, കെ എം ശരീഫ്, മുദ്ദു തീര്‍ത്തഹള്ളി, വീരണ്ണ മഡിവാള, സംഘമേഷ് മെന്‍സിന്‍കായ, ഹനുമന്ത, ജി എന്‍ രഘുനാഥ റാവു, അരുണ്‍ ജോലാധ കുഡ്‌ലികി, ഉച്ചങ്കി പ്രസാദ്, പ്രദീപ് ഉഷസ്, യോഗേഷ് മാസ്റ്റര്‍, ഫാ. മനോഹര്‍ ചന്ദ്രപ്രസാദ് സംസാരിച്ചു.
Next Story

RELATED STORIES

Share it